ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തേരോട്ടം തുടരുകയാണ് ആഴ്സണൽ. 2003-2004 സീസണിൽ ഒരു മത്സരം പോലും തോൽക്കാതെ പ്രീമിയർ ലീഗ് കിരീടം നേടി ലീഗിൽ ഒരേയൊരു സ്വർണ്ണ ടൈറ്റിൽ ട്രോഫി നേടിയ ടീം എന്ന ഖ്യാതി സ്വന്തമാക്കിയ ടീമാണ് ആഴ്സണൽ.
അതിന് സമാനമായ രീതിയിലാണ് ഗണ്ണേഴ്സിന്റെ ഈ സീസണിലെ ജൈത്രയാത്ര. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, ടോട്ടൻഹാം, യുണൈറ്റഡ് മുതലായ മികച്ച ടീമുകൾ കളിക്കുന്ന സീസണിൽ ഇത് വരെ ഒരു പരാജയം മാത്രമാണ് ആഴ്സണലിന് നേരിടേണ്ടി വന്നത്.
കൂടാതെ ന്യൂകാസിൽ യുണൈറ്റഡ് പോലുള്ള പുതിയ ശക്തികളും വെല്ലുവിളിയുണർത്തുന്ന ലീഗിൽ ഏത് ക്ലബ്ബും നേരിടാൻ മടിക്കുന്ന ടീമായി മാറാൻ ആഴ്സണലിന് കഴിഞ്ഞിട്ടുണ്ട്.
വലിയ ആരാധകവൃത്തമുള്ള ക്ലബ്ബിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ റിഷി സുനക്. പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് ആഴ്സണലിനെ പിന്തുണച്ച് റിഷി സുനക് രംഗത്ത് വന്നത്.
ടാൽക് ടിവിയിലാണ് പ്രമുഖ മാധ്യമ പ്രവർത്തകനും ആഴ്സണൽ ഫാനുമായ പിയേഴ്സ് മോർഗൻ റിഷി സുനക്കിനെ അഭിമുഖം നടത്തിയത്. ഇതിനിടയിൽ ഈ സീസണിൽ ഗണ്ണേഴ്സ് പ്രീമിയർ ലീഗ് ടൈറ്റിൽ ജേതാക്കളാകുമോ എന്ന ചോദ്യത്തിനാണ് റിഷി സുനക് ‘അതേ’ എന്ന് മറുപടി നൽകിയത്.
ഇതോടെ വടക്കൻ ലണ്ടൻ ടീമിന്റെ ആരാധകർ റിഷി സുനക്കിന്റെ അഭിമുഖ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ആകമാനം പ്രചരിപ്പിക്കുകയാണ് ഗണ്ണേഴ്സ് ആരാധകർ.
അതേസമയം ജനുവരി 28ന് ആഴ്സണലിന്റെ തുടർ വിജയങ്ങൾ അവസാനിപ്പിച്ചുകൊണ്ട് സിറ്റി ഗണ്ണേഴ്സിനെ എഫ്.എ കപ്പിൽ നിന്നും പുറത്താക്കിയിരുന്നു.
പ്രീമിയർ ലീഗിൽ ശനിയാഴ്ച എവർട്ടണെതിരെയാണ് ആഴ്സണലിന്റെ അടുത്ത മത്സരം. കരബാവോ കപ്പിൽ നിന്നും ക്ലബ്ബ് നേരത്തെ പുറത്തായിരുന്നു.
Content Highlights:Arsenal will win the Premier League title; British Prime Minister Rishi Sunak support gunners