പീരങ്കിപട തലപ്പത്ത്; ആഴ്സണല്‍ ആശാന് റെക്കോഡ് നേട്ടം
Football
പീരങ്കിപട തലപ്പത്ത്; ആഴ്സണല്‍ ആശാന് റെക്കോഡ് നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th November 2023, 10:53 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രെന്റ്‌ഫോര്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ഈ മികച്ച വിജയത്തോടെ ആഴ്സണല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്താനും ഗണ്ണേഴ്സിന് സാധിച്ചു.

ഈ വിജയത്തോടെ അവിസ്മരണീയമായ നേട്ടത്തില്‍ എത്തിയിരിക്കുകയാണ് ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേട്ട. പരിശീലകനായി ആഴ്സനലിന്റെ ആദ്യ 200 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കുന്ന കോച്ച് എന്ന പുതിയ നാഴികകല്ലിലേക്കാണ് മൈക്കല്‍ ആര്‍ട്ടേട്ട.

ആഴ്സനലിനെ 200 മത്സരങ്ങളില്‍ നിന്നും 116 വിജയമാണ് ആര്‍ട്ടേട്ട നേടികൊടുത്തത്. ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത് ആഴ്‌സീന്‍ വെങ്ങര്‍ ആയിരുന്നു.

വെങ്ങറിന്റെ കീഴില്‍ 111 വിജയങ്ങളാണ് പീരങ്കിപ്പട സ്വന്തമാക്കിയത്. ഈ നേട്ടമാണ് ഇപ്പോള്‍ ആര്‍ട്ടേട്ട മറികടന്നത്. 2019ലാണ് ആര്‍ട്ടേട്ട ഗണ്ണേഴ്സിന്റെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്.
ആര്‍ട്ടേട്ടയുടെ കീഴില്‍ 200 മത്സരങ്ങളില്‍ നിന്ന് 116 വിജയവും 34 സമനിലയും 50 തോല്‍വികളുമാണ് ആഴ്സണല്‍ നേടിയത്.

ബ്രെന്റ്‌ഫോര്‍ട്ടിന്റെ ഹോം ഗ്രൗണ്ടായ ജിടെക്ക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 89ാം മിനിട്ടില്‍ ജര്‍മന്‍ താരം കൈ ഹാവേര്‍ട്‌സ് നേടിയ ഗോളിലൂടെയാണ് ആഴ്സണല്‍ സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ജര്‍മന്‍ താരത്തിന്റെ ഗോളിലൂടെ ജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ 13 മത്സരങ്ങളില്‍ നിന്നും ഒമ്പത് വിജയവും മൂന്ന് സമനിലയും ഒരു തോല്‍വിയും അടക്കം 30 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ആഴ്സണല്‍.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നവംബര്‍ 30ന് ഫ്രഞ്ച് ക്ലബ്ബ് ലെന്‍സിനെതിരെയാണ് ആഴ്സണലിന്റെ അടുത്ത മത്സരം.

Content Highlight: Arsenal won against brentford and Mikel Arteta create record.