ന്യൂദല്‍ഹി: പാകിസ്താനില്‍ നിന്നു പരിശീലനം ലഭിച്ച രണ്ടു ഭീകരവാദികളെ ജമ്മു കശ്മീരില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ലഷ്‌കര്‍-ഇ-തൊയ്ബ പ്രവര്‍ത്തകരായ ഇവര്‍ക്ക് വിസ നല്‍കിയത് ദല്‍ഹിയിലെ പാകിസ്താന്‍ ഹൈ കമ്മീഷനാണെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ക്രീരി നിവാസിയായ അബ്ദുള്‍ മജീദ് ഭട്, പത്താന്‍ നിവാസിയായ മുഹമ്മദ് അഷ്‌റഫ് മിര്‍ എന്നിവരാണ് അറസ്റ്റിലായത്.
പൊലീസും സൈന്യവും സി.ആര്‍.പി.എഫും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് ബാരാമുള്ളയില്‍ നിന്നും ഈ ഭീകരരെ പിടികൂടിയത്. വാഗ-അട്ടാരി അതിര്‍ത്തി വഴി തിരിച്ചുവരുന്നതിനിടെയാണ് ലഷ്‌കര്‍ ഭീകരരെ പിടികൂടിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. കശ്മീരിലുള്ള ഭീകരരുമായി കണ്ടുമുട്ടുന്നതിനു മുന്‍പെ ഇവര്‍ പിടിയിലായി.
ആയുധപരിശീലനത്തിനായാണ് പാകിസ്താനിലേക്ക് പോയതെന്ന് ഇവര്‍ വെളിപ്പെടുത്തി. അംഗീകൃത പാകിസ്താനി വിസയാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. കശ്മീര്‍ താഴ് വരയില്‍ ഭീകരാക്രമണം നടത്താനായാണ് ഇവര്‍ ആയുധപരിശീലനം നേടിയത്. ഇസ്‌ലാമാബാദിലെ ബര്‍മ്മ ടൗണിലാണ് ഭീകര പരിശീലന കേന്ദ്രമെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.