മിന്‍സ്‌ക്: മനുഷ്യാവകാശ പ്രവര്‍ത്തകനും നൊബേല്‍ പ്രൈസ് ജേതാവുമായ എയില്‍സ് ബിയാലിയറ്റ്സ്കിയെ പത്ത് വര്‍ഷം ജയിലിലടച്ച നടപടിക്കെതിരെ ആഗോള വ്യപകമായ പ്രതിഷേധം. സംഭവത്തില്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയുമടക്കം പ്രതിഷേധവുമായി രംഗത്തെത്തി.
ബെലാറസിലെ മനുഷ്യാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും അടിച്ചമര്‍ത്തലാണിതെന്നും ബിയാലിയറ്റ്‌സ്‌കിയെ ഉടനെ മോചിപ്പിക്കണമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ട്വീറ്റ് ചെയ്തു.
We call for the release of Bialatski and all political prisoners in Belarus. Belarus deserves a democratic future. https://t.co/xnyCNpuSZm
— Secretary Antony Blinken (@SecBlinken) March 3, 2023
ഇത് ആളുകളെ നിശബ്ദമാക്കാനുള്ള തന്ത്രമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി ചീഫ് ജോസപ് ബോറലും പ്രസ്താവനയിറക്കി.
മിന്‍സ്‌ക് ഭരണകൂടം അക്രമം കാണിച്ചും തടവിലാക്കിയുമാണ് പൗരസമൂഹത്തോട് പോരാടുന്നതെന്നും ഇത് അപമാനകരമായ പ്രവൃത്തിയാണെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നാലെന ബേര്‍ബോക്ക് അഭിപ്രായപ്പെട്ടു. ഉക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ പിന്തുണക്കുന്നത് വലിയ നാണക്കേടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബിയാലറ്റ്‌സികിയുടെ അറസ്റ്റ് ന്യായമായ വിചാരണ നടപടിയിലുള്ള അഭാവവും, സ്വതന്ത്രമായ ജുഡീഷ്യറിയിലേക്കുള്ള കടന്നുകയറ്റമാണെന്നും ജനീവയില്‍ വെച്ച് നടന്ന യോഗത്തില്‍ മനുഷ്യാവകാശങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയിലെ വക്താവ് രവീണ ഷംദസാനി അഭിപ്രായപ്പെട്ടു. ഇത്തരം നടപടികള്‍ ഐക്യരാഷ്ട്ര സഭയില്‍ ആശങ്കകളുണ്ടാക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2022 ന്റെ അവസാനത്തോട് കൂടി പത്ത് കുട്ടികള്‍ ഉള്‍പ്പെടെ 1446 പേര്‍ നിയമനടപടികള്‍ നേരിട്ടുവെന്നും ഇപ്പോഴും നേരിടുന്നുവെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നൊബേല്‍ പ്രൈസ് ജേതാവായ എയില്‍സ് ബിയാലിയറ്റ്സ്കിയെ പത്ത് വര്‍ഷം തടവിലാക്കിയ ബെലാറൂസ് കോടതി വിധിക്കെതിരെ പ്രതിഷേധം കനക്കുന്നത്. കോടതി വിധിയെ അപലപിച്ച് നൊബേല്‍ കമ്മിറ്റിയും പ്രതിപക്ഷ നേതാവ് വിയറ്റ്ലാന സിഖനൂസ്‌കിയും രംഗത്ത് വന്നിരുന്നു.
സര്‍ക്കാരിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന കുറ്റത്തിന്റെ പേരിലാണ് ‘വിയസ്ന’ സംഘടനയുടെ നേതാവ് കൂടിയായ ബിയാലിയറ്റ്സ്‌കിയെയും കൂട്ടാളികളെയും 2021ല്‍ ബെലാറസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രണ്ട് വര്‍ഷമായി വിചാരണ തടവുകാരായി കഴിയുകയായിരുന്നു.
ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്. 35000ലധികം പ്രതിഷേധക്കാരെ ഇതിനോടകം അറസ്റ്റ് ചെയ്തതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
യുദ്ധ ഭൂമിയിലടക്കം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ബിയാലിയറ്റ്സ്‌കിക്ക് 2022ല്‍ സമാധാനത്തിലുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. ഉക്രൈന്‍ മനുഷ്യാവകാശ സംഘടനയായ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിനും റഷ്യന്‍ മനുഷ്യാവകാശ സംഘടന മെമ്മോറിയലിനുമൊപ്പമാണ് ബിയാലിയറ്റ്‌സ്‌കിയെയും പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.