ലാഹോര്‍: ഈ പ്രാവശ്യത്തെ ലോക കബഡി ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ ടീമിനെ ചൊല്ലിയാണ് വിവാദം.
വാഗ അതിര്‍ത്തി കടന്ന് ലാഹോറില്‍ എത്തിയ ഇന്ത്യന്‍ ടീം സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഔദ്യോഗിക ടീമിനെ പാകിസ്താനിലേക്ക് അയച്ചിട്ടില്ലെന്നാണ് കായിക മന്ത്രാലയവും ദേശീയ കായിക ഫെഡറേഷനും പറയുന്നത്.
ഇതോടെ പാക്കിസ്താനില്‍ എത്തിയ ടീം ഏതാണെന്നാണ് ചോദ്യം ഉയരുന്നത്. ആദ്യമായിട്ടാണ് പാക്കിസ്താന്‍ ലോക കബഡി ടൂര്‍ണമെന്റിന് വേദിയാകുന്നത്.
എന്നാല്‍ പാക്കിസ്താനിലേക്ക് പോകാന്‍ ഇന്ത്യന്‍ ടീമിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുത്. അമേച്വര്‍ കബഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ഇതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ആറ് തവണയും കബഡി ലോകചാമ്പ്യന്‍ഷിപ്പ് നടന്നത് ഇന്ത്യയിലായിരുന്നു. 10 മില്ല്യണ്‍ രൂപയാണ് വിജയികളെ കാത്തിരിക്കുന്നത്.
ഇന്ത്യയ്ക്ക് പുറമേ പാക്കിസ്താന്‍, ആസ്ട്രേലിയ, ഇംഗ്ലണ്ട്, ജര്‍മനി, ഇറാന്‍, അസെര്‍ബയ്ജന്‍, കെനിയ, കാനഡ തുടങ്ങിയവരും മത്സരത്തില്‍ പങ്കെടുക്കുമെന്നാണ് പാക്ക് അധികൃതരുടെ വിശദീകരണം.
സംഭവം സോഷ്യല്‍ മീഡിയയിലും ചൂടേറിയ വിഷയമാണ് ഇപ്പോള്‍.