| Sunday, 6th December 2020, 4:55 pm

കര്‍ഷകര്‍ക്ക് വേണ്ടി തൂക്കിലേറാനും ഞാന്‍ ഒരുക്കമാണ്; ബീഹാര്‍ ഭരിക്കുന്നത് 'നെഞ്ചുറപ്പില്ലാ'ത്ത മുഖ്യമന്ത്രി; നിതീഷിനെതിരെ തേജസ്വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. ‘നെഞ്ചുറപ്പില്ലാ’ത്ത മുഖ്യമന്ത്രിയാണ് ബീഹാര്‍ സര്‍ക്കാറിനെ നയിക്കുന്നതെന്ന് തേജസ്വി കുറ്റപ്പെടുത്തി.

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തിയആര്‍.ജെ.ഡി-കോണ്‍ഗ്രസ്-ഇടതുപാര്‍ട്ടികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തേജസ്വി യാദവടക്കം 18 പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.
നിരോധിത സ്ഥലത്ത് അനുവാദമില്ലാതെ പ്രകടനം നടത്തിയെന്ന് ആരോപിച്ചായിരുന്നു കേസ് ചുമത്തിയത്.

ഇതിന് പിന്നാലെയാണ് പറ്റുമെങ്കില്‍ തന്നെ അറസ്റ്റ് കാണിക്ക് എന്ന് തേജസ്വി നിതീഷിനെ വെല്ലുവിളിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിന് നെഞ്ചുറപ്പില്ലാത്ത മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ബീഹാര്‍ സര്‍ക്കാര്‍ ഞങ്ങള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് എന്തെങ്കിലും അധികാരമുണ്ടെങ്കില്‍ ഞങ്ങളെ അറസ്റ്റ് ചെയ്യുക. ഇല്ലെങ്കില്‍ ഞാന്‍ സ്വയം കീഴടങ്ങും. കര്‍ഷകര്‍ക്കായി തൂക്കിലേറാനും ഞാന്‍ തയ്യാറാണ്, തേജസ്വി ട്വീറ്റ് ചെയ്തു.

ഗാന്ധി മൈതാനിന്റെ നാലാം ഗേറ്റിന്റെ അടുത്ത് നിന്നാണ് തേജസ്വിയും സി.പി.ഐയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ കര്‍ഷകനിയമത്തിനെതിരായി പ്രതിഷേധിച്ചത്. കണ്ടാലറിയാവുന്ന 18 പേര്‍ക്കും 500 ഓളം പേരറിയാത്തവരുടെയും പേരിലാണ് കേസെടുത്തിയിരിക്കുന്നത്. എപിഡമിക് ആക്ടടക്കം ഐ.പി.സിയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ജനങ്ങളുടെ ജീവിതം അപകടത്തിലാക്കി പ്രതിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്.

തേജസ്വിയെകൂടാതെ ശ്യാം രജക് ബ്രിഷന്‍ പട്ടേല്‍, അലോക് മേത്ത, മൃത്യുഞ്ജയ് തുടങ്ങിയ ആര്‍.ജെ.ഡി നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അതേസമയം ദല്‍ഹി അതിര്‍ത്തികളില്‍ പത്ത് ദിവസത്തിലേറെയായി കര്‍ഷക സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.


ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Arrest Me If You Can”: Tejashwi Yadav Dares Nitish Kumar Government

We use cookies to give you the best possible experience. Learn more