'അറസ്റ്റ് ആസന്നമായപ്പോള്‍ ന്യായീകരണങ്ങള്‍ പറഞ്ഞ് ചിന്മയാനന്ദ് കുട്ടിയെപ്പോലെ പെരുമാറുന്നു'; അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി വിദ്യാര്‍ഥിനി
national news
'അറസ്റ്റ് ആസന്നമായപ്പോള്‍ ന്യായീകരണങ്ങള്‍ പറഞ്ഞ് ചിന്മയാനന്ദ് കുട്ടിയെപ്പോലെ പെരുമാറുന്നു'; അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി വിദ്യാര്‍ഥിനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th September 2019, 11:14 pm

ലഖ്‌നൗ: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ കേസെടുക്കാത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ (എസ്.ഐ.ടി) ആരോപണം ഉന്നയിച്ച നിയമവിദ്യാര്‍ഥിനി. തന്റെ വിശദമായ മൊഴിയുണ്ടായിട്ടും എന്താണ് കേസെടുക്കാത്തതെന്നായിരുന്നു എസ്.ഐ.ടിയോട് യുവതിയുടെ ചോദ്യം.

തിങ്കളാഴ്ച ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ നാലുമണിക്കൂര്‍ കൊണ്ടാണ് യുവതി മൊഴി രേഖപ്പെടുത്തിയത്. 20 പേജുള്ള മൊഴിയില്‍ തന്നെ ചിന്മയാനന്ദ് തട്ടിക്കൊണ്ടുപോയതായും ലൈംഗികമായി ആക്രമിച്ചതായും പറയുന്നു. തുടര്‍ന്ന് ഇന്നായിരുന്നു അവര്‍ എസ്.ഐ.ടിക്കെതിരെ പൊട്ടിത്തെറിച്ചത്.

‘എന്തിനാണ് എസ്.ഐ.ടി ഇനി കാത്തിരിക്കുന്നത്? സി.ആര്‍.പി.സി 164 വകുപ്പ് പ്രകാരം എന്റെ മൊഴി രേഖപ്പെടുത്തിയിട്ടും എന്തുകൊണ്ടാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാത്തതെന്ന് എനിക്ക് 24 മണിക്കൂറിനുള്ളില്‍ അറിയണം.’- യുവതി പറഞ്ഞു.

എന്റെ മൊഴി രേഖപ്പെടുത്തിയിട്ട് ഒരു ദിവസം പിന്നിട്ടുകഴിഞ്ഞു. ലൈംഗികാക്രമണ വകുപ്പുകള്‍ ചുമത്തിയിട്ടുപോലും എസ്.ഐ.ടി എന്താണു കാണിക്കുന്നതെന്ന് ഞങ്ങള്‍ക്ക് ആശങ്കയില്ല.

അറസ്റ്റ് ആസന്നമായപ്പോള്‍ ഓരോ ന്യായീകരണങ്ങള്‍ പറഞ്ഞ് ചിന്മയാനന്ദ് ഒരു കുട്ടിയെപ്പോലെയാണു പെരുമാറുന്നത്.- യുവതി പറഞ്ഞു.

ഷാജഹാന്‍പുരിലെ ജില്ലാ ആശുപത്രിയില്‍ക്കഴിയുന്ന ചിന്മയാനന്ദിനെ ഇന്നലെ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. വിശ്രമിക്കാനാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകനായ ഓം സിങ് അറിയിച്ചത്.

ഞായറാഴ്ച ചിന്മയാനന്ദിനെ ഒരാഴ്ചയ്ക്കിടെ രണ്ടാംതവണ എസ്.ഐ.ടി ചോദ്യം ചെയ്തിരുന്നു. അതിനുശേഷം തിങ്കളാഴ്ച യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഈ മൊഴിയിപ്പോള്‍ എസ്.ഐ.ടി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചിന്മയാനന്ദിനെതിരെ 43 വീഡിയോകളാണ് തെളിവായി യുവതി നല്‍കിയത്.

താന്‍ കുളിക്കുന്നതിന്റെ ഒരു വീഡിയോ കാണിച്ച ശേഷമാണു തന്നെ ബ്ലാക്ക്മെയില്‍ ചെയ്തതും ലൈംഗികമായി ആക്രമിച്ചതെന്നും യുവതി പറഞ്ഞു.

ചിന്മയാനന്ദിന്റെ സംഘടന നടത്തുന്ന കോളേജില്‍ എല്‍.എല്‍.എമ്മിന് അഡ്മിഷന്‍ എടുത്ത ശേഷമാണ് സംഭവമുണ്ടായത്. ചിന്മയാനന്ദിന്റെ ആളുകള്‍ തന്നെ അദ്ദേഹം താമസിക്കുന്ന സ്ഥലത്തേക്കു വിളിച്ചുവരുത്തുകയായിരുന്നുവെന്നും അവിടെവെച്ചാണ് ചിന്മയാനന്ദ് തന്നെ വീഡിയോ കാണിച്ചതെന്നും യുവതി പറഞ്ഞു.

പ്രസ്തുത വീഡിയോ ചിന്മയാനന്ദിന്റെ ബെഡ്റൂമില്‍ നിന്ന് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ലെന്നും അത് അദ്ദേഹത്തിന്റെ ഹരിദ്വാറിലെ ആശ്രമത്തിലായിരിക്കുമെന്നും യുവതി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചോദ്യം ചെയ്ത അന്വേഷണ സംഘം ചിന്മയാനന്ദിന്റെ ബെഡ്റൂമില്‍ നിന്നു തെളിവെടുക്കുകയും ചെയ്തിരുന്നു. തന്റെ കൈയ്യിലുള്ള തെളിവുകള്‍ നല്‍കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വീഡിയോദൃശ്യങ്ങള്‍ നല്‍കിയതെന്ന് യുവതി അറിയിച്ചു.

ചിന്മയാനന്ദിന്റെ വീട്ടില്‍ക്കൊണ്ടുവന്നാണ് അഞ്ചുമണിക്കൂറോളം യുവതിയെ വെള്ളിയാഴ്ച രാവിലെ ചോദ്യം ചെയ്തത്.

ചിന്മയാനന്ദിനെ ഏഴുമണിക്കൂറോളമാണു ചോദ്യം ചെയ്തത്. അദ്ദേഹത്തിന്റെ ദിവ്യാ ധാമിലെ വീട്ടിലുള്ള ബെഡ്റൂം സീല്‍ ചെയ്തുകഴിഞ്ഞു. അവിടെ ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ചിന്മയാനന്ദിന്റെ മുറിയില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ കാണാതായെന്നും ഇപ്പോള്‍ മുറിയില്‍ പെയിന്റ് അടക്കം എന്തൊക്കെയോ മാറ്റങ്ങള്‍ വന്നെന്നും യുവതി ആരോപിച്ചു.