ഫിഫ ലോകകപ്പ് 2026; ഫോര്‍മാറ്റ് ഉടന്‍ പ്രഖ്യാപിക്കും; ഇന്ത്യക്ക് ശുഭസൂചന
Football
ഫിഫ ലോകകപ്പ് 2026; ഫോര്‍മാറ്റ് ഉടന്‍ പ്രഖ്യാപിക്കും; ഇന്ത്യക്ക് ശുഭസൂചന
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th December 2022, 10:51 am

ഫിഫ ലോകകപ്പ് 2026ന്റെ ഫോര്‍മാറ്റ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യു.എസ്, മെക്‌സികോ, കാനഡ എന്നീ രാജ്യങ്ങളാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുക.

മൂന്ന് ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകള്‍ എന്നതിന് പകരം നാല് ടീമുകള്‍ വീതമുളള 12 ഗ്രൂപ്പുകളാണ് മത്സരത്തിനുണ്ടാവുകയെന്ന് ഫിഫയുടെ ആഗോള വികസന മേധാവി ആഴ്‌സെന്‍ വെങ്ങര്‍ അറിയിച്ചു.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും നാല് ടീമുകള്‍ വീതമുള്ള 12 ഗ്രൂപ്പകളോ അല്ലെങ്കില്‍ 24 ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളോ ആയി മാറാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫിഫ ടെക്‌നിക്കല്‍ സ്റ്റഡി ഗ്രൂപ്പിന് വേണ്ടി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

48 ടീമുകളെ ഉള്‍പ്പെടുത്തിയുള്ള ലോകകപ്പ് വരുന്നതോടെ ഏഷ്യയില്‍ നിന്നടക്കം കൂടുതല്‍ ടീമുകള്‍ക്ക് പങ്കെടുക്കാനുള്ള അവസരം ഒരുങ്ങും. ഇത് ഇന്ത്യക്കും ലോകകപ്പ് കളിക്കാന്‍ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളാണ് ഖത്തറിലേത് എന്ന് ഫിഫ അധ്യക്ഷന്‍ ജിയോനി ഇന്‍ഫാന്റിനോ പറഞ്ഞു.

ഇത്തവണ ചെറിയ ടീമെന്നോ വലിയ ടീമെന്നോ ഉളള വേര്‍തിരിവില്ലെന്നും ചരിത്രത്തിലാദ്യമായി എല്ലാ കോണ്‍ഫെഡറേഷനുകളില്‍ നിന്നും ടീമുകള്‍ നോക്കൗട്ട് ഘട്ടത്തിലെത്തിയതും ഫുട്‌ബോളിന്റെ ആഗോളസ്വീകാര്യതയ്ക്ക് തെളിവാണെന്നും ഇന്‍ഫാന്റിനോ കൂട്ടിച്ചേര്‍ത്തു.

ചരിത്രത്തിലാദ്യമായാണ് എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ നോക്കൗട്ടിലേക്ക് കടക്കുന്നത്.

Content Highlights: Arsene Wenger says FIFA is considering 3 possible formats for the 2026 World Cup