| Saturday, 18th May 2024, 9:22 pm

ലൈംഗികാതിക്രമ കേസ്; എൻ.ഡി.എ സ്ഥാനാർത്ഥി പ്രജ്വല്‍ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ ഹാസന്‍ മണ്ഡലത്തിലെ സിറ്റിങ് എം.പിയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട്. വാറണ്ട് പുറത്തിറക്കിയതായി പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ പ്രജ്വല്‍ രേവണ്ണ തയ്യാറാകാത്ത സാഹചര്യത്തിലാണ് നടപടി. കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പാണ് പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്.

ഇതിന് പിന്നാലെ പ്രജ്വല്‍ രേവണ്ണ ജര്‍മനിയിലേക്ക് കടക്കുകയായിരുന്നു. ഇതോടെ അന്വേഷണ സംഘം പ്രജ്വല്‍ രേവണ്ണക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

ലൈംഗികാതിക്രമക്കേസില്‍ പ്രജ്വല്‍ രേവണ്ണയുടെ പിതാവ് എ.ച്ച്.ഡി. രേവണ്ണയും അറസ്റ്റിലായിരുന്നു. ലൈംഗികാതിക്രമം, പരാതി നല്‍കിയ അതിജീവിതയെ തട്ടിക്കൊണ്ട് പോകല്‍ എന്നീ കേസുകളിലാണ് എ.ച്ച്.ഡി. രേവണ്ണയെ അറസ്റ്റ് ചെയ്തത്. കേസില്‍ കഴിഞ്ഞ ദിവസം എച്ച്.ഡി. രേവണ്ണക്ക് ജാമ്യം ലഭിച്ചിരുന്നു.

അതിനിടെ, പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രിയും പ്രജ്വലിന്റെ മുത്തച്ഛനുമായ ദേവഗൗഡ രം​ഗത്തെത്തി. എല്ലാ കുറ്റവാളികൾക്കെതിരെയും കർശന നടപടിയെടുക്കുമെന്നാണ് ദേവഗൗഡ പറഞ്ഞത്.

‘കുറ്റം ചെയ്ത എല്ലാവർക്കെതിരെയും കർശനമായ നടപടിയെടുക്കണം. എല്ലാവരുടെയും പേരുകൾ ഞാൻ ഇപ്പോളിവിടെ പറയുന്നില്ല. ഇതിൽ ഉൾപ്പെട്ട എല്ലാവർക്കും തക്കതായ ശിക്ഷ ലഭിക്കേണ്ടതാണ്. നിരവധി സ്ത്രീകൾ ഇതിൽ ഇരയാക്കപ്പെട്ടിട്ടുണ്ട് അവർക്കെല്ലാം തന്നെ നീതി ലഭിക്കണം,’ തന്റെ 91ാം ജന്മദിനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്. പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ കേസിനെക്കുറിച്ച് ആദ്യമായാണ് ദേവഗൗഡ മാധ്യമങ്ങളോട് സംസാരിക്കുന്നത്.

Content Highlight: Arrest warrant issued against Prajwal Revanna in Karnataka sex scandal case

We use cookies to give you the best possible experience. Learn more