അവന്‍ വലിയ ടീമുകള്‍ക്കെതിരെ കളിക്കില്ല; ആഴ്‌സണല്‍ താരത്തിനെതിരെ പൊട്ടിതെറിച്ച് ആരാധകര്‍
Football
അവന്‍ വലിയ ടീമുകള്‍ക്കെതിരെ കളിക്കില്ല; ആഴ്‌സണല്‍ താരത്തിനെതിരെ പൊട്ടിതെറിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th November 2023, 11:39 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ആഴ്സണല്‍ പരാജയപ്പെട്ടിരുന്നു. സീസണിലെ ഗണ്ണേഴ്സിന്റെ ആദ്യ തോല്‍വിയായിരുന്നു ഇത്.

ഈ തോല്‍വിക്ക് പിന്നാലെ മത്സരത്തില്‍ നിരാശജനകമായ പ്രകടനം നടത്തിയ ഇംഗ്ലണ്ട് താരം ബുക്കയോ സാക്കയെ വിമര്‍ശിച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.

സാക്ക വലിയ ടീമുകള്‍ക്കെതിരെ കളിക്കില്ലെന്നും ഈ ആഴ്ചയിലെ സാക്കയുടെ പ്രകടനങ്ങള്‍ ദയനീയമായിരുന്നുമെന്നുമാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

മത്സരത്തില്‍ സാക്ക പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുത്തിരുന്നില്ല. ന്യൂകാസില്‍ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും പായിക്കാന്‍ സാക്കക്ക് സാധിച്ചിരുന്നില്ല. മികച്ച ഡ്രിബിളിങ് നടത്തുന്നതിലും താരം പരാജയപ്പെട്ടു. ഒപ്പം അഞ്ച് ഡ്യുവലുകളും സാക്ക നഷ്ടമാക്കി. എന്നാല്‍ സാക്ക ആഴ്‌സണലിനായി 14 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

ന്യൂകാസിലിന്റെ തട്ടകമായ സെയ്ന്റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ഇരുടീമും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വല ചലിപ്പിക്കാന്‍ സാധിച്ചില്ല.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 64 മിനിട്ടില്‍ അന്തോണി ഗോര്‍ഡോണ്‍ ആണ് ന്യൂകാസിലിന് വേണ്ടി വിജയഗോള്‍ നേടിയത്. പെനാല്‍ട്ടി ബോക്‌സിലേക്ക് വന്ന ക്രോസില്‍ നിന്നും ആഴ്സണല്‍ ഗോള്‍കീപ്പറുടെ പിഴവ് മുതലെടുത്തുകൊണ്ട് താരം ലക്ഷ്യം കാണുകയായിരുന്നു. ഗോള്‍ ഓഫ് സൈഡ് ആണെന്ന സംശയത്തില്‍ അവസാനം വാര്‍ പരിശോധിക്കുകയും റഫറി ഗോള്‍ അനുവദിക്കുകയുമായിരുന്നു.

മറുപടി ഗോളിനായി ആഴ്സണല്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ന്യൂകാസില്‍ പ്രതിരോധം ഉറച്ചുനില്‍ക്കുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ന്യൂകാസില്‍ സ്വന്തം ആരാധകരുടെ മുന്നില്‍ 1-0ത്തിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

തോൽവിയോടെ 11 മത്സരങ്ങളില്‍ നിന്നും 24 പോയിന്റുമായി ഇംഗ്ലീഷ് പ്രീമിയര്‍ പോയിന്റ് ടേബിള്‍ മൂന്നാം സ്ഥാനത്താണ് പീരങ്കിപട. അതേസമയം ജയത്തോടെ 11 മത്സരങ്ങളില്‍ നിന്നും 16 പോയിന്റുമായി ആറാം സ്ഥാനത്താണ് ന്യൂകാസില്‍.

Content Highlight: Arsenal fans criticize Bukayo saka for the poor performance against newcastle united.