പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയോട് തോല്‍വി വഴങ്ങിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പെപ് ഗ്വാര്‍ഡിയോളയുടെ സംഘം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കിയത്.
മത്സരത്തിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രകടനത്തില്‍ നിരാശ് രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഫ്രഞ്ച് പരിശീലകന്‍ ആഴ്‌സീന്‍ വെങ്ങര്‍. ടീമിന്റെ നിലവാരവും ആത്മവിശ്വാസവും നഷ്ടപ്പെട്ടുവെന്നും അവരെവിടെയാണ് ഇംപ്രൂവ് ചെയ്യേണ്ടതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബീ ഇന്‍ സ്‌പോര്‍ട്‌സിനോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘അവരെവിടെയാണ് ഇംപ്രൂവ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ഈ ടീമിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അവരുടെ നിലവാരവും സ്പിരിറ്റും നഷ്ടപ്പെട്ടതായാണ് കാണുന്നത്,’ വെങ്ങര്‍ പറഞ്ഞു.
അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റിക്കായി എര്‍ലിങ് ഹാലണ്ട് ഇരട്ട ഗോളുകളും ഫില്‍ ഫോഡന്‍ ഒരു ഗോളും നേടി. പ്രീമിയര്‍ ലീഗില്‍ ഇതുവരെ നടന്ന 10 മത്സരങ്ങളില്‍ അഞ്ച് ജയവം മൂന്ന് തോല്‍വിയും രണ്ട് സമനിലയുമായി 15 പോയിന്റോടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
ഇത്രത്തന്നെ മത്സരങ്ങളില്‍ നിന്ന് എട്ട് ജയവും രണ്ട് സമനിലയുമായി 24 പോയിന്റോടെ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്താണ്. രണ്ട് പോയിന്റെ വ്യത്യാസത്തില്‍ ടോട്ടന്‍ഹാം ഹോട്സപറാണ് ഒന്നാം സ്ഥാനത്ത്.
നവംബര്‍ രണ്ടിന് ന്യൂകാസിലിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം.
Content Highlights: Arsene Wenger worrying about Manchester United’s performance