മഹാരാഷ്ട്ര: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ദല്‍ഹി യൂണിവേഴ്‌സിറ്റി പ്രഫസര്‍ ജി.എന്‍ സായിബാബ ജയിലില്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു. കഴിഞ്ഞ പതിനൊന്ന് മാസമായി ജയിലില്‍ അദ്ദേഹത്തിനെതിരെ തുടരുന്ന പീഡനങ്ങളില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ഏപ്രില്‍ 11 മുതല്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.
പോളിയോ ബാധിച്ച കാലുകളുമായി നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രഫസര്‍ സായിബാബക്ക് ആവശ്യമായ മരുന്നുകളും, ഭക്ഷണവും നല്‍കാതെയാണ് ജയിലധികൃതര്‍ അദ്ദേഹത്തെ പീഡിപ്പിക്കുന്നത്. പലപ്പോഴും അനുയോജ്യമായ ചികിത്സയല്ല ജയില്‍ ഡോക്ടര്‍മാരില്‍ നിന്നും അദ്ദേഹത്തിന് ലഭിക്കുന്നത്.
ഹൃദ്രോഗി കൂടെയായ ഇദ്ദേഹത്തിന് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം പ്രത്യേക ഭക്ഷണവും, മരുന്നുകളുമാണ് നല്‍കപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ അഞ്ച് വിചാരണ തടവുകാര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചതിന് ശേഷമാണ് ജയിലില്‍ അദ്ദേഹത്തിനുള്ള പ്രത്യേക അനുമതി നിഷേധിക്കപ്പെട്ടത്.
ജയിലില്‍ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായി വരികയാണെന്നും ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റാന്‍ ജയിലധികൃതര്‍ വിസമ്മതിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനായ സുരേന്ദര്‍ ഗാഡ്‌ലിംങ് പറയുന്നു.
കഴിഞ്ഞ വര്‍ഷമാണ് സായിബാബയെ സര്‍വകലാശാല കാമ്പസില്‍ നിന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയത്. ദേശ ദ്രോഹ നിരോധന നിയമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ത്ഥി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മഹാരാഷ്ട്ര പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.