| Friday, 9th October 2020, 8:24 pm

'നിയമത്തിനും ജനാധിപത്യത്തിനുമെതിരാണ് ഈ അറസ്റ്റ്' കെ.യു.ഡബ്ല്യു.ജെയുടെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് സംസാരിക്കുന്നു

അഡ്വ. വില്‍സ് മാത്യൂസ്‌

ഹാത്രാസില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹവും യു.എ.പി.എയും ചുമത്തിയ സംഭവം ചര്‍ച്ചയാവുകയാണ്. സിദ്ദീഖ് കാപ്പനുവേണ്ടി കെ.യു.ഡബ്ല്യു.ജെയുടെ നേതൃത്വത്തില്‍ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ചുക്കഴിഞ്ഞു. ഈ ഘട്ടത്തില്‍ സിദ്ദിഖ് കാപ്പനെതിരെയുള്ള നടപടി മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മേലുള്ള കയ്യേറ്റമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് സുപ്രീം കോടതി അഭിഭാഷകനും കേസില്‍ സിദ്ദിഖിന് വേണ്ടി കെ.യു.ഡബ്ല്യു.ജെ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസില്‍ ഹാജരാവുകയും ചെയ്യുന്ന അഡ്വ. വില്‍സ് മാത്യൂസ്. സിദ്ദിഖിനെതിരെ നടന്ന നിയമലംഘനങ്ങളെക്കുറിച്ചും അദ്ദേഹം ഡൂള്‍ന്യൂസ് പ്രതിനിധി അന്ന കീര്‍ത്തി ജോര്‍ജിനോട് സംസാരിക്കുന്നു.

സിദ്ദിഖ് കാപ്പന്‍/ സ്റ്റേറ്റ് ഓഫ് ഉത്തര്‍പ്രദേശ് എന്ന രീതിയിലേക്ക് ചുരുക്കി കാണാവുന്നതല്ല ഈ വിഷയം. അതിനേക്കാള്‍ വലിയ തലങ്ങളിലുള്ള പ്രശ്‌നങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തിന്റെ ശ്വാസമാണ് മാധ്യമപ്രവര്‍ത്തനം. ഇന്ന് കാപ്പന്‍ നാളെ വേറൊരാള്‍ മറ്റന്നാള്‍ മറ്റൊരാള്‍ അങ്ങനെ അവസാനം മാധ്യമപ്രവര്‍ത്തനത്തിന്റെയും ജനാധിപത്യത്തിന്റെയും അവസാനമായിരിക്കും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ സംഭവിക്കുക.

പൗരന്റെ അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ ജനാധിപത്യവ്യവസ്ഥയാണ് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച നാള്‍ മുതല്‍ അത് അങ്ങനെ തന്നെയായിരുന്നു. മൗലികവകാശങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ലക്ഷകണക്കിന് കോടതി വിധികള്‍ നമുക്ക് കാണാനാകും.

നമ്മുടെ തലമുറ അറിയുകയും മനസ്സിലാക്കുകയും ചെയ്ത ജനാധിപത്യത്തിന്റെ മൂല്യം നിശ്ചയിക്കുന്നത് ഈ വ്യവസ്ഥിതി മാധ്യമങ്ങള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ്, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ്.

മാധ്യമപ്രവര്‍ത്തനത്തിന് ആവശ്യമായ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെങ്കില്‍ അവിടെ പിന്നെ ജനാധിപത്യമില്ല. 99 ശതമാനം ജനാധിപത്യവും ഒരു ശതമാനം അരാജകത്വവും എന്ന നിലയില്ല. ജനാധിപത്യം അല്ലെങ്കില്‍ ജനാധിപത്യമില്ലായ്മ അതുമാത്രമേ ഉള്ളു. അതുകൊണ്ടു തന്നെ മാധ്യമപ്രവര്‍ത്തനത്തിന് സ്വാതന്ത്ര്യം ലഭിച്ചേ മതിയാകൂ. മാധ്യമ സ്വാതന്ത്ര്യം എന്ന് പ്രസംഗിക്കുകയും അതേസമയം അത് പ്രാവര്‍ത്തികമാക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാകുകയും ചെയ്താല്‍ പിന്നെ ജനാധിപത്യവ്യവസ്ഥക്ക് തന്നെ എന്ത് അര്‍ത്ഥമാണുള്ളത്.

ഭീമ കൊറേഗാവിലും ദല്‍ഹി കലാപത്തിലും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്കുമെതിരെ യു.എ.പി.എയടക്കമുള്ള നടപടികള്‍ സ്വീകരിച്ചതിന്റെ തുടര്‍ച്ചയാണ് മാധ്യമപ്രവര്‍ത്തകന് നേരെയുണ്ടായ ഈ നടപടി. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാവുകയെന്നാല്‍ അത് എല്ലാത്തിന്റെയും അവസാനമാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം നടപടികളുണ്ടായാല്‍ പിന്നീട് ആരെയും എങ്ങനെയും അറസ്റ്റ് ചെയ്യാം. ആ വിവരങ്ങളൊന്നും പുറത്തുവരികയില്ലല്ലോ. പിന്നെ അതിനെ എങ്ങനെയാണ് ജനാധിപത്യമെന്നും നിയമവാഴ്ചയെന്നും വിളിക്കാനാവുക. ഇത്തരം സംഭവങ്ങള്‍ തുടര്‍ന്നാല്‍ ഇന്ത്യ ഏകാധിപത്യരാജ്യമായി മാറും.

ഇത് ഇന്ത്യയിലെ മാത്രമല്ല, ഇത്തരത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും വെള്ളം ചേര്‍ക്കുന്ന നടപടികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നുണ്ട്. പക്ഷെ ആരും ഇതൊന്നും വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. എല്ലായിടത്തും പൗരന്റെ സ്വാതന്ത്ര്യം ഇല്ലാതാവുകയാണ്. എന്നാല്‍ ഈ നടപടികള്‍ വരുത്തിവെക്കുന്ന ദുരന്തഫലങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാത്മാരാകുന്നതേയില്ല.

എല്ലായിടങ്ങളിലും ജനാധിപത്യത്തെ പുനര്‍നിര്‍വചിച്ചുക്കൊണ്ടിരിക്കുകയാണ്. ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തന്നെ തെരഞ്ഞെടുക്കുന്ന സര്‍ക്കാര്‍ എന്ന അടിസ്ഥാന ജനാധിപത്യ വ്യവസ്ഥ തന്നെ മാറിക്കൊണ്ടിരിക്കുകയാണ്.

സിദ്ദിഖ് കാപ്പനെതിരെ നടന്നതെല്ലാം നിയമലംഘനങ്ങള്‍

പൗരന്‍ എന്ന നിലയിലും മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുമുള്ള എല്ലാ അവകാശങ്ങളും സിദ്ദിഖ് കാപ്പന് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ നിയമചരിത്രത്തില്‍ മാധ്യമപ്രവര്‍ത്തകന് നേരെ സ്വീകരിച്ച ഇത്തരം നടപടി അപൂര്‍വമാണ്.

ഒരു മാധ്യമപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ഈ രീതിയിലേ യാത്ര ചെയ്യാന്‍ പാടുള്ളു, ഈ ആളുകളോടൊപ്പം സഞ്ചരിക്കരുത്. ഈ ലിറ്ററേച്ചര്‍ കൈയ്യില്‍ വെക്കരുത് അങ്ങനെയുള്ള യാതൊരു നിയന്ത്രണങ്ങളും ഇല്ല. ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭൂരിഭാഗവും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം കൂടിയാണെന്ന് എല്ലാവര്‍ക്കുമറിയാം.

ഉദാഹരണമെടുക്കുകയാണെങ്കില്‍ വീരപ്പനെ അഭിമുഖം ചെയ്യാന്‍ നക്കീരണ്‍ ഗോപാല്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ പോയിരുന്നല്ലോ. ഇപ്പോള്‍ നടന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണെങ്കില്‍ നക്കീരണെ ആ സമയത്ത് അറസ്റ്റ് ചെയ്യണമായിരുന്നല്ലോ. അങ്ങനെ സംഭവിച്ചില്ലല്ലോ.

ഡി.കെ ബാസു/ സ്റ്റേറ്റ് ഓഫ് പശ്ചിമ ബംഗാള്‍ കേസില്‍ അറസ്റ്റ് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. 28 വര്‍ഷം മുന്‍പുള്ള ഈ കേസിലെ സുപ്രീം കോടതി വിധിയില്‍ പറയുന്ന നിര്‍ദേശങ്ങളെല്ലാം ലംഘിച്ചുക്കൊണ്ടാണ് സിദ്ദീഖ് കാപ്പനെതിരെയുള്ള അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും നടന്നത്.

അറസ്റ്റ് ചെയ്യുമ്പോള്‍ ഏറ്റവും അടുത്തുള്ള സുഹൃത്തിനെ അറിയിച്ചിരിക്കണം. അന്തര്‍ സംസ്ഥാന അറസ്റ്റാണെങ്കില്‍ കുടുംബാംഗങ്ങളെ അറിയിച്ചിരിക്കണം എന്നിങ്ങനെ നിരവധി നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇവയിലൊന്നു പോലും യു.പി പൊലീസ് പാലിച്ചതായി അറിവില്ല.

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സിദ്ദിഖിന് സംശയത്തിന്റെ ആനുകൂല്യം നല്‍കേണ്ടതാണ്. ഒരു സ്ഥലത്ത് റിപ്പോര്‍ട്ടിംഗിനെത്തുമ്പോള്‍ അവിടെ സഞ്ചരിക്കുന്ന വാഹനങ്ങളിലുള്ളവരെ അറിയണമെന്നില്ല. ഇനി അറിയാമെങ്കില്‍ തന്നെ അയാള്‍ക്ക് റിപ്പോര്‍ട്ടിംഗിനുള്ള സ്വാതന്ത്ര്യം നിഷേധിക്കാനാവില്ല. ഏതെങ്കിലും തരത്തിലുള്ള ഗുരുതരമായ നിയമലംഘനമോ, അനധികൃത സ്വത്ത് സമ്പാദനമോ ജീവിതരീതിയോ തുടങ്ങിയ എന്തെങ്കിലും നടന്നാലേ ഇത്തരം കുറ്റങ്ങള്‍ ചുമത്താനാകൂ.

മാധ്യമപ്രവര്‍ത്തകന് കുതിരപ്പുറത്തോ ഒട്ടകപ്പുറത്തോ സൈക്കിളിലോ ട്രക്കിലോ ബസിനുമുകളില്‍ കേറിയോ വിമാനത്തിലോ നീന്തിയോ എങ്ങനെ വേണമെങ്കിലും റിപ്പോര്‍ട്ടിംഗിന് എത്താം. മാധ്യമപ്രവര്‍ത്തകന്‍ ഈ രീതിയിലെ സഞ്ചരിക്കാന്‍ പാടുള്ളു എന്നു നിഷ്‌കര്‍ഷിക്കുന്ന ഒരു നിയമവും എവിടെയും പറയുന്നില്ല.

ഉദാഹരണത്തിന് വനത്തിനുള്ളില്‍ നടക്കുന്ന എന്തെങ്കിലും സംഭവമോ കൊള്ളസംഘത്തെക്കുറിച്ചുള്ള വാര്‍ത്തയോ ചെയ്യാന്‍ പോകുമ്പോള്‍ പൊലീസിനെ പോലെ ആ സ്ഥലങ്ങളിലേക്ക് കടന്നുചെല്ലാന്‍ മാധ്യമപ്രവര്‍ത്തകനാകില്ലല്ലോ. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ആ സംഘത്തിന്റെ ലിറ്ററേച്ചറുകള്‍ അത് ആന്റി-ഇന്‍സ്റ്റിറ്റിയൂഷന്‍ ആണെങ്കിലും അത് വായിച്ചുപഠിക്കുകയും കൈവശം വെക്കേണ്ടി വരികയും ചെയ്യും.

എന്നാല്‍ അല്ലേ ഈ വിഷയങ്ങളുടെ യാഥാര്‍ത്ഥ്യവും സത്യാവസ്ഥയും ജനങ്ങളുടെ മുന്നിലെത്തിക്കാന്‍ സാധിക്കുകയുള്ളു. ഓരോ സന്ദര്‍ഭത്തിനും അനുസരിച്ച് സാഹചര്യം ആവശ്യപ്പെടുന്ന തരത്തില്‍ പ്രവര്‍ത്തിച്ചാലേ വിവരങ്ങള്‍ പുറത്തെത്തിക്കാന്‍ സാധിക്കൂ. അതാണ് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം. റിപ്പോര്‍ട്ടിംഗിനും മാധ്യമങ്ങള്‍ക്കും ഇത്തരത്തില്‍ വ്യത്യസ്തമായ പല തലങ്ങളും രീതികളുമുണ്ട്.

കേസ് ഫയല്‍ ചെയ്തതിന് ശേഷം സിദ്ദിഖ് കാപ്പനെതിരെയുള്ള എഫ്.ഐ.ആര്‍ ലഭിച്ചിരുന്നു. അതില്‍ സിദ്ദിഖ് വെബ്‌സൈറ്റ് തുടങ്ങിയെന്നും അതുവഴി രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നുമാണ് പറയുന്നത്. വിദേശത്ത് നിന്നും ഫണ്ട് കൊണ്ടുവന്നു എന്നും ആരോപിക്കുന്നുണ്ട്. ‘ആം ഐ ഡോട്ടര്‍ ഓഫ് ഇന്ത്യ’ എന്നു പറയുന്ന പ്ലക്കാര്‍ഡുകള്‍ വെബ്‌സൈറ്റിലുണ്ടെന്നും പറയുന്നു. ‘ആം ഐ ഡോട്ടര്‍ ഓഫ് ഇന്ത്യ’ എന്നു പറയുന്നതിലോ സംഭാവനകള്‍ സ്വീകരിക്കുന്നതിലോ രാജ്യദ്രോഹപരമായി ഒന്നും തന്നെയില്ല. ഇരയാക്കപ്പെട്ടവര്‍ക്ക് നീതിയാവശ്യപ്പെടുന്നതിലും രാജ്യദ്രോഹപരമായി ഒന്നുമില്ല.

എഫ്.ഐ.ആറില്‍ പറയുന്ന മറ്റുള്ളവരെക്കുറിച്ച് നമുക്ക് ഒരു വിവരവും ഇല്ല. എഫ്.ഐ.ആറില്‍ അവരുടെ പേര് കണ്ടു എന്നതല്ലാതെ അവരെ കുറിച്ച് മറ്റൊരു വിവരവും ഇതുവരെയും ലഭ്യമായിട്ടില്ല.

ഇന്റലിജന്‍സ് ഏജന്‍സിയെ സംബന്ധിച്ചിടത്തോളം രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി അവര്‍ക്ക് പല വിവരങ്ങളും പുറത്തുവിടാന്‍ സാധിക്കില്ലായിരിക്കും. പക്ഷെ അതിനുവേണ്ടി അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ വ്യക്തമായ വിവരങ്ങളുടെയും കൃത്യമായ സംശയങ്ങളുടെയും അടിസ്ഥാനത്തിലാവണം. എന്നാല്‍ അതിന് പകരം യാതൊരു കാര്യവുമില്ലാതെ രാജ്യസുരക്ഷയുടെ പേരില്‍ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് തെറ്റ് തന്നെയാണ്.

20 ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകളോടൊപ്പമാണ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത് ഹാജരാക്കിയത്. അതുകൊണ്ടു തന്നെ ഈ സംഭവങ്ങള്‍ ഉത്തര്‍പ്രദേശില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. എ.കെ 47 വെച്ച് കൊതുകിനെ കൊല്ലുക എന്നൊക്കെ കേട്ടിട്ടില്ലേ, അതുപോലെ തന്നെ. ഇത്തരത്തില്‍ പ്രവര്‍ത്തിക്കരുത് എന്നു നമുക്ക് സര്‍ക്കാരിനോട് പറയാനാകില്ല. കാരണം അത് സര്‍ക്കാരിന്റെ വിവേചന ബുദ്ധിയാണ്.

സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത സംഭവം ഉത്തര്‍പ്രദേശില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നുണ്ടെന്നാണ് അവിടെ നിന്നുമുള്ള അഭിഭാഷകരോട് സംസാരിച്ചതില്‍ നിന്നും മനസ്സിലായത്. സിദ്ദിഖ് കാപ്പനടക്കമുള്ളവര്‍ വലിയ കുറ്റകൃത്യമാണ് നടത്തിയിരിക്കുന്നതെന്ന രീതിയിലുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്നും അവര്‍ എന്നോട് പറഞ്ഞു.

അറസ്റ്റിലായതിന് ശേഷം ഇതുവരെയും സിദ്ദിഖുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. സിദ്ദിഖ് പ്രമേഹരോഗിയാണ്. 300-350 വരെയാണ് ഡയബറ്റിക് ലെവല്‍. അതിന്റെ ചികിത്സകള്‍ നടന്നുക്കൊണ്ടിരിക്കുകയാണ്. നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല.

നിയമപ്രകാരം അഭിഭാഷകനോടോ കുടുംബാംഗങ്ങളോടോ അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള സുഹൃത്തിനോടോ സംസാരിക്കാന്‍ കഴിയേണ്ടതാണ്. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം എല്ലാവര്‍ക്കുമുള്ള അവകാശമാണത്. രാജ്യദ്രോഹമോ യു.എ.പി.എയോ ഏത് സെക്ഷനിലുള്ള അറസ്റ്റുകള്‍ നടത്തിയാലും ഈ അവകാശം നിലനില്‍ക്കുന്നുവെന്ന് വ്യക്തമായ നിയമമുണ്ട്.

ഇതുമാത്രമല്ല സിദ്ദിഖിനായി വക്കാലത്ത് നമ്പര്‍ വാങ്ങാനായി അവിടുത്തെ കോടതിയില്‍ വക്കീലിന് വലിയ ശ്രമം തന്നെ നടത്തേണ്ടി വന്നു. ജയിലില്‍ പോയി വാങ്ങാനായിരുന്നു ജഡ്ജ് പറഞ്ഞത്. പക്ഷെ കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം അവിടെ വരെ പോകാന്‍ സാധിക്കുമായിരുന്നില്ല.

പൊലീസിനെ നിരവധി തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരിക്കല്‍ പോലും ആരും തന്നെ കോള്‍ സ്വീകരിച്ചില്ല. സിദ്ദീഖ് കാപ്പനെ എവിടെയാണ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് നേരിട്ടറിയാന്‍ പോലും നമുക്ക് സാധിച്ചിട്ടില്ല. ഇത്രയും നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമായതിനാലാണ് ഹേബിയസ് കോര്‍പ്പസ് ഹരജിയുമായി തന്നെ മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Arrested Journalist Siddique Kappan’s Lawyer Adv.Wills Mathews on illegality and anti-democratic actions involved in the arrest

അഡ്വ. വില്‍സ് മാത്യൂസ്‌

സുപ്രീം കോടതി അഭിഭാഷകന്‍

We use cookies to give you the best possible experience. Learn more