ഇന്ത്യന്‍ ഫുട്‌ബോള്‍ അധികം വൈകാതെ വളരും; പ്രതീക്ഷകള്‍ പങ്കുവെച്ച് ആഴ്‌സീന്‍ വെങ്ങര്‍
Football
ഇന്ത്യന്‍ ഫുട്‌ബോള്‍ അധികം വൈകാതെ വളരും; പ്രതീക്ഷകള്‍ പങ്കുവെച്ച് ആഴ്‌സീന്‍ വെങ്ങര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st November 2023, 2:21 pm

നിലവിലെ ഫിഫ ഗ്ലോബല്‍ ഫുട്‌ബോള്‍ ഡെവലപ്‌മെന്റ് ചീഫും ആഴ്സണല്‍ ഇതിഹാസ പരിശീലകനുമായ ആഴ്‌സീന്‍ വെങ്ങര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗങ്ങളെ കാണുന്നതിനായി ഇന്ത്യയിലെത്തിയിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി സാധ്യതകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് വെങ്ങര്‍.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയില്‍ വലിയ പ്രതീക്ഷകള്‍ ഉണ്ടെന്നാണ് വേങ്ങര്‍ പറഞ്ഞത്.

‘ഇന്ത്യയിലേക്ക് വരുന്നത് എനിക്ക് എപ്പോഴും ഇഷ്ടമാണ്. ലോകത്തെല്ലായിടത്തും ഫുട്‌ബോള്‍ മെച്ചപ്പെടുത്തുക എന്നതാണ് എന്റെ ലക്ഷ്യം. 1.4 ബില്യണ്‍ വലിയ ജനസംഖ്യ വരുന്ന ഇന്ത്യയെ പോലുള്ള ഒരു രാജ്യം ഫുട്‌ബോള്‍ ഭൂപടങ്ങളില്‍ ഇല്ല എന്നത് അവിശ്വസനീയമാണ്. ഇവിടത്തെ ഫുട്‌ബോളിന് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നതില്‍ എനിക്ക് വളരെയധികം ശുഭാപ്തി വിശ്വാസമുണ്ട്. കാരണം ഇവിടെ മികച്ച സൗകര്യങ്ങളും ഗുണനിലവാരവും ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ ഇത് മികച്ച ഒരു അവസരമാണ്. ഇന്ത്യയിലെ ഫുട്‌ബോളിനെ വികസിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. വളരെ ചെറിയ സമയത്തിനുള്ളില്‍ അധികം വൈകാതെ തന്നെ ഇത് സാധ്യമാകും ,’ ആഴ്‌സീന്‍ വെങ്ങര്‍ ഇന്ത്യന്‍ എക്‌സ്‌പ്രെസിനോട് പറഞ്ഞു.

ഗ്രാസ് റൂട്ട് മുതല്‍ സീനിയര്‍ ടീം വരെ താരങ്ങളെ വളര്‍ത്തിയെടുക്കുന്നത് എങ്ങനെയാണെന്നും വെങ്ങര്‍ പങ്കുവെച്ചു.

‘ഫുട്‌ബോള്‍ ഒരു സാങ്കേതിക കായിക ഇനമാണ്. അഞ്ച് വയസ് മുതല്‍ 15 വരെയുള്ള കളിക്കാരെ ഉയര്‍ന്ന നിലവാരത്തില്‍ മികച്ച സാങ്കേതികവിദ്യയോടെ വളര്‍ത്തിയെടുക്കുക എന്നത് പ്രധാനമാണ്. അതിനാല്‍ യുവ കളിക്കാരെ തെരെഞ്ഞെടുത്തുകൊണ്ട് അവരെ മികച്ച രീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നല്ല പ്രതിഭയുള്ള താരങ്ങളെ തിരിച്ചറിയുകയും അവരെ ഒരുമിച്ചു കൊണ്ടുവരുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,’ വെങ്ങര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഫുട്‌ബോള്‍ സാഹചര്യങ്ങള്‍ കൂടുതല്‍ പഠിക്കുന്നതിനായി കുറച്ചു ദിവസങ്ങളില്‍ ആഴ്‌സീന്‍ വെങ്ങര്‍ ഇന്ത്യയില്‍ ഉണ്ടാവും.

നിലവില്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ കീഴില്‍ ഫിഫ റാങ്കിങ്ങില്‍ 102 സ്ഥാനത്താണ് ഇന്ത്യ. നിലവില്‍ 2026 യോഗ്യത മത്സരത്തില്‍ കുവൈത്തിനെ തകര്‍ത്ത് ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ലോകകപ്പ് യോഗ്യത മത്സരത്തില്‍ നവംബര്‍ 21ന് ഇന്ത്യ ഖത്തറിനെ നേരിടും.

Content Highlight: Arsene Wenger talks about the future of Indian football.