| Sunday, 24th February 2019, 9:51 am

ഇ.എം.എസ്, ശൈഖ് അബ്ദുള്ള മന്ത്രിസഭകളെ കേന്ദ്രം പിരിച്ചു വിട്ടത് ഒരേ സമയത്ത്; എന്നാല്‍ കേരളത്തെ പോലെ ജനാധിപത്യം പുനസ്ഥാപിക്കാന്‍ കശ്മീരിന് കഴിഞ്ഞില്ല; യൂസഫ് തരിഗാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 1953ല്‍ ജമ്മു കാശ്മീര്‍ മന്ത്രിസഭ പിരിച്ചു വിട്ട് മുഖ്യമന്ത്രി ശൈഖ് അബ്ദുള്ളയെ നെഹ്‌റുവിന്റെ കേന്ദ്ര സര്‍ക്കാര്‍ അറസ്റ്റു ചെയ്തതു മുതലാണ് കശ്മീരില്‍ ഇന്ന് കാണുന്ന രീതിയിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് കുല്‍ഗാമിലെ സി.പി.ഐ.എം എം.എല്‍.എ മുഹമ്മദ് യൂസഫ് തരിഗാമി.

കശ്മീരില്‍ 1952ലും 1977ലും മാത്രമാണ് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നതെന്നും, എന്നാല്‍ കേന്ദ്ര സര്‍ക്കാറുകള്‍ കശ്മീരിനെ ഒരിക്കലും ജനാധിപത്യരീതില്‍ ഭരിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം  മാധ്യമം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.

Also Read ഒരു ബീഫ് തീനി മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ജയിച്ചത് എന്നെ അത്ഭുതപ്പെടുത്തുന്നു; ബി.ജെ.പി നേതാവ് കൈലാഷ് വിജയ്‌വര്‍ഗീയ

കേരളത്തിലെ ഇ.എം.എസ് മന്ത്രിസഭയേയും ശൈഖ് അബ്ദുള്ള മന്ത്രിസഭയേയും ഒരേ കാലയളവിലാണ് കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടത്. എന്നാല്‍ അവര്‍ക്ക് പിന്നീട് കേരളത്തില്‍ ജനാധിപത്യ രീതിയില്‍ തന്നെ ഭരണത്തില്‍ തിരിച്ചെത്തിയതായും കശ്മീരിന് അത് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടും ശൈഖ് അബ്ദുള്ളയെ തുറങ്കിലടക്കാന്‍ തീരുമാനിച്ചതോടെയാണ് കശ്മീരികളോടുള്ള അനീതി കേന്ദ്ര സര്‍ക്കാറുകള്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ഭരണത്തില്‍ പങ്കു പറ്റാന്‍ ഒരു കാരണവശാലും ബി.ജെ.പിയെ അനുവദിക്കില്ലെന്ന് പറഞ്ഞ പി.ഡി.പി തന്നെ അവരുമായി സഖ്യത്തിലേര്‍പ്പെട്ടത് കശ്മീര്‍ ജനതയുടെ അമര്‍ഷം കൂട്ടിയെന്നും, മൂന്നു വര്‍ഷത്തെ ഇവരുടെ ഭരണം അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞതായിരുന്നുവെന്നും തരിഗാമി കുറ്റപ്പെടുത്തി.

എല്ലാ രാഷ്ട്രീയ കക്ഷികളേയും ഉള്‍പ്പെടുത്തി കശ്മീര്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം തേടുമെന്ന് മൂന്ന് വര്‍ഷം മുമ്പുള്ള കേന്ദ്ര സര്‍ക്കാറിന്റെ വാഗ്ദാനം പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉടന്‍ സാധ്യമാക്കണമെന്നും ഇതിലൂടെ മാത്രമേ കശ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്നും തരിഗാമി പറഞ്ഞു.

Image Credits; Javed Dar

We use cookies to give you the best possible experience. Learn more