| Tuesday, 6th December 2022, 3:43 pm

ഖത്തറില്‍ രാഷ്ട്രീയം കളിക്കാന്‍ വന്നവര്‍ തോറ്റുപുറത്തായി; മറ്റു ടീമുകള്‍ ജയിച്ചുമുന്നേറുന്നു: ആഴ്‌സെന്‍ വെങ്ങര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറിലെത്തി നില്‍ക്കുമ്പോള്‍ വിവിധ ടീമുകളെ കുറിച്ച് വിവാദ പരാമര്‍ശം നടത്തി മുന്‍ ആഴ്‌സണല്‍ കോച്ച് ആഴ്‌സെന്‍ വെങ്ങര്‍. രാഷ്ട്രീയ പ്രകടനങ്ങളിലുപരി മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ടീമുകളാണ് ലോകകപ്പില്‍ മുന്നേറുന്നതാണ് വെങ്ങര്‍ പറഞ്ഞത്.

ജര്‍മനിയെയും ഡെന്‍മാര്‍ക്കിനെയും പോലെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകേണ്ട അവസ്ഥയാണുണ്ടായതെന്നും നിലവില്‍ ഫിഫയുടെ ആഗോള ഫുട്‌ബോള്‍ വികസന മേധാവിയായ വെങ്ങര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരണമറിയിച്ചത്.

ഒരു ലോകകപ്പില്‍ കളിക്കുമ്പോള്‍ ആദ്യ ഘട്ടത്തില്‍ തന്നെ പുറത്താകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഫ്രാന്‍സ്, ഇം?ഗ്ലണ്ട്, ബ്രസീല്‍ പോലെ മുന്‍ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച, പരിചയ സമ്പന്നരായ ടീമുകള്‍ മുന്നേറുന്നതാണ് കാണുന്നത്.

അവര്‍ക്കൊപ്പം മാനസികമായി ലോകകപ്പിന് വേണ്ടി തയ്യാറെടുത്തുവന്ന, രാഷ്ട്രീയത വെച്ചു പുലര്‍ത്താതെ മത്സരത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ടീമുകളും മുന്നേറുന്നുണ്ട്, വെങ്ങര്‍ വ്യക്തമാക്കി.

ആദ്യ മത്സരത്തില്‍ ഫിഫക്കും ഖത്തറിനുമെതിരെ വായ പൊത്തി പ്രതിഷേധിച്ച ജര്‍മനി ആ കളിയില്‍ തോല്‍ക്കുകയും ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുകയും ചെയ്തിരുന്നു. അതിനെ ചൂണ്ടിക്കാട്ടിയായിരുന്നു വെങ്ങറുടെ പരാമര്‍ശം.

അതേസമയം തന്റെ ടീമായ ഫ്രാന്‍സിന് പിന്തുണയറിയിച്ച വെങ്ങര്‍ ടീം ശക്തമായ പോരാട്ടത്തിലാണെന്നും മുന്‍ ചാമ്പ്യന്മാര്‍കൂടിയായ അവര്‍ ജയത്തിനായി കഠിനാദ്ധ്വാനം ചെയ്യുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടില്‍ ഇടം പിടിച്ച ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ഡിസംബര്‍ 11ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇം?ഗ്ലണ്ട് ആണ് ഫ്രാന്‍സിന്റെ എതിരാളികള്‍.

Content Highlights: Arsene Wenger’s response, after being asked about the Germany players covering their mouths ahead of the Japan game

We use cookies to give you the best possible experience. Learn more