രാഷ്ട്രീയം കളിക്കാൻ വന്നവരല്ല, മത്സരത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചവരാണ് ലോകകപ്പിൽ മുന്നേറുന്നത്: പരാമർശവുമായി വെങ്ങർ
Football
രാഷ്ട്രീയം കളിക്കാൻ വന്നവരല്ല, മത്സരത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചവരാണ് ലോകകപ്പിൽ മുന്നേറുന്നത്: പരാമർശവുമായി വെങ്ങർ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th December 2022, 9:34 pm

ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിലെത്തി നിൽക്കുമ്പോൾ വിവിധ ടീമുകളെ കുറിച്ചുള്ള തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് മുൻ ആഴ്സണൽ കോച്ച് ആഴ്സെൻ വെങ്ങർ. രാഷ്ട്രീയ പ്രകടനങ്ങളിലുപരി മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ടീമുകളാണ് ലോകകപ്പിൽ മുന്നേറുന്നതാണ് വെങ്ങർ പറഞ്ഞത്.

ജർമനിയെയും ഡെൻമാർക്കിനെയും പോലെ രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചവർക്ക് ​ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകേണ്ട അവസ്ഥയാണുണ്ടായതെന്നും നിലവിൽ ഫിഫയുടെ ആഗോള ഫുട്ബോൾ വികസന മേധാവിയായ വെങ്ങർ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ വിഷയത്തിൽ പ്രതികരണമറിയിച്ചത്.

ഒരു ലോകകപ്പിൽ കളിക്കുമ്പോൾ ആദ്യ ഘട്ടത്തിൽ തന്നെ പുറത്താകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഫ്രാൻസ്, ഇം​ഗ്ലണ്ട്, ബ്രസീൽ പോലെ മുൻ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച, പരിചയ സമ്പന്നരായ ടീമുകൾ മുന്നേറുന്നതാണ് കാണുന്നത്.

അവർക്കൊപ്പം മാനസികമായി ലോകകപ്പിന് വേണ്ടി തയ്യാറെടുത്തുവന്ന, രാഷ്ട്രീയത വെച്ചു പുലർത്താതെ മത്സരത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ടീമുകളും മുന്നേറുന്നുണ്ട്, വെങ്ങർ വ്യക്തമാക്കി.

ആദ്യ മത്സരത്തിൽ ഫിഫക്കും ഖത്തറിനുമെതിരെ വായ പൊത്തി പ്രതിഷേധിച്ച ജർമനി ആ കളിയിൽ തോൽക്കുകയും ആദ്യ റൗണ്ടിൽ തന്നെ പുറത്താവുകയും ചെയ്തിരുന്നു. അതിനെ ചൂണ്ടിക്കാട്ടിയായിരുന്നു വെങ്ങറുടെ പരാമർശം.

അതേസമയം തന്റെ ടീമായ ഫ്രാൻസിന് പിന്തുണയറിയിച്ച വെങ്ങർ ടീം ശക്തമായ പോരാട്ടത്തിലാണെന്നും മുൻ ചാമ്പ്യന്മാർകൂടിയായ അവർ ജയത്തിനായി കഠിനാദ്ധ്വാനം ചെയ്യുകയാണെന്നും കൂട്ടിച്ചേർത്തു. ​

ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിൽ ഇടം പിടിച്ച ഫ്രാൻസ് പ്രീ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.

ഡിസംബർ 11ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇം​ഗ്ലണ്ട് ആണ് ഫ്രാൻസിന്റെ എതിരാളികൾ.

Content Highlights: Arsene Wenger says teams who avoided political demonstrations played better at the World Cup this year