| Thursday, 21st November 2024, 6:41 pm

നെതന്യാഹുവിനെതിരേയും മുന്‍ പ്രതിരോധ മന്ത്രിക്കെതിരേയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹേഗ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധ മന്ത്രി യൊവ് ഗാലന്റ് എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി).

കോടതിയുടെ അധികാര പരിധിയെ സംബന്ധിച്ചുള്ള ഇസ്രഈലിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞ കോടതി അറസ്റ്റ് വാറണ്ട് സംബന്ധിച്ചുള്ള പ്രസ്താവന പുറത്തിറക്കുകയായിരുന്നു.

നെതനന്യാഹുവിനും ഗാലന്റിനും പുറമെ അന്തരിച്ച മുന്‍ ഹമാസ് മിലിട്ടറി കമാന്‍ഡറായ മുഹമ്മദ് ദെയ്ഫിനെതിരേയും അറസ്റ്റ് വാറണ്ടുണ്ട്.

ഇസ്രഈലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ മനുഷ്യരാശിക്കെതിരായി നടത്തിയ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് വാറണ്ട് പുറപ്പെടുവിച്ചത്.

യുദ്ധക്കുറ്റം ആരോപിച്ച് മൂന്ന് പേരുടേയും പേരില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇസ്രഈലും ഹമാസും ആരോപണങ്ങളെല്ലാം നിഷേധിച്ചു.

വാറണ്ടുകള്‍ നടപ്പിലാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഐ.സി.സിയുടെ 124 അംഗരാജ്യങ്ങളാണ്. എന്നാല്‍ ഈ അംഗങ്ങളില്‍ ഇസ്രഈലോ അവരുടെ സഖ്യകക്ഷിയായ അമേരിക്കയോ ഉള്‍പ്പെടുന്നില്ല

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഐ.സി.സി പ്രോസിക്യൂട്ടറായ കരീം ഖാന്‍ നെതന്യാഹു, ഗാലന്റ്, ദെയ്ഫ് ഹമാസ് നേതാക്കളായ ഇസ്മയില്‍ ഹനിയെ യഹ്യ സിന്‍വാര്‍ എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വാറണ്ടിന്റെ പശ്ചാത്തലത്തില്‍ നെതന്യാഹുവോ ഗാലന്റോ ഐ.സി.സിയില്‍ അംഗമായ ഏതെങ്കിലും ഒരു രാജ്യത്തേക്ക് യാത്ര ചെയ്താല്‍ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. തുടര്‍ന്ന് ഇവരെ ഐ.സി.സി.യുടെ ആസ്ഥാനമായ ഹേഗിലെ കോടതിയില്‍ ഹാജരാക്കും.

Content Highlight: Arrest warrant issued against Netanyahu, yoav gallant by International Criminal Court

We use cookies to give you the best possible experience. Learn more