World News
ഇസ്രഈലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു; അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് ഉപരോധം ഏര്‍പ്പെടുത്തി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 07, 09:56 am
Friday, 7th February 2025, 3:26 pm

വാഷിങ്ടണ്‍: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാഷിങ്ടണ്‍ സന്ദര്‍ശനത്തിനിടയിലാണ് ട്രംപിന്റെ നടപടി.

അമേരിക്കയെയും ഇസ്രഈലിനെയും ലക്ഷ്യം വെച്ച് നിയമവിരുദ്ധവും അടിസ്ഥാന രഹിതവുമായ നടപടികള്‍ സ്വീകരിച്ചുവെന്ന് ആരോപിച്ചാണ് ട്രംപിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രഈലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഉത്തരവില്‍ ഒപ്പിട്ടതോടെ അന്താരാഷ്ട്ര കോടതിക്കുള്ള സാമ്പത്തിക സഹായം അമേരിക്ക അവസാനിപ്പിക്കുന്നതായും കോടതിയിലെ ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കയിലും സഖ്യകക്ഷികളായ രാജ്യങ്ങളിലും വിസ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ ഉത്തരവിലൂടെ അമേരിക്കയും സഖ്യകക്ഷികളും ഐ.സി.സി അന്വേഷണങ്ങളില്‍ സഹായിക്കുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സാമ്പത്തികമായ നിയന്ത്രണവും വിസ നിയന്ത്രണവും ഏര്‍പ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ നവംബറില്‍ ഗസയില്‍ നടന്ന യുദ്ധ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരെ ഐ.സി.സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് ഇസ്രഈല്‍ നിഷേധിക്കുകയും ചെയ്തിരുന്നു.

നെതന്യാഹുവിനും മുന്‍ ഇസ്രഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെയായിരുന്നു അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇത് അധികാര ദുര്‍വിനിയോഗമാണെന്നാണ് ട്രംപിന്റെ ഉത്തരവില്‍ പറയുന്നത്.

യു.എസും ഇസ്രായേലും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗങ്ങളല്ല. യു.കെയും നിരവധി യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ 120 ലധികം രാജ്യങ്ങളാണ് കോടതിയില്‍ അംഗങ്ങളായിട്ടുള്ളത്. ട്രംപിന്റെ ഉത്തരവില്‍ ഖേദം പ്രകടിപ്പിച്ച് കോടതിയുടെ ആതിഥേയത്വ രാജ്യമായ നെതര്‍ലാന്റ് രംഗത്തെത്തിയിരുന്നു.

Content Highlight: Arrest warrant issued against Israel; Trump imposed sanctions on the International Criminal Court