ന്യൂദല്‍ഹി: ആം ആദ്മി നേതാവ് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ കത്തിനെ ഗൗരവപൂര്‍വം പരിഗണിക്കമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാര്‍.
ആ കത്തിലെ ആദ്യ ഒപ്പ് തന്റേതാണെന്നും കത്തിനെ ഗൗരവപൂര്‍വം തന്നെ പ്രധാനമന്ത്രി സമീപിക്കണമെന്നും പവാര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സര്‍ക്കാറില്‍ വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന ഭരണം കാഴ്ച വെച്ച സിസോദിയയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പവാര്‍ പറഞ്ഞു.
ഇത് പോലെ നിരവധി അറസ്റ്റുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഉദാഹരണമായി എന്‍.സി.പി നേതാക്കളും മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിമാരുമായ അനില്‍ ദേശ്മുഖ്, നവാബ് മാലിക് എന്നിവരെ 2021ല്‍ ഇ.ഡി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും കത്തില്‍ പറയുന്നു. ഇത്തരം അറസ്റ്റുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും കത്തില്‍ പറയുന്നു.
ദല്‍ഹി ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയെ ലിക്വര്‍ എക്‌സൈസ് പോളിസി കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. സിസോദിയയുടെ അറസ്റ്റിന് പ്രതിപക്ഷ നിര പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
ബി.ജെ.പി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പോലുള്ള ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും പ്രതിപക്ഷം പറഞ്ഞു.