കൊച്ചി: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്. കമ്പനി നിയമങ്ങള്‍ക്ക് അനുസൃതമായല്ല എന്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നതെന്ന പരാതിയിലാണ് അറസ്റ്റ് വാറണ്ട്. എന്‍.എസ്.എസ് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ. വിനോദ് കുമാറിന്റെ പരാതിയിലാണ് നടപടി.
പരാതിയില്‍ പല തവണ നോട്ടീസ് നല്‍കിയിട്ടും സുകുമാരന്‍ നായര്‍ ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കമ്പനി നിയമലംഘന കേസുകള്‍ പരിഗണിക്കുന്ന എറണാകുളം കോടതിയുടേതാണ് നടപടി.
2023ലാണ് തുടര്‍ച്ചയായ അഞ്ചാം തവണയും ജി. സുകുമാരന്‍ നായര്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറിയാവുന്ന പത്താമത്തെ വ്യക്തി കൂടിയാണ് ജി. സുകുമാരന്‍ നായര്‍.
കഴിഞ്ഞ ജൂണില്‍ രാജ്യത്ത് ജാതി സംവരണം അവസാനിപ്പിക്കണമെന്ന് സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടിരുന്നു. ജാതി സംവരണം വോട്ട് രാഷ്ട്രീയത്തെ മാത്രം കണക്കിലെടുത്ത് രൂപീകരിച്ചതാണെന്നായിരുന്നു സുകുമാരന്‍ നായരുടെ വാദം.
വോട്ട് രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ള ജാതി സംവരണം, രാജ്യത്ത് വര്‍ഗീയത വളര്‍ത്തുകയും ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതം സൃഷ്ടിക്കുകയും ചെയ്യുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ജാതിമത ഭേദമന്യേ എല്ലാവരെയും തുല്യരായി കാണുന്ന ബദല്‍ സംവിധാനമാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
മുമ്പും സുകുമാരന്‍ നായര്‍ ജാതി സംവരണത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ജാതി മത വ്യത്യസമില്ലാതെ പിന്നാക്കം നില്‍ക്കുന്നവരെ മുഖ്യധാരയിലെത്തിക്കാന്‍ പ്രവര്‍ത്തിക്കണമെന്നും അതിനായി ഒരു ബദല്‍ നയം നടപ്പിലാക്കണമെന്നുമായിരുന്നു ആവശ്യം.
Content Highlight: Arrest warrant against G.Sukumaran Nair in the complaint of former NSS member