ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് ലെന്‍സിനെതിരെ ആറ് ഗോളുകളുടെ തകര്‍പ്പന്‍ വിജയവുമായി ആഴ്‌സണൽ. ഈ മിന്നും വിജയത്തോടെ ആഴ്‌സണല്‍ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറുകയും ചെയ്തു.
ഈ അവിസ്മരണീയ വിജയത്തിന് പിന്നാലെ ചരിത്രനേട്ടമാണ് ആഴ്സണലിനെ തേടിയെത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ അഞ്ച് ഗോളുകളാണ് പീരങ്കിപട എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത്.
ഇതിനു പിന്നാലെയാണ് ആഴ്സണല്‍ പുതിയ നാഴികകല്ലിലേക്ക് കാലെടുത്തുവെച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ പകുതിയില്‍ അഞ്ച് ഗോളുകള്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമെന്ന നേട്ടമാണ് ആര്‍ട്ടേട്ടയും കൂട്ടരും സ്വന്തമാക്കിയത്.
മറ്റൊരു റെക്കോഡ് നേട്ടവും ഗണ്ണേഴ്സ് സ്വന്തമാക്കി. മത്സരത്തില്‍ ആദ്യ 27 മിനിട്ട് പിന്നിട്ടപ്പോഴേക്കും ആഴ്സണല്‍ നാല് ഗോളുകള്‍ നേടിയിരുന്നു. ഇതോടെ ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും വേഗത്തില്‍ നാല് ഗോളുകള്‍ നേടുന്ന ടീമായി മാറാനും ആഴ്‌സണലിന് സാധിച്ചു.
ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 1998-99 സീസണില്‍ ബ്രോണ്ട്ബിയ്‌ക്കെതിരെയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടത്തിനൊപ്പം ആണ് ആഴ്‌സണലും പങ്കാളികളായത്.
27 – @Arsenal‘s 4-0 lead within 27 minutes is joint-fastest an English side has ever scored four in a UEFA Champions League game, along with Manchester United v Brøndby IF in November 1998 en route to winning the competition that season. Harbinger. pic.twitter.com/pL2iveiCKt
ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13 മിനിട്ടില്‍ ജര്‍മന്‍ താരം കൈ ഹാവേര്‍ട്‌സ് ആണ് ഗണ്ണേഴ്സിന്റെ ഗോളടി മേളക്ക് തുടക്കം കുറിച്ചത്.
ഗബ്രിയേല്‍ ജീസസ്(21′), ബുക്കയോ സാക്ക(23′), ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി(27′), മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്(45+1′), ജോര്‍ജീഞ്ഞോ(86′) എന്നിവരാണ് മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ആഴ്സണല്‍.