ലങ്കേഷ് പത്രിക എഡിറ്റര്‍ ഗൗരിലങ്കേഷ്, മധ്യപ്രദേശ് പ്രൊഫഷണല്‍ എക്സാം ബോര്‍ഡ് അഴിമതി അഥവാ വ്യാപം എന്നറിയപ്പെടുന്ന ഇന്ത്യകണ്ട ഏറ്റവും വലിയ ഭരണകൂട കൊള്ള റിപ്പോര്‍ട്ട് ചെയ്തിരുന്ന ആജ്തക് ലേഖകന്‍ അക്ഷയ്സിങ്, ത്രിപുരയിലെ ശന്തനു ഭൗമിക്, സുദീപ് ദത്ത ഭൗമിക്.. തൊണ്ണൂറുകള്‍ മുതല്‍ ഇന്ത്യയില്‍ കൊല ചെയ്യപ്പെട്ട ജേര്‍ണലിസ്റ്റുകളുടെ എണ്ണം അമ്പതിലേറെയാണെന്നാണ് കണക്ക്.
ഭൂമി ഇടപാടുകളിലെ കനത്ത അഴിമതിയും വിവേചനവും ചൂണ്ടിക്കാണിച്ച് നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്ന, ആന്ധ്രയിലെ “ഉദയം” പത്രത്തിന്റെ ലേഖകന്‍, ഗുലാം റസൂലിനെ പോലീസ് വെടിവെച്ചു കൊന്നത് 1991 ഡിസംബറിലാണ്. ഗുലാം റസൂലിനൊപ്പം സുഹൃത്ത് വിജയ പ്രസാദ റാവുവും കൊല്ലപ്പെട്ടു. നക്സലൈറ്റായിരുന്നുവെന്നാണ് ആരോപണം.
2008 ജനവരി 28ന് ഛത്തീസ്ഗഢ് പോലീസ് പ്രഫുല്ല ഝാ എന്ന പ്രദേശിക പത്രപ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു. ഒപ്പം, മകന്‍ പ്രതീക് അടക്കം 20 പേരേയും. ഒരാള്‍ക്കെതിരെ പോലും ചെറിയ മാവോയിസ്റ്റ് ബന്ധം പോലും തെളിയിക്കാന്‍ പോലീസിനായില്ല. എന്നിട്ടും അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ 61 വയസുണ്ടായിരുന്ന പ്രഫുല്ല ഝാ 69 വയസു തികഞ്ഞതിന് അടുത്ത ദിവസമാണ് ജയിലില്‍ നിന്ന് മോചിതനായത്. പ്രഫുല്ലയെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട കോടതി ചൂണ്ടിക്കാണിച്ചത്, ഗാന്ധിയനും സ്വാത്വികനുമാണ് പ്രഫുല്ല ഝാ എന്നാണ്.
എന്നാല്‍ മറ്റുള്ളവരെ ഒരു പാഠം പഠിപ്പിക്കാന്‍ പ്രഫുല്ലയുടെ അറസ്റ്റ് അനിവാര്യമായിരുന്നുവെന്നായിരുന്നു പൊലീസിന്റെ നിലപാട്. ബസ്തറിനെ ഖിണ്ടാവാഡ സ്വദേശിയും പ്രദേശിക പത്രപ്രവര്‍ത്തകനും ആദിവാസിവിഭാഗക്കാരനുമായ സൊമാരു നാഗിനെ പൊലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലിട്ടത് 2015 ജൂലായ് 21 ന്. ഒരു ബന്ധവും കണ്ടെത്താതെ കോടതി മോചിതനാക്കിയത് കൃത്യം രണ്ട് വര്‍ഷത്തിന് ശേഷം.
2015 സെപ്തംബറിലാണ് ദൈനിക് നവഭാരത്, ദൈനിക് ഛത്തീസ്ഗഢ് എന്നീ പത്രങ്ങള്‍ക്ക് വേണ്ടി എഴുതിയിരുന്ന സന്തോഷ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡില്‍ നിന്നുള്ള ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് പ്രശാന്തി രാഹി, ദന്തേവാഡ സ്വദേശിയും പ്രദേശിക പത്രപ്രവര്‍ത്തകനുമായ അജയ് പാട്ടേല്‍, പ്രഭാത്സിങ്ങ്, ദീപക് ജയ്സ്വാള്‍ പേരുകള്‍ ഇങ്ങനെ നീളും.
2016 ഫിബ്രവരി ഏഴിന് ഛത്തീസ്ഗഢിലെ പോലീസ് സഹായത്തോടെ ലോകല്‍ ഗുണ്ടാഗ്രൂപ്പ് സ്‌ക്രോള്‍ ലേഖിക മാലിനി സുബ്രഹ്മണ്യത്തിന്റെ ജഗദല്‍പുരിലുള്ള വീട് ആക്രമിച്ചു. പൊലീസിന്റെ പേര് കളങ്കപ്പെടുത്തുന്നത് അവസാനിപ്പിക്കുക എന്ന് ആക്രോശിച്ചാണ് വീട് തകര്‍ത്ത് സമാജിക് ഏക്ത മഞ്ച് എന്ന് സ്വയം പേരിട്ട് സംഘം പിരിഞ്ഞു പോയത്.
ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് പ്രദേശത്ത് മാവോയിസ്റ്റ് വേട്ട എന്ന പേരില്‍ ഭരണകൂടവും പൊലീസ് സേനയും നടത്തുന്ന അതിക്രൂരതകളും മനുഷ്യാവകാശ നിഷേധനങ്ങളും അഴിമതികളും വെളിച്ചത്തുകൊണ്ടുവന്ന എല്ലാ ജേര്‍ണലിസ്റ്റുകള്‍ക്കും മാവോയിസ്റ്റ് പട്ടം നല്‍കിയാണ് ഭരണകൂടം പ്രതികരിച്ചത്. തൊണ്ണൂറുകളില്‍ കശ്മീരില്‍ മനുഷ്യവാകാശ ലംഘനം റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകരില്‍ ഒരു വലിയ വിഭാഗം തീവ്രവാദകേസുകള്‍ക്ക് ജയിലിലായി. അബ്ദുള്‍ നാസര്‍ മഅദനിയുടെ പേരിലുള്ള കേസിലെ സാക്ഷികളുമായി സംസാരിച്ചതിന് അന്ന് തെഹല്‍ക്കെയില്‍ ജോലി ചെയ്തിരുന്ന മലയാളി മാധ്യമപ്രവര്‍ത്തക കെ.കെ.ഷാഹിനയ്ക്കെതിരെ യു.എ.പി.എ ചുമത്തുകയാണ് ഭരണകൂടം ചെയ്തത്.
ഇതേ നിലപാടുകളാണ് ഇന്ന് കേരളത്തിലെ ഭരണകൂടം സ്വീകരിക്കുന്നത് എന്നത് തികച്ചും ആശങ്കാജനകമാണ്. 2015 മേയ് 22ന് കേരള ഹൈക്കോടതി ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തിരുന്നു. “മാവോയിസ്റ്റായിരിക്കുക എന്നത് ഒരു കുറ്റകൃത്യമല്ല, കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ ഒരാളെ അറസ്റ്റ് ചെയ്യാനാവൂ”-എന്നതാണ് അത്. 2014 മെയ് 20ന് വയനാട്ടിലെ വസതിയില്‍ നിന്ന് ആന്റി നക്സല്‍ കമാന്‍ഡോകളെന്നറിയപ്പെടുന്ന ഒരു കൂട്ടം പോലീസുകാര്‍ അറസ്റ്റു ചെയ്യുകയും മാവോയിസ്റ്റ് എന്നാരോപിച്ച് പീഡിപ്പിക്കുകയും ചെയ്തതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്യാം ബാലകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്‍ നല്‍കിയ ഹര്‍ജിയില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചതിന് ശേഷമാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കുമെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുകയും സമരം ചെയ്യുകയും ചെയ്യുന്ന ഏതൊരാളെയും മാവോയിസ്റ്റ് എന്ന മുദ്രകുത്തുകയാണ് പൊലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. അഴിമതികളോ, മനുഷ്യാവകാശലംഘനങ്ങളോ ഇത്തരം പ്രക്ഷോഭങ്ങളൊ റിപ്പോര്‍ട്ടു ചെയ്യാനെത്തുന്ന ജേര്‍ണലിസ്റ്റുകള്‍ക്കും ഈ വിശേഷണമാണ് ഭരണകൂടം നല്‍കുന്നത്. ഇത് നിസാര ആശങ്കയല്ല ജനിപ്പിക്കുന്നത്, പ്രത്യേകിച്ചും കേരള പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് സേന ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോയിസ്റ്റ് പ്രവര്‍ത്തകരെ 2016 നവംബര്‍ 24 ന് തമിഴ്നാട്-കേരള അതിര്‍ത്തിയില്‍ വെടിവെച്ചത് കൂടി കണക്കിലെടുക്കുമ്പോള്‍.
എറണാകുളം ജില്ലായിലെ വടയമ്പാടി ഭൂ സമരം റിപ്പോര്‍ട്ട് ചെയ്ത ന്യൂസ് പോര്‍ട്ട് എഡിറ്റര്‍ അഭിലാഷ് പടച്ചേരി, ഡെക്കാന്‍ ക്രോണിക്കളിലെ ഇന്റേണി അനന്തു ആശ രാജഗോപാല്‍ എന്നിവരെ മാവോയിസ്റ്റുകളാണെന്നാരോപിച്ച് അറസ്റ്റു ചെയ്തതാണ് കേരളപോലീസിന്റെ ഏറ്റവും പുതിയ “മാവോയിസ്റ്റ് വേട്ട”.
ജില്ലയിലെ ഐക്കരക്കാട് നോര്‍ത്ത് വില്ലേജിലെ ഭജനമഠം പട്ടികജാതി കോളനി, ലക്ഷം വീട് കോളനി, സെറ്റില്‍മെന്റ് കോളനി എന്നിവയാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പൊതുമൈതാനത്തിന്റെ ഉടസ്ഥതാ തര്‍ക്കമാണ് ഇപ്പോള്‍ വടയമ്പാടി ഭൂമി പ്രശ്നമായി വളര്‍ന്നിട്ടുള്ളത്. പ്രദേശിക ദളിത് ജനത അവരുടെ കലാസാംസ്‌കാരിക പ്രവര്‍ത്തനത്തിനുള്ള ഇടമായും നടവഴിയായും ഉപയോഗിച്ചുകൊണ്ടിരുന്ന ഈ പൊതുമൈതാനത്തിന്റെ ചുറ്റം 2017 മാര്‍ച്ചില്‍ ചുറ്റും ഉയരത്തില്‍ മതിലുകെട്ടി തിരിക്കുന്നതോടെയാണ് പ്രശ്നമാരംഭിക്കുന്നത്.
ഈ പുറമ്പോക്ക് ഭൂമി 1981-ലെ റവന്യൂ പട്ടയ പ്രകാരം വടയമ്പാടി എന്‍.എസ്.എസ് കരയോഗത്തില്‍ ക്ഷേത്രാവശ്യങ്ങള്‍ക്കായി വിട്ടു നില്‍കിയാണെന്നാണ് വാദം. തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ മതില്‍ പൊളിക്കുകയുണ്ടായി. ഇത് സംബന്ധിച്ച തര്‍ക്കം കോടതിയുടെ പരിധിയിലുണ്ട്. സമരസമിതിയാകട്ടെ പരിസരത്ത് പന്തല്‍ കെട്ടി സമരവും തുടരുന്നുണ്ട്. ഇതിനിടെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സമരപന്തല്‍ പൊളിച്ച് നീക്കണമെന്ന ലോക്കല്‍ പൊലീസ് ആവശ്യപ്പെട്ടു.
ഉത്സവത്തിനോ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനോ ഈ സമരപ്പന്തല്‍ തടസമല്ലെന്ന് ചൂണ്ടിക്കാണിച്ച് പ്രവര്‍ത്തകര്‍ അവിടെ ഇരിക്കുന്നു. കഴിഞ്ഞ 21 ന് പുലര്‍ച്ചേ പൊലീസ് ഈ സമരപ്പന്തല്‍ പൊളിച്ച് നീക്കാനെത്തി. ഈ വാര്‍ത്ത റിപ്പോര്‍ട്ടുചെയ്യുകയായിരുന്ന അഭിലാഷ് പടച്ചെരിയേയും അനന്തു ആശ രാജഗോപാലിനേയും സമരസമിതി നേതാവ് ഐ ശശിധരന്‍ വടയമ്പാടിയേയും പൊലീസ് അറസ്റ്റു ചെയ്തു.
അറസ്റ്റു ചെയ്യുമ്പോള്‍ പ്രക്ഷോഭവും പൊലീസ് നടപടികളും ചിത്രീകരിക്കുകയായിരുന്നുവെന്നാണ് അഭിലാഷും അനന്തുവും പറയുന്നത്. പൊലീസ് തിരിച്ചറിയില്‍ രേഖകള്‍ ചോദിച്ചപ്പോള്‍ സ്ഥാപനങ്ങളുടെ ഐഡികാര്‍ഡ് കൊടുത്തുവെങ്കിലും പ്രസ്‌ക്ലബ്ബിന്റെ തിരിച്ചറിയില്‍ കാര്‍ഡിന് പൊലീസ് നിര്‍ബന്ധം പിടിച്ചെന്നും പറയുന്നു. കേരളത്തിലെ ജേര്‍ണലിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വെബ്മീഡിയ ജേര്‍ണലിസ്റ്റുകള്‍ കേരള വര്‍ക്കിങ് ജേര്‍ണലിസ്റ്റ് യൂണിയന്റെ ഭാഗമല്ല. ആ യൂണിയന്റെ ഭാഗമല്ലാത്തവര്‍ക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ പ്രസ്‌ക്ലബ്ബിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇല്ലാതിരിക്കുന്നത് തികച്ചും സ്വാഭാവികമാണ്. നീറ്റാ ജലാറ്റിന്‍ കേസ് പ്രതികളാണെന്നും മാവോയിസ്റ്റുകളാണെന്നുമാരോപിച്ച പൊലീസ്, പൊലീസിനെ ആക്രമിക്കല്‍, ഔദ്യോഗിക കൃത്യങ്ങള്‍ തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തികേസെടുത്തു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്.
നാരദന്യൂസിലെ പ്രതീഷ് രമ മോഹനനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്. എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ നദിയെ മാവോയിസ്റ്റ് ആക്കുക മാത്രമല്ല, ലുക്ക് ഔട്ട് നോട്ടീസ് വരെ പൊലീസ് പുറപ്പെടുവിച്ചു. ജേര്‍ണലിസ്റ്റുകളേയും പൊതുസമൂഹത്തില്‍ പ്രതികരിക്കുന്നവരേയും ഇത്തരത്തില്‍ ഭരണകൂട വിരുദ്ധതരായി ചിത്രീകരിക്കുന്നത് ഏകാധിപത്യഭരണകൂടത്തിന്റെ ലക്ഷണമാണ്.
ഇതിനെതിരെ പ്രതിഷേധിക്കാന്‍ ജേര്‍ണലിസ്റ്റുകളുടെ വ്യവസ്ഥാപിത കൂട്ടായ്മയായ കേരള വര്‍ക്കിങ് ജേര്‍ണലിസ്റ്റ് യൂണിയന്‍ ഇതുവരെ തയ്യാറാകാതിരിക്കുന്നത് തികഞ്ഞ അശ്ലീലമാണ്. ഭരണകൂടത്തിന്റെ വാറോലകളുള്ളവര്‍ മാത്രമേ ജേര്‍ണലിസ്റ്റുകളാകൂ എന്ന നിലപാട് പോലെ തൊഴിലാളി വിരുദ്ധമായ മറ്റൊന്നില്ല. ദളിതരുടേയും ആദിവാസികളുടേയും ചൂഷണമനുഭവിക്കുന്നവരുടേയും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുഖ്യധാരയിലല്ലാത്ത ജേര്‍ണലിസ്റ്റുകളുടെ കാര്യത്തില്‍ പൊതുസമൂഹം മൗനം പാലിക്കുന്നത്. ഈ മൗനം പോലെ തികഞ്ഞ കുറ്റകൃത്യം വേറെയില്ല.
തൊഴില്‍ ചെയ്യുക എന്നത് മൗലികാവകാശമാണ്. അറിയാനും അറിയിക്കാനുമുള്ള സ്വാതന്ത്ര്യം കൂടിയാണ് ജേര്‍ണലിസം. പ്രതിഷേധങ്ങളും സമരങ്ങളും നടക്കുമ്പോള്‍ അവിടെയെത്തുക, അനീതികള്‍ക്കും അക്രമങ്ങള്‍ക്കും പൊതുഖജനാവിന്റെ ധൂര്‍ത്തിനും സ്വജനപക്ഷപാതത്തിലും ജാതിയുടെ പേരിലുള്ള പീഡനങ്ങള്‍ക്കും അവകാശനിഷേധങ്ങള്‍ക്കും എതിരെ വാര്‍ത്തകള്‍ നല്‍കുക എന്നതെല്ലാം ജേര്‍ണലിസ്റ്റുകളുടെ തൊഴിലിന്റെ ഭാഗമാണ്.
അധികാരവര്‍ഗ്ഗത്തിന് ദാസ്യവേല ചെയ്യലും പൊലീസിന്റേയും അധികൃതരുടേയും കഥകള്‍ പകര്‍ത്തിയെഴുതലുമല്ല ജേര്‍ണലിസം. ശരിയായ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരാനും അനീതികളെ തുറന്നുകാണിക്കാനുമുള്ള ആത്മാര്‍ത്ഥ ശ്രമങ്ങള്‍ നടത്തുന്ന ന്യൂനപക്ഷം ജേര്‍ണലിസ്റ്റുകളാണ് ഈ തൊഴില്‍ മേഖലയുടെ അഭിമാനം. ഭീഷണികള്‍ കൊണ്ടും ചാപ്പ പതിപ്പിക്കലുകള്‍ കൊണ്ടും സത്യസന്ധമായ ഈ ശ്രമങ്ങളെ തകര്‍ക്കാമെന്നുള്ള വ്യാമോഹങ്ങളെ ഞങ്ങള്‍ തള്ളിക്കളയുന്നു. ഈ ന്യൂനപക്ഷത്തെ മാവോയിസ്റ്റ് എന്നോ തീവ്രവാദിയെന്നോ ലേബല്‍ പതിപ്പിച്ച് അടിച്ചമര്‍ത്താന്‍ നോക്കുന്ന പൊലീസ് നയത്തിനും ഭരണകൂടസ്വേച്ഛാധിപതത്തിനുമെതിരെ ഡൂള്‍ന്യൂസ് ശക്തമായി പ്രതിഷേധിക്കുന്നു.