national news
ഒരുമാസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്നത് ബി.ജെ.പിയുടെ മുസ്‌ലിം വിരുദ്ധ അജണ്ട, കേസിൽ ഉൾപ്പെട്ട എല്ലാ പൊലീസുകാരെയും അറസ്റ്റ് ചെയ്യണം: ബൃന്ദ കാരാട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 05, 02:47 am
Wednesday, 5th March 2025, 8:17 am

ന്യൂദൽഹി: രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ ഞായറാഴ്ച പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ കുടുംബത്തെ സന്ദർശിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട്. ദുഃഖിതരായ കുടുംബത്തിന് ബൃന്ദ കാരാട്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.

പൊലീസ് ക്രൂരതയെ അപലപിച്ച ബൃന്ദയും സംഘവും അതിനെ ഹീനമായ പ്രവൃത്തി എന്ന് വിശേഷിപ്പിക്കുകയും വേഗത്തിലും നിഷ്പക്ഷമായും നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മുസ്‌ലിം വിരുദ്ധ അജണ്ട മൂലം ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ കുടുംബങ്ങൾ കൂടുതൽ ദുര്ബലരാകുന്നുവെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

‘ഒരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത ദിവസ വേതനക്കാരനായ ഇമ്രാനും അദ്ദേഹത്തിന്റെ കുടുംബവും സങ്കൽപ്പിക്കാനാവാത്ത ഈ ദുരന്തത്തിന് വിധേയരായിരിക്കുന്നു,’ അവർ കൂട്ടിച്ചേർത്തു.

സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും കൊലപാതകക്കുറ്റം ചുമത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്നും സംഭവത്തിന് ഉത്തരവാദിയായ സ്റ്റേഷൻ ചുമതലയുള്ളയാളെ കർശനമായി ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

രാജസ്ഥാൻ സംസ്ഥാന കമ്മിറ്റി സെക്രട്ടറി കിഷൻ പരീഖ്, രാജസ്ഥാൻ സംസ്ഥാന കമ്മിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുമിത്ര ചോപ്ര, ജില്ലാ സെക്രട്ടറി റൈസ എന്നിവരടങ്ങുന്ന പ്രതിനിധി സംഘം ദുരിതബാധിത കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം ഉണ്ടായത്. രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ പൊലീസ് നടത്തിയ അപ്രതീക്ഷിത റെയ്ഡിനിടെ ഒരു മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടിരുന്നു. അമ്മയുടെ അരികിൽ കട്ടിലിൽ ഉറങ്ങുകയായിരുന്ന അലിസ്ബ എന്ന കുഞ്ഞിന്റെ മേൽ റെയ്ഡിനിടെ പൊലീസുകാർ ചവിട്ടുകയായിരുന്നെന്ന് കുടുംബം പറഞ്ഞു.

‘എന്റെ കൈക്കുഞ്ഞായ മകളോടൊപ്പം കട്ടിലിൽ ഉറങ്ങുമ്പോൾ, പൊലീസുകാർ പെട്ടെന്ന് എത്തി അവർ എന്നെ മുറിയിൽ നിന്ന് പുറത്താക്കി. എന്റെ ഭർത്താവിനെയും അവർ പുറത്തേക്ക് കൊടുവന്നു. അവർ എന്റെ കുഞ്ഞു മകളുടെ തലയിൽ ചവിട്ടി കൊന്നു. ഇത് കൊലപാതകമാണ്, എനിക്ക് നീതി വേണം,’ മരിച്ച കുഞ്ഞിന്റെ അമ്മ റസിദ ഖാൻ പറഞ്ഞു.

സൈബർ തട്ടിപ്പ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ ശനിയാഴ്ച നൗഗവാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ പൊലീസ് സംഘം പോയിരുന്നതായി അഡീഷണൽ എസ്.പി തേജ്പാൽ സിങ് പറഞ്ഞു. എന്നാൽ, റെയ്ഡ് സമയത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ആരും ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു.

 

Content Highlight: Arrest all police officers involved in death of infant at Alwar: Brinda Karat