ന്യൂദല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത നടപടിയെ പിന്തുണച്ച് ദല്‍ഹി പി.സി.സി അധ്യക്ഷന്‍ അനില്‍ ചൗധരി. കേസില്‍ സിസോദിയക്കൊപ്പം കെജ്‌രിവാളിനെയും അറസ്റ്റ് ചെയ്യണമെന്നും ചൗധരി പറഞ്ഞതായി ദി പയനീര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഴിമതിയുടെ സൂത്രധാരന്‍ കെജ്‌രിവാളാണെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ചയായിരുന്നു മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.
‘ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ് സ്വാഗതാര്‍ഹമാണ്. അദ്ദേഹത്തോടൊപ്പം കെജ്‌രിവാളിനെയും അറസ്റ്റ് ചെയ്യണമായിരുന്നു. എല്ലാ അഴിമതിയുടേയും സൂത്രധാരന്‍,’ അനില്‍ ചൗധരി കൂട്ടിച്ചേര്‍ത്തു.
ആം ആദ്മി പാര്‍ട്ടി അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നും ജനങ്ങളെ കബളിപ്പിച്ചതിന് കെജ്‌രിവാള്‍ അഴിക്കുള്ളിലാകണമെന്നും ചൗധരി പറഞ്ഞു.
അതേസമയം സിസോദിയയെ അറസ്റ്റ് ചെയ്തതിനെതിരെ എ.എ.പി പ്രതിഷേധം ശക്തമാക്കി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും
ബി.ജെ.പിയുടെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി തിരുമാനിച്ചു.
ജനാധിപത്യത്തിലെ കരിദിനമാണ് ഞായറാഴ്ച മനീഷ് സിസോദിയയുടെ അറസ്റ്റിലൂടെ ഉണ്ടായതെന്ന് ആം ആദ്മി പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
വ്യാജ കേസിലാണ് ബി.ജെ.പിയുടെ സി.ബി.ഐ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും രാഷ്ട്രീയ പകപോക്കലിന്റെ പേരിലാണ് അറസ്റ്റെന്നും ആം ആദ്മി ട്വീറ്റ് ചെയ്തു.
സിസോദിയ നിരപരാധിയാണെന്നും ബി.ജെ.പി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേനയാണ് പുതിയ മദ്യനയത്തിനെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്.
Content Highlight: Arrest Kejriwal also as he’s mastermind of corrupt deal: Cong