|

എംബാപ്പെയെ പൊക്കാന്‍ ആഴ്‌സണലും; ചിരിയടക്കാനാകാതെ ഗണ്ണേഴ്‌സിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്കായി ആഴ്‌സണലും രംഗത്തുണ്ടെന്ന ആഭ്യൂഹങ്ങളോട് പ്രതികരിച്ച് ഗണ്ണേഴ്‌സിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എഡു ഗാസ്പര്‍. 2024ല്‍ എംബാപ്പെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലുണ്ടാകുമെന്ന അഭ്യൂഹങ്ങളോടാണ് അദ്ദേഹം പ്രതികരിച്ചത്.

പി.എസ്.ജിയുമായി കരാര്‍ പുതുക്കാനില്ലെന്നും 2024ല്‍ ടീം വിടുമെന്നും എംബാപ്പെ ക്ലബ്ബിനെ അറിയിച്ചിരുന്നു. താരത്തിന്റെ ഈ പ്രതികരണത്തില്‍ ക്ലബ്ബ് ഒട്ടും തൃപ്തരല്ല. ഈ സമ്മറിലോ അടുത്ത സമ്മറിലോ എംബാപ്പെ പി.എസ്.ജിയോട് ഗുഡ് ബൈ പറഞ്ഞേക്കും.

ഇതിന് പിന്നാലെയാണ് ഗണ്ണേഴ്‌സ് എംബാപ്പെയെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുയര്‍ന്നത്. ആഴ്‌സണലിന്റെ അമേരിക്കന്‍ താരം ഫോലാറിയന്‍ ബോള്‍ഗനൊപ്പം എംബാപ്പെയെ കണ്ടതോടെ ഈ റിപ്പോര്‍ട്ടുകള്‍ സത്യമാണെന്നും ആരാധകര്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍ എംബാപ്പെയെ ടീമിലെത്തിക്കാന്‍ തങ്ങള്‍ക്ക് പ്ലാനില്ലെന്ന തരത്തിലാണ് ഗാസ്പര്‍ പ്രതികരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധികയുടെ കമന്റിന് റിപ്ലേയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘എഡു ഉടന്‍ തന്നെ എംബാപ്പെക്ക് ഡി.എം ചെയ്തു തുടങ്ങും’ എന്നായിരുന്നു ഒരു ആരാധിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇതിന് പൊട്ടിച്ചിരിക്കുന്ന ഇമോജികളുമായി ഗാസ്പറെത്തിയത്. ആരാധകര്‍ ഗാസ്പറിന്റെ പ്രതികരണങ്ങളേറ്റെടുത്തിരിക്കുകയാണ്.

എന്നാല്‍ എംബാപ്പെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്കായിരിക്കും തട്ടകം മാറ്റുകയെന്നാണ് വിശ്വസിക്കപ്പെടുന്നത്. മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറെന്റിനൊ പെരെസിന്റെ സ്വപ്നമാണ് എംബാപ്പെയെ ക്ലബ്ബില്‍ എത്തിക്കുക എന്നത്.

കഴിഞ്ഞ സീസണില്‍ എംബാപ്പെയെ സൈന്‍ ചെയ്യാനായി റയല്‍ മാഡ്രിഡ് ശ്രമം നടത്തിയിരുന്നെങ്കിലും ട്രാന്‍സ്ഫര്‍ പ്രക്രിയകളുടെ അവസാന നിമിഷം വമ്പന്‍ ഓഫര്‍ നല്‍കി എംബാപ്പെയെ പി.എസ്.ജി തങ്ങളുടെ ക്ലബ്ബില്‍ നിലനിര്‍ത്തുകയായിരുന്നു.

എന്നാല്‍ എംബാപ്പെ പി.എസ്.ജിയുമായി വേര്‍പിരിയാനുള്ള ഒരുക്കത്തിലാണ്. ലീഗ് വണ്‍ ജയന്റ്‌സുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷം കൂടി ക്ലബ്ബില്‍ തുടരണമെന്ന് പി.എസ്.ജി എംബാപ്പെയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അതിന് സാധ്യമല്ലെന്നും 2024ല്‍ ഫ്രീ ഏജന്റായി തനിക്ക് ക്ലബ്ബ് വിടണമെന്നും എംബാപ്പെ പാരീസിയന്‍സിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ എംബാപ്പെ തന്റെ തീരുമാനം അറിയിച്ചതോടെ ഈ സീസണില്‍ തന്നെ ക്ലബ്ബ് വിടാന്‍ പി.എസ്.ജി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ക്ലബ്ബ് വിടാന്‍ എംബാപ്പെ തയ്യാറാണെന്നും എന്നാല്‍ കരാറില്‍ പറഞ്ഞതുപ്രകാരം താരത്തിന് നല്‍കാമെന്നേറ്റ ലോയല്‍റ്റി ബോണസ് മുഴുവന്‍ കിട്ടണമെന്ന് അദ്ദേഹം പി.എസ്.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സീസണില്‍ എംബാപ്പെ ക്ലബ്ബ് വിടുകയാണെങ്കില്‍ താരത്തിന്റെ ആഗ്രഹ പ്രകാരം സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായി സൈന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 14 തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് 150 മുതല്‍ 180 മില്യണ്‍ യൂറോയാണ് എംബാപ്പെക്കിട്ടിരിക്കുന്ന മൂല്യം.

Content highlight: Arsenal sporting Director reacts to reports linking Gunners with Kylian Mbappe