ബാര്‍സലോണ: ബാര്‍സലോണ ഫുട്‌ബോള്‍ ക്ലബ്ബില്‍ പൊലീസ് റെയ്ഡ്. നാലുപേരെ അറസ്റ്റു ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാര്‍സലോണ എഫ്.സിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡില്‍ നാലുപേരെ അറസ്റ്റ് ചെയ്തുവെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റ് ജോസപ് മരിയോ ബര്‍ത്തോമ്യൂ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും അറസ്റ്റിലായി എന്ന് സൂചനയുണ്ട്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ബാര്‍സാഗേറ്റ് കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ നടന്നു വരുന്ന അന്വേഷണം. ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റ് ബര്‍ത്തോമ്യൂ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച കളിക്കാരെ അപകീര്‍ത്തിപ്പെടുത്താന്‍ രഹസ്യമായി പി.ആര്‍ കമ്പനികളെ ചുമതലപ്പെടുത്തിയെന്നതാണ് ബാര്‍സാഗേറ്റ് വിവാദം. ഇതില്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകളും നടന്നുവെന്ന് സംശയിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വിവാദങ്ങള്‍ക്കൊടുവില്‍ ബര്‍ത്തോമ്യൂ ബാര്‍സലോണയുടെ ബോര്‍ഡ് ഓഫ് ഡയറ്‌ക്ടേഴ്‌സിനൊപ്പം രാജിവെച്ചത്.
അന്വേഷണവുമായി സഹകരിക്കുമെന്ന് ബാര്‍സലോണ അറിയിച്ചു. ക്ലബ്ബില്‍ പുതിയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പൊലീസ് റെയ്ഡ് നടന്നിരിക്കുന്നത്. ഏഴു സ്ഥാനാര്‍ത്ഥികളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്നത്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും ഈ തെരഞ്ഞെടുപ്പിലൂടെയാണ് നിശ്ചയിക്കുക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Arrests made at Barcelona football club after police raid