| Wednesday, 26th February 2014, 7:43 pm

സഹാറാ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി: സഹാറാ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിക്കെതിരെ സുപ്രീംകോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സുപ്രീംകോടതിയില്‍ ഹാജരാവുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

മാര്‍ച്ച് നാലിന് സുബ്രതോ റോയിയെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി പോലീസിന് നിര്‍ദേശം നല്‍കി. മറ്റ് ഡയറക്ടര്‍മാര്‍ക്കെല്ലാം ഹാജരാകാമെങ്കില്‍ എന്തുകൊണ്ട് താങ്കള്‍ക്കായിക്കൂടായെന്ന് സുപ്രീംകോടതി സുബ്രതോ റോയിയോട് ആരാഞ്ഞു.

കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് സുബ്രതോ റോയ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു.

തന്റെ കക്ഷിയുടെ അമ്മയ്ക്ക് തീരെ സുഖമില്ലെന്നും അമ്മയൊടൊപ്പം നില്‍ക്കേണ്ടതിനാലാണ് ഹാജരാക്കതതെന്നുമായിരുന്നു സുബ്രതോ റോയിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ റാം ജെഠ്മലാനിയുടെ വാദം.

എന്നാല്‍  രണ്ടുവര്‍ഷമായി നേരിട്ടു ഹാജരാവുന്നതില്‍ ഇളവു നല്‍കിയിരുന്നുവെന്നും ഇനി അതിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ചെറുകിട നിക്ഷേപകരെ കബളിപ്പിച്ച് സഹാറ ഗ്രൂപ്പ് തങ്ങളുടെ രണ്ട് സഹോദര സ്ഥാപനങ്ങളിലേക്ക് വന്‍തുക മാറ്റിയെന്ന കേസിലാണ് സെബി സഹാറയ്‌ക്കെതിരെ നടപടികള്‍ ആരംഭിച്ചത്.

നിക്ഷേപം നടത്തിയവര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ കേസിലാണ് സുബ്രദാ റോയിയോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചത്. 20,000 കോടി രൂപയാണ് നിക്ഷേപകര്‍ക്ക് സഹാറ ഗ്രുപ്പ് നല്‍കാനുള്ളത്.

We use cookies to give you the best possible experience. Learn more