| Tuesday, 9th January 2018, 11:36 am

സുരക്ഷാ വീഴ്ചയ്ക്ക് മാധ്യമപ്രവര്‍ത്തകരെയല്ല, ആധാര്‍ അധികൃതരെയാണ് അറസ്റ്റുചെയ്യേണ്ടത്: എഡ്വേഡ് സ്‌നോഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആധാറിലെ സുരക്ഷാ വീഴ്ചകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരെ കേസെടുത്ത നടപടിയെ വിമര്‍ശിച്ച് എഡ്വേഡ് സ്‌നോഡന്‍. ആധാര്‍ വിവരങ്ങള്‍ വില്പനയ്ക്കു വെച്ചിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നവരെ അഭിനന്ദിക്കുകയാണ് വേണ്ടത്, അല്ലാതെ ശിക്ഷിക്കുകയല്ലെന്ന് സ്‌നോഡന്‍ പറഞ്ഞു.

ട്വിറ്ററിലൂടെയാണ് സ്‌നോഡന്‍ മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച് രംഗത്തുവന്നത്. യഥാര്‍ത്ഥത്തില്‍ അറസ്റ്റു ചെയ്യേണ്ടത് ആധാര്‍ പദ്ധതി നടപ്പിലാക്കുന്ന യു.ഐ.ഡി.എ.ഐ അധികൃതരെയാണെന്നും അദ്ദേഹം പറഞ്ഞു.

“ആധാര്‍ വിവരം പുറത്തായത് തുറന്നുകാട്ടിയ മാധ്യമപ്രവര്‍ത്തകര്‍ പുരസ്‌കാരമാണ് അര്‍ഹിക്കുന്നത്, അന്വേഷണമല്ല. നീതിയുടെ കാര്യത്തില്‍ സര്‍ക്കാറിന് ശരിക്കും ആശങ്കയുണ്ടെങ്കില്‍, ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വകാര്യത നശിപ്പിച്ച നയങ്ങളെയാണ് പരിഷ്‌കരിക്കേണ്ടത്. അതിന് ഉത്തരവാദികളായവരെയാണ് അറസ്റ്റു ചെയ്യേണ്ടത്? അവരാണ് യു.ഐ.ഡി.എ.ഐ” എന്നായിരുന്നു സ്‌നോഡന്റെ ട്വീറ്റ്.

ആധാറുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോര്‍ട്ടു പുറത്തുവിട്ടതിന്റെ പേരില്‍ ഛണ്ഡീഗഢ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ ട്രിബ്യൂണ്‍ പത്രത്തിനെതിരെ കേസെടുത്തിരുന്നു. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച യു.ഐ.ഡി.എ.ഐ റിപ്പോര്‍ട്ട് നല്‍കിയ പത്രത്തിനെതിരെയും റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി ആരോപിക്കപ്പെട്ട ആളുകള്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

We use cookies to give you the best possible experience. Learn more