അവൻ ഞങ്ങളുടെ എക്കാലത്തെയും മോശം താരം; തോൽവിയിൽ ആഞ്ഞടിച്ച് ഗണ്ണേഴ്‌സ്‌ ആരാധകർ
Football
അവൻ ഞങ്ങളുടെ എക്കാലത്തെയും മോശം താരം; തോൽവിയിൽ ആഞ്ഞടിച്ച് ഗണ്ണേഴ്‌സ്‌ ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 4th October 2023, 11:21 am

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ്‌ ബി യിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് ക്ലബ്ബായ ലെൻസ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണലിനെ തോൽപ്പിച്ചു. ഈ തോൽവിക്ക് പിന്നാലെ മത്സരത്തിൽ മോശം പ്രകടനം കാഴ്ചവെച്ച ആഴ്‌സനലിന്റെ ജർമൻ യുവ താരമായ കൈ ഹാവെർട്സിനെതിരെ ആരാധകർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.

ഹാവേട്സ് ക്ലബ്ബിന്റെ എക്കാലത്തെയും മോശം താരമാണെന്നും താരത്തിന്റെ ഇതുപോലുള്ള മോശം പ്രകടനം തുടർന്നാൽ ആർസണൽ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുമെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

‘ഹാവേർട്സ് ഞങ്ങളുടെ എക്കാലത്തെയും മോശം കളിക്കാരനാണ്,’ ആരാധകൻ ട്വിറ്ററിൽ കുറിച്ചു.

‘കൈ ഹാവേർട്സ് ഞങ്ങളെ യു.സി.എല്ലിൽ നിന്നും പുറത്താക്കും അതിനുശേഷം ഞങ്ങൾ ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ ചെൽസിക്കും താഴെ 12ാം സ്ഥാനത്തേക്ക് നീങ്ങും’, മറ്റൊരു ആരാധകൻ ട്വീറ്റ് ചെയ്തു.

കൈ ഹാവേർട്സ് ലെൻസിനെതിരെ മധ്യനിരയിൽ വളരെ മോശം കളിയാണ് കാഴ്ചവെച്ചത്. മത്സരത്തിൽ താരത്തിന് 6.0 റേറ്റിങ് മാത്രമാണ് നേടാനായത്. കൃത്യമായ ക്രോസുകളോ ഒന്നും നൽകാൻ ഹാവേർസിന് സാധിച്ചില്ല. മത്സരത്തിന്റെ 70ാം മിനിട്ടിൽ ആർട്ടെട്ട ഹാവേർട്സിനെ പിൻവലിക്കുകയും ചെയ്തിരുന്നു. സമ്മർ ട്രാൻസ്ഫറിൽ 65 മില്യൺ യൂറോക്ക് ചെൽസിയിൽ നിന്നുമാണ് താരം പീരങ്കിപടക്കൊപ്പം ചേർന്നത്. എന്നാൽ ചെൽസിയിൽ കാഴ്ചവെച്ച മികച്ച പ്രകടനം ആഴ്സണലിനൊപ്പം പുറത്തെടുക്കാൻ സാധിക്കാതെ പോയതാണ് താരത്തിന് തിരിച്ചടിയായത്.

ലെൻസിന്റെ ഹോം ഗ്രൗണ്ടായ സ്റ്റേയ്ഡ് ബൊല്ലഈർട്ട് ഡെലീസിസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 14ാം മിനിട്ടിൽ ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസിലൂടെ ആഴ്സണൽ ആണ് ആദ്യം മുന്നിലെത്തിയത്. പെനാൽട്ടി ബോക്സിന്റെ പുറത്ത് നിന്നും താരം പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.

മത്സരത്തിന്റെ 25ാം മിനിട്ടിൽ അഡ്രിയാൻ തോമസോൺ ലെൻസിനെ മത്സരത്തിൽ ഒപ്പം എത്തിക്കുകയായിരുന്നു. പന്തുമായി കൗണ്ടർ അറ്റാക്കിലൂടെ മുന്നേറിയ താരങ്ങൾ പെനാൽട്ടി ബോക്സിൽ നിന്നും ഗോൾ നേടുകയായിരുന്നു. ഒടുവിൽ ആദ്യ പകുതി പിന്നിടുമ്പോൾ മത്സരം 1-1 എന്ന സ്‌കോറിൽ പിരിയുകയായിരുന്നു.

രണ്ടാം പകുതിയിൽ 69ാം മിനിറ്റിൽ എലൈവ് വാഹിയിലൂടെ ആതിഥേയർ വിജയ ഗോൾ നേടുകയായിരുന്നു. പെനാൽട്ടി ബോക്സിന്റെ പുറത്തു നിന്നും പാസ്‌ സ്വീകരിച്ച താരം ലക്ഷ്യം കാണുകയായിരുന്നു. മറുപടി ഗോളിനായി ആഴ്സണൽ നിരന്തരം ആക്രമണങ്ങൾ നടത്തിയെങ്കിലും ലെൻസിന്റെ പ്രതിരോധം ഉറച്ചു നിൽക്കുകയായിരുന്നു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ വിജയം ആതിഥേയർക്കൊപ്പമായിരുന്നു.

ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ പി. എസ്.വി. ക്കെതിരെ 4-0ത്തിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. എന്നാൽ ഈ തോൽവി കനത്ത തിരിച്ചടിയാണ് ടീമിന് നൽകിയത്.

നിലവിൽ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ്‌ ബി യിൽ രണ്ട് വിജയവും ഒരു തോൽവിയും അടക്കം മൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗണ്ണേഴ്‌സ്‌.

Content Highlight: Arsenal fans have reacted on social media following their Champions League defeat.