| Monday, 10th July 2017, 2:47 pm

ബംഗാള്‍ കലാപം: വ്യാജ ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് പിന്നില്‍ ചിലരുടെ സമ്മര്‍ദ്ദമെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ പടര്‍ന്ന വര്‍ഗീയ കലാപത്തിന്റെ തീവ്രത കൂട്ടാനായി വ്യാജ ചിത്രം പ്രചരിപ്പിച്ച കൂടുതല്‍ പേര്‍ അറസ്റ്റില്‍. മൂന്ന് പേരാണ് ഇതുവരെ പൊലീസിന്റെ പിടിയിലായത്.

നാഗാശിപര, സോനര്‍പൂര്‍, ബംഗര്‍ എന്നിവടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവര്‍ വ്യത്യസ്ത സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിന്നും വ്യാജ ചിത്രങ്ങളും വ്യാജ വാര്‍ത്തകളും ഷെയര്‍ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

ചിലരുടെ സമ്മര്‍ദ്ദം മൂലമാണ് തങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന് പ്രതികള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. പറഞ്ഞ മൊഴി മാറ്റി പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.


Dont Miss എം.ടി രമേശ് സെന്‍കുമാറിന്റെ വീട്ടില്‍; സന്ദര്‍ശനം ബി.ജെ.പിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുന്നതിന്റെ ഭാഗമായി


ഇവര്‍ മൂന്ന് പേര്‍ മാത്രമാണോ അതോ ഇവര്‍ക്ക് പിന്നില്‍ വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ബംഗാളിലും പുറത്തും ജീവിക്കുന്ന ഒരു കൂട്ടം ആളുകള്‍ക്ക് ഇതില്‍ പങ്കുള്ളതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

അറസ്റ്റിലായ രണ്ടുപേര്‍ ശാരീരിക വൈകല്യം ഉള്ളവരാണ്. അതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കണ്ണികളുണ്ടെന്ന് പൊലീസ് പറയുന്നു. ഇതില്‍ പലതും വിദേശത്ത് രജിസ്റ്റര്‍ ഐ.പി അഡ്രസുകളാണെന്ന് ഡി.ജി.പി സുരാജിത് കര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ ബംഗാള്‍ പൊലീസും കല്‍ക്കത്ത പൊലീസും ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നോര്‍ത്ത് 24 പര്‍ഗ്‌നനയിലെ ബസിര്‍ ഹട്ടില്‍ മുസ്‌ലിംകള്‍ ഹിന്ദു സ്ത്രീയെ അധിക്ഷേപിക്കുന്നു എന്ന തല വാചകത്തോടെ ബിജെപി നേതാക്കളും സംഘപരിവാര്‍ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിച്ചിരുന്നു.

ഹരിയാന ഘടകം ബിജെപി നേതാവ് വിജേതാ മലിക്കും സ്വന്തം ഫേസ് ബുക്ക് പേജിലും ഈ ചിത്രമിട്ടിരുന്നു. എന്നാല്‍ ഇതൊരു ബോജ് പുരി സിനിമയില്‍ നിന്നുള്ള രംഗമാണെന്ന് പശ്ചമി ബംഗാള്‍ പോലീസ് വ്യക്തമാക്കി. ചിത്രം പ്രചരിപ്പിച്ചതിന് ഒരാളെ പിടികൂടിയാതായും പോലീസ് അറിയിച്ചു
പര്‍ഗാനയില്‍ പരിക്കേറ്റ ഹിന്ദു കുടുംബമെന്ന പേരില്‍ മറ്റൊരു ചിത്രവും പ്രചരിക്കുന്നുണ്ട്. ബംഗ്ലാദേശിലെ ദുലാഗഡില്‍ 2016ലുണ്ടായ സംഘര്‍ഷത്തിനിടെ പകര്‍ത്തിയതാണ് ചിത്രം. 2002 ഗുജറാത്ത് വംശഹത്യ കാലത്ത് വാഹനങ്ങള്‍ അഗ്‌നിക്കിരയാകുന്നതിന്റെ ഫോട്ടോയും ഉപയോഗിക്കുന്നുണ്ട്. പര്‍ഗാനയിലെ ഇപ്പേഴത്തെ സംഘര്‍ഷത്തിനെതിരെ ഇന്നലെ ഡല്‍ഹിയില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിന്റെ പോസ്റ്റ്റ്ററിലും ഈ ചിത്രം ഉപയോഗിച്ചതായി കാണാം.

We use cookies to give you the best possible experience. Learn more