| Thursday, 9th November 2023, 9:05 am

വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി ഇംഗ്ലണ്ട്കാരന്റെ മിന്നും പ്രകടനം; ആഴ്സണല്‍ തേരോട്ടം തുടരുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ടീം സെവിയ്യയെ തകര്‍ത്ത് ആഴ്സണല്‍ വിജയകുതിപ്പ് തുടരുന്നു. ഗണ്ണേഴ്സിന്റെ തട്ടകമായ എമിറേറ്റ്‌സില്‍ നടന്ന മത്സരത്തില്‍ സെവിയ്യയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ആഴ്സണല്‍ തോല്‍പ്പിച്ചത്.

ചാമ്പ്യന്‍സ് ലീഗിലെ ആഴ്‌സണലിന്റെ മൂന്നാം വിജയമാണിത്. മത്സരത്തില്‍ ഇംഗ്ലീഷ് താരം ബുക്കായൊ സാക്ക മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തില്‍ ഒരു ഗോളും ഒരു അസിസ്റ്റും നേടിയായിരുന്നു സാക്കയുടെ മികച്ച പ്രകടനം.

ഇ.എഫ്. എല്‍ കപ്പില്‍ ന്യൂകാസില്‍ യുണൈറ്റഡിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയ സാക്കക്കെതിരെ നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ മത്സരത്തിലെ മിന്നും പ്രകടനത്തിലൂടെ ശക്തമായി തിരിച്ചുവരികയായിരുന്നു താരം.

മത്സരത്തിന്റെ 27ാം മിനിട്ടില്‍ ലിയനാന്‍ഡ്രോ ട്രൊസാര്‍ഡോ ആണ് ആഴ്സണലിന്റെ ആദ്യ ഗോള്‍ നേടിയത്. സാക്കയില്‍ നിന്നും പാസ് സ്വീകരിച്ച താരം പെനാല്‍ട്ടി ബോക്‌സില്‍ നിന്നും ഗോള്‍ നേടുകയായിരുന്നു.

രണ്ടാം പകുതിയിലെ 64ാം മിനിട്ടില്‍ ആയിരുന്നു സാക്കയുടെ ഗോള്‍ പിറന്നത്. സെവിയ്യ പ്രതിരോധം കീറിമുറിച്ചുള്ള പാസില്‍ ഒറ്റക്ക് മുന്നേറിയ താരം ഗോള്‍ നേടുകയായിരുന്നു. മറുപടി ഗോളിനായി സെവിയ്യ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കാണാതെപോയതും തിരിച്ചടിയായി.

മത്സരത്തിന്റെ 85ാം മിനിട്ടില്‍ കണങ്കാലിന് പരിക്കേറ്റ് സാക്ക പുറത്തായി. താരത്തിന്റെ പരിക്ക് ആഴ്‌സണല്‍ ആരാധകര്‍ക്ക് വലിയ നിരാശയാണ് നല്‍കിയത്. അവസാനം ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-0ത്തിന്റെ അവിസ്മരണീയ വിജയം സ്വന്തം ആരാധകരുടെ മുന്നില്‍ ആഴ്സണല്‍ പിടിച്ചെടുക്കുകയായിരുന്നു.

ജയത്തോടെ ഗ്രൂപ്പ് ബിയില്‍ നാലില്‍ മൂന്നും ജയിച്ചുകൊണ്ട് ഒന്നാം സ്ഥാനത്താണ് ആഴ്സണല്‍. അതേസമയം നാലു മത്സരങ്ങളില്‍ നിന്ന് ഒരു മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെ സെവിയ്യ അവസാനസ്ഥാനത്തുമാണ്.

ഇംഗ്ലീഷ് പ്രീമിയം ലീഗില്‍ നവംബര്‍ 11ന് ബേണ്‍ലിയുമായാണ് ഗണേഴ്‌സിന്റെ അടുത്ത മത്സരം.

സ്പാനിഷ് ലീഗില്‍ നവംബര്‍ 12ന് റയല്‍ ബെറ്റിസിനെതിരെയാണ് സെവിയ്യയുടെ അടുത്ത മത്സരം.

Content Highlight: Arsenal won against Sevilla fc in UCL.

We use cookies to give you the best possible experience. Learn more