അറേഞ്ച്ഡ് മാര്യേജ് എന്ന നിര്‍ബന്ധിത വിവാഹങ്ങള്‍
Opinion
അറേഞ്ച്ഡ് മാര്യേജ് എന്ന നിര്‍ബന്ധിത വിവാഹങ്ങള്‍
ഫാറൂഖ്
Monday, 4th June 2018, 9:14 pm

ഒരു നൂറു കൊല്ലം കഴിഞ്ഞു അന്നത്തെ തലമുറ നമ്മളെ തിരിഞ്ഞു നോക്കുമ്പോള്‍ ഇക്കാലത്തു നിലനിന്ന ഏറ്റവും കൊടിയ ദുരാചാരമായി അവര്‍ വിലയിരുത്തുന്നതെന്തായിരിക്കും? അറേഞ്ച്ഡ് മാര്യേജ് എന്ന നിര്‍ബന്ധിത വിവാഹങ്ങള്‍.

നൂറു കൊല്ലത്തിനു ശേഷം പ്രസിദ്ധീകരിക്കാന്‍ സാധ്യതയുള്ള എട്ടാം ക്ളാസ്സിലെ ചരിത്ര പുസ്തകത്തിലെ ഒരധ്യായം .

“ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അവസാനംവരെ ലോകത്തിന്റെ പലഭാഗങ്ങളിലും നിലനിന്നിരുന്ന ഒരു സാമൂഹ്യ ദുരാചാരം ആയിരുന്നു അറേഞ്ച്ഡ് മാര്യേജ് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന നിര്‍ബന്ധിത വിവാഹങ്ങള്‍. ലോകം മുഴുവന്‍ ഒരു കാലത്തു നിലനിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഈ ആചാരം പതിനെട്ടാം നൂറ്റാണ്ടോടു കൂടി യൂറോപ്പ്, അമേരിക്ക, ലാറ്റിന്‍ അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് അപ്രത്യക്ഷമായെങ്കിലും ആഫ്രിക്ക, ചൈന എന്നിവിടങ്ങളില്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഇത് തുടര്‍ന്നു. ഇന്ത്യ, പാകിസ്താന്‍, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ആണ് ഈ ആചാരം അവസാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രണ്ടുതരം വിവാഹങ്ങളാണ് അക്കാലങ്ങളില്‍ പ്രധാനമായും നിലനിന്നിരുന്നത്. പരസ്പരം സ്‌നേഹിക്കുന്ന രണ്ടു പേര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിനെ പ്രണയ വിവാഹങ്ങള്‍ എന്നും പരസ്പരം സ്‌നേഹിക്കാത്ത രണ്ടുപേര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിനെ അറേഞ്ച്ഡ് മാര്യേജ് എന്നും വിളിച്ചുവന്നു. രണ്ടാമത്തെ കൂട്ടര്‍ ജാതി, മതം, സാമ്പത്തിക സ്ഥിതി എന്നിവയായിരുന്നു വിവാഹത്തിന് മാനദണ്ഡമായി എടുത്തിരുന്നത്. വിവാഹം കഴിഞ്ഞതിനു ശേഷം തങ്ങളുടെ ജീവിതത്തില്‍ പ്രണയം വരും എന്ന് ഇക്കൂട്ടര്‍ പൊതുവെ പ്രതീക്ഷിക്കാറുണ്ടെങ്കിലും വളരെ കുറച്ചു പേരുടെ കാര്യത്തില്‍ മാത്രമേ ഇങ്ങനെ സംഭവിക്കാറുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവര്‍ പരസ്പര ആശ്രയത്തിന്റെ പേരിലും മറ്റു സാമൂഹ്യ സാഹചര്യങ്ങളുടെ നിര്‍ബന്ധാവസ്ഥ കാരണവും ദാമ്പത്യം ജീവിച്ചു തീര്‍ക്കുകയായിരുന്നു പതിവ്. ജാതിയും മതവും സാമ്പത്തിക സ്ഥിതിയും നോക്കി പ്രണയിക്കുന്ന പതിവും അക്കാലത്തുണ്ടായിരുന്നു.

 

ഇത്തരം വിവാഹങ്ങള്‍ക്ക് എതിരെ പല നിയമനിര്‍മാണങ്ങളും അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങി പല രാജ്യങ്ങളിലും ആദ്യ കാലത്തേ നിലവിലുണ്ടായിരുന്നു, എങ്കിലും, 2014 ല്‍ ബ്രിട്ടണ്‍ ആണ് തികച്ചും സമഗ്രമായ ഒരു നിയമ നിര്‍മാണം ഇക്കാര്യത്തില്‍ കൊണ്ടുവരുന്നത്. അറേഞ്ച്ഡ് മാര്യേജിന്റെ പ്രചാരകര്‍ അറേഞ്ച്ഡ് മാര്യേജ് അല്ല നിര്‍ബന്ധിത വിവാഹങ്ങള്‍ എന്ന് വാദിച്ചിരുന്നു. അറേഞ്ച്ഡ് മാര്യേജില്‍ വരനും വധുവും വിവാഹത്തിന് സമ്മതിച്ചതിനു ശേഷമാണ് വിവാഹം നടക്കുന്നതെന്നും അത് നിയമ വിരുദ്ധമാകേണ്ട കാര്യമില്ലെന്നും ആയിരുന്നു വാദം. എന്നാല്‍ 2014 ല്‍ ബ്രിട്ടനില്‍ നിലവില്‍ വന്ന നിയമം വൈകാരികമായോ ( ഇമോഷണല്‍ ) മനഃശാസ്ത്ര പരമായോ ( സൈക്കോളജിക്കല്‍ ) സാമൂഹിക-മത ആചാരങ്ങളുടെ പേരിലോ ആരെയെങ്കിലും വിവാഹത്തിന് നിര്‍ബന്ധിക്കുന്നത് ഏഴു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാക്കി മാറ്റി. മിക്കവാറും അറേഞ്ച്ഡ് മാര്യജുകള്‍ ഇതില്‍ ഏതെങ്കിലും വകുപ്പില്‍പ്പെടുന്നത് കൊണ്ട് അറേഞ്ച്ഡ് മാര്യേജ്, ഫോര്‍സ്ഡ് മാര്യേജ് എന്നീ വേര്‍തിരിവുകള്‍ ക്രമേണ ഇല്ലാതാവുകയാണുണ്ടായത്.

അറേഞ്ച്ഡ് മാര്യേജ് ഒട്ടനവധി കുറ്റകൃത്യങ്ങള്‍ക്കും അക്കാലത്തു കാരണമായിരുന്നു, അതില്‍ ഏറ്റവും ക്രൂരമായതായിരുന്നു ദുരഭിമാന കൊലകള്‍. ജാതി-മത, സാമ്പത്തിക സ്ഥിതി എന്നിവ പരിഗണിക്കാതെ സ്‌നേഹിക്കുന്നയാളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നവരെ കുടുംബത്തിലെ മറ്റുള്ളവര്‍ കൊലപ്പെടുത്തുന്നതിനെയാണ് ദുരഭിമാന കൊലകള്‍ എന്ന് വിളിച്ചിരുന്നത്. ഉത്തരേന്ത്യയിലും പാകിസ്താനിലും വ്യാപകവും, ഇംഗ്ലണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ കുടിയേറ്റക്കാര്‍ക്കിടയില്‍ അപൂര്‍വമായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ കുറ്റകൃത്യം കേരളം പോലെ മനുഷ്യാവകാശ സൂചികകളില്‍ മുന്നോക്കം നില്‍ക്കുന്നപ്രദേശങ്ങളില്‍ പോലും പിന്നോക്ക ജാതികള്‍ക്കെതിരെ പ്രയോഗിക്കപ്പെട്ടിരുന്നു.

 

ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിടപഴകുന്നത് പൊതുവെ വിലക്കപ്പെട്ട അക്കാലത്തു ആരെങ്കിലും പ്രണയിച്ചു വിവാഹം കഴിക്കുന്നത് തടയുന്നതിനായി സദാചാര പൊലീസ് എന്നപേരിലുള്ള വിജിലന്റ് ഗ്രൂപ്പുകള്‍ കാമുകീകാമുകന്മാരെന്നു സംശയിക്കുന്നവരെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. വ്യത്യസ്ത ജാതി-മത വിഭാഗങ്ങളില്‍ ഉള്ളവര്‍ പ്രണയിക്കുന്നതിനെ ഇത്തരക്കാര്‍ ലവ് ജിഹാദ് , ലവ് കുരുക്ഷേത്ര എന്നൊക്കെ വിളിച്ചു വര്‍ഗീയ പ്രശ്‌നങ്ങളായി മറ്റാറുണ്ടായിരുന്നു. കലാപങ്ങളും അക്രമങ്ങളും ഇത്തരം അവസരങ്ങില്‍ സാധാരണമായിരുന്നു. കാമുകീ കാമുകന്മാര്‍ ഇക്കാരണങ്ങള്‍ കൊണ്ട് ചുരിദാറിന്റെ ഷാള്‍ കൊണ്ട് പരസ്പരം ബന്ധിച്ചു മലമുകളില്‍ നിന്ന് താഴേക്ക് ചാടിയും , തീവണ്ടിക്ക് തല വച്ചും , വിഷം കുടിച്ചും ആത്മഹത്യ ചെയ്യാറുണ്ടായിരുന്നു. മുന്‍പ് നിലനിന്നിരുന്ന സതി, നരബലി തുടങ്ങിയ മറ്റു ആചാരങ്ങളില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ എത്രയോ കൂടുതല്‍ പേര്‍ അറേഞ്ച്ഡ് മാര്യേജ് മൂലം കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്.

അക്കാലത്തു പുറത്തിറങ്ങിയ സിനിമകളില്‍ ഒന്നിച്ചു ഹോട്ടലില്‍ മുറിയെടുത്ത പുരുഷനെയും സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നതും അതിന്റെ വാര്‍ത്ത പത്രത്തില്‍ വന്നതിനു ശേഷം അവര്‍ ആത്മഹത്യ ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ പതിവായി ഉണ്ടാകാറുണ്ടായിരുന്നു. ഒന്നിച്ചു താമസിക്കുന്ന പുരുഷനെയും സ്ത്രീയെയും കോടതികള്‍ പോലും വേര്‍പിരിക്കുന്ന അവസ്ഥ ഹാദിയ കേസ് എന്ന അക്കാലത്തു പ്രമാദമായ ഒരു കേസില്‍ ഇന്ത്യന്‍ സുപ്രീംകോടതി സൂപ്പര്‍ ഗാര്‍ഡിയന്‍ ചമയുന്നതില്‍ നിന്ന് മറ്റു കോടതികളെയും പൊലീസിനെയും വിലക്കിയതിന് ശേഷമാണ് അവസാനിച്ചത്. ഈ വിധിക്കു ശേഷം 18 വയസ്സായ പുരുഷനും സ്ത്രീക്കും പൊലീസിന്റെ ശല്യമില്ലാതെ ഒന്നിച്ചു ജീവിക്കാം എന്ന സ്ഥിതി വന്നു. പക്ഷെ സദാചാര പൊലീസുകാര്‍ക്ക് സുപ്രീംകോടതി വിധി ബാധകമല്ലാത്തതു കൊണ്ട് അവരുടെ ശല്യം പിന്നെയും വളരെ കാലം തുടര്‍ന്നു.

നഴ്‌സറി സ്‌കൂള്‍ മുതല്‍ തന്നെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അടുത്തിടപഴകുന്നതില്‍ നിന്ന് വിലക്കുന്നത് മൂലം അങ്ങേയറ്റത്തെ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന സമൂഹമായിരുന്നു അന്നുണ്ടായിരുന്നത്. അറേഞ്ച്ഡ് മാര്യേജ് സംഭവിക്കുന്നത് വരെ കന്യകയായിരിക്കുക എന്നത് സ്ത്രീയുടെ ഉത്തരവാദിത്വമായി കണക്കാക്കപ്പെട്ടിരുന്നു. ലൈംഗിക ദാരിദ്ര്യമുള്ള സമൂഹമെന്ന നിലയില്‍ ഒളിഞ്ഞു നോട്ടം, ഗ്രോപിങ് തുടങ്ങി ബലാത്സംഗങ്ങള്‍ വരെ ഒട്ടനവധി ലൈംഗിക കുറ്റ കൃത്യങ്ങള്‍ അക്കാലത്തു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ഇന്ത്യ കാണാന്‍ വരുമായിരുന്ന ടൂറിസ്റ്റ് വനിതകള്‍ ഇന്ത്യക്കാരുടെ തുറിച്ചു നോട്ടത്തെ കുറിച്ചു വ്യാപകമായി പരാതി പറയാറുണ്ടായിരുന്നതായി അക്കാലത്തെ യാത്രാവിവരണങ്ങള്‍ സൂചിപ്പിക്കുന്നു.

 

അറേഞ്ച്ഡ് മാര്യേജിലൂടെ മിക്കവാറും ഒരേ ജീന്‍ പൂളിലുള്ള ആളുകള്‍ തമ്മില്‍ വിവാഹം ചെയ്യുന്നത് കൊണ്ട് പരിണാമത്തില്‍ സ്വാഭാവികമായുണ്ടാകുന്ന ജീന്‍ ദിവേര്‍സിഫിക്കേഷന്‍ ഉണ്ടാകുന്നില്ലെന്നും , അത്‌കൊണ്ടാണ് അറേഞ്ച്ഡ് മാര്യേജ് നില നില്‍ക്കുന്ന സമൂഹങ്ങള്‍ ആരോഗ്യപരമായും ബുദ്ധിപരമായും പിന്നോട്ട് പോവുന്നതെന്നും അക്കാലത്തു ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടി കാണിക്കാറുണ്ടായിരുന്നു. ജാതി പോലെ അങ്ങേയറ്റം പ്രതിലോമകരമായ സാമൂഹ്യ വ്യവസ്ഥ നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ഇന്നത്തെ തലമുറക്ക് കൗതുകകരമായി തോന്നുമെങ്കിലും അക്കാലത്തു പത്രങ്ങളില്‍ വൈവാഹിക പരസ്യങ്ങള്‍ എന്നൊരു പ്രത്യേക വിഭാഗം തന്നെ ഉണ്ടായിരുന്നു. അത്തരം പരസ്യങ്ങളില്‍ പ്രധാനമായും ആളുകള്‍ പ്രതിശ്രുത വധു അല്ലെങ്കില്‍ വരന്റെ ജാതിയായിരുന്നു പ്രധാന യോഗ്യതയായി അവതരിപ്പിച്ചിരുന്നത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടു കൂടി വിവര സാങ്കേതിക വിദ്യയിലും ടെലികമ്യൂണിക്കേഷന്‍സിലും വന്ന വിപ്ലവകരമായ പുരോഗതി കാരണം ജനങ്ങള്‍ ലോകത്തിലെ മറ്റു ഭാഗങ്ങളിലെ ജീവിത രീതികള്‍ മനസ്സിലാക്കാന്‍ തുടങ്ങിയപ്പോള്‍ അറേഞ്ച്ഡ് മാര്യേജിന്റെ സാമൂഹ്യ സ്വീകാര്യത കുറഞ്ഞു വന്നു. വിദ്യാഭ്യാസ രീതികളില്‍ വന്ന മാറ്റങ്ങളും സ്ത്രീകള്‍ വളരെ കൂടുതല്‍ സ്വയം പര്യാപ്തത നേടിയതും ഇതിനു ആക്കം കൂട്ടി. ജനങ്ങള്‍ മത പുരോഹിതന്മാരെയും ജാതിപ്രഭുക്കളെയും അനുസരിക്കാതെവന്നതോട് കൂടി അറേഞ്ച്ഡ് മാര്യേജ് എന്ന ദുരാചാരം ഏകദേശം പൂര്‍ണമായി അവസാനിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിച്ചു. പിന്നീട് ഇന്ത്യയുള്‍പ്പടെ പല രാജ്യങ്ങളും അറേഞ്ച്ഡ് മാര്യേജ് നിരോധിച്ചുകൊണ്ടുള്ള സമഗ്രമായ നിയമ നിര്‍മാണങ്ങളും നടത്തി. ഇന്ന് ഈ ദുരാചാരം പൂര്‍ണമായി അവസാനിച്ചു എന്ന് തന്നെ കരുതാം.

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ