|

മികച്ചവനാര്, മെസിയോ റൊണാള്‍ഡോയോ? സംശയമെന്ത് റൊണാള്‍ഡോ തന്നെയെന്ന് സൂപ്പര്‍ താരം; കാരണമിത്

സ്പോര്‍ട്സ് ഡെസ്‌ക്

മെസിയാണോ റൊണാള്‍ഡോ ആണോ മികച്ചതെന്നത് മോഡേണ്‍ ഡേ ഫുട്‌ബോളിലെ ഏറ്റവും വലിയ ചര്‍ച്ചയാണ്. ഫുട്‌ബോളിലെ രണ്ട് ധ്രുവങ്ങളായ ഇരുവരെയും കുറിച്ച് ചര്‍ച്ച ചെയ്യാത്ത ഒരു ദിവസം പോലുമുണ്ടാകാറില്ല.

നിരവധി തവണ ബാലണ്‍ ഡി ഓര്‍ ജേതാക്കളായ ഇരുവരും ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളാണെന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള തര്‍ക്കവുമില്ല. പ്രൈം ടൈമിലെ ഇരുവരുടെയും കളി കാണുന്നത് തന്നെ ഭാഗ്യമായിട്ടാണ് പല ഫുട്‌ബോള്‍ ആരാധകരും വിലയിരുത്തുന്നത്.

ഏത് ഫുട്‌ബോള്‍ താരത്തെ അഭിമുഖത്തിന് ലഭിച്ചാലും അവതാരകന്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് മെസി ഓര്‍ റൊണാള്‍ഡോ എന്നുള്ളത്. ആഴ്‌സണല്‍ സൂപ്പര്‍ താരം സെഡ്രിക് സോറസിനോടും അവതാരകന്‍ ഇതേ ചോദ്യം ചോദിച്ചപ്പോള്‍ സംശയമേതുമില്ലാതെ അദ്ദേഹം അതിനുള്ള ഉത്തരം നല്‍കിയിരിക്കുകയാണ്.

ഇ.എസ്.പി.എന്‍ യു.കെയുമായുള്ള അഭിമുഖത്തിലായിരുന്നു സോറസിന് ഈ ചോദ്യം നേരിടേണ്ടി വന്നത്. രണ്ട് ഓപ്ഷനില്‍ നിന്നും ഒന്ന് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള നിരവധി ചോദ്യങ്ങളില്‍ ഒന്നായിരുന്നു മെസി ഓര്‍ റൊണാള്‍ഡോ എന്നുള്ളത്.

റൊണാള്‍ഡോയെയായിരുന്നു അദ്ദേഹം തെരഞ്ഞെടുത്തത്. ക്രിസ്റ്റ്യാനോയെ തന്നെയായിരിക്കും അദ്ദേഹം തെരഞ്ഞെടുക്കുക എന്ന കാര്യം അവതാരകനും ഏകദേശം ഉറപ്പായിരുന്നു. കാരണം പോര്‍ച്ചുഗല്‍ ഇന്റര്‍നാഷണലിന് വേണ്ടി കളിക്കുന്ന ഒരു താരം റൊണാള്‍ഡോയെ അല്ലാതെ മറ്റാരെയാണ് തെരഞ്ഞെടുക്കുക.

ആഴ്‌സണലിന്റെയും പോര്‍ച്ചുഗലിന്റെയും ഫുള്‍ ബാക്കായ സെഡ്രിക് പോര്‍ച്ചുഗലിന് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. റൊണാള്‍ഡോക്കും പോര്‍ച്ചുഗലിനുമൊപ്പം 34 കപ്പുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇതിന് പുറമെ 2016ല്‍ പോര്‍ച്ചുഗല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയപ്പോഴും സെഡ്രിക് സോറസ് പറങ്കികള്‍ക്കൊപ്പമുണ്ടായിരുന്നു.

സോറസിനൊപ്പം അഭിമുഖത്തില്‍ പങ്കെടുത്ത സ്വിസ് ഇന്റര്‍നാഷണല്‍ താരം ഗ്രാനിറ്റ് സാക്കയും റൊണാള്‍ഡോയെ ആയിരുന്നു തെരഞ്ഞെടുത്തത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയാണ് ഇരുവരുടെയും അടുത്ത മത്സരം എന്നതും ശ്രദ്ധേയമാണ്. സെപ്റ്റംബര്‍ നാലിന് നടക്കുന്ന മത്സരത്തില്‍ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണല്‍ അഞ്ചാം സ്ഥാനക്കാരായ മാഞ്ചസ്റ്ററിനെ നേരിടും.

കളിച്ച അഞ്ച് മത്സരത്തില്‍ ഒന്നില്‍ പോലും തോല്‍ക്കാതെയാണ് ആഴ്‌സണല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. അതേസമയം, രണ്ട് തോല്‍വിയും മൂന്ന് ജയവുമാണ് മാഞ്ചസ്റ്ററിന്റെ അക്കൗണ്ടിലുള്ളത്.

Content Highlight: Arsenal full back Cedric Soares says Ronaldo is better than Messi