കോഴിക്കോട്: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലിലായിരുന്നു മകന്‍ പേരറിവാളന്റെ മോചനത്തിനായുള്ള നിയമപോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത് കേരളത്തില്‍ നിന്നെന്ന് അര്‍പുതമ്മാള്‍.
കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ആറാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘രാജീവ് ഗാന്ധിയും എന്റെ ജീവിതവും’ എന്ന സെഷനിലായിരുന്നു അര്‍പുതമ്മാളിന്റെ പ്രതികരണം.
തന്റെ മകനെ കേരളീയര്‍ക്ക് മുന്നില്‍ കൊണ്ടുവരുമെന്ന് പറഞ്ഞ വാക്ക് താന്‍ പാലിച്ചിരിക്കുന്നുവെന്ന് ലിറ്ററേച്ചര്‍ ഫെസ്റ്റിവര്‍ ഡലിഗേറ്റ്‌സിനെ സാക്ഷിയാക്കി അര്‍പുതമ്മാള്‍ പറഞ്ഞു. കയ്യടികളോടെയാണ് അര്‍പുതമ്മാളിന്റെ ഈ പ്രസ്താവനയെ സദസ് സ്വീകരിച്ചത്.
‘മകനായി ഞാന്‍ നടത്തിയ പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ പിന്തുണ കിട്ടിയത് ഈ
കേരളത്തില്‍ നിന്നാണ്. കേരളത്തിലെ മാധ്യമങ്ങളാണ് ഞാന്‍ പറയുന്നത് പ്രസിദ്ധീകരിക്കാന്‍ തയ്യാറായത്. അതിനിടയില്‍ ഒരുപാട് തവണ കേരളത്തില്‍ ഞാന്‍ വന്നുപോയിട്ടുണ്ട്. അന്ന് എന്റെ മകനെ നിങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുമെന്ന് വാക്കുപറഞ്ഞിരുന്നു. ഞാനത് പാലിച്ചിരിക്കുകയാണ്,’ അര്‍പുതമ്മാള്‍ പറഞ്ഞു.
തന്റെ മകനെപ്പോലെ നിരപരാധികളും ശിക്ഷാ കാലാവധി കഴിഞ്ഞവരുമായി നിരവധി പേര്‍ ഇപ്പോഴും ജയിലിലുണ്ടെന്നും അവര്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ കൂടിയാണ് താന്‍ നടത്തിയതെന്നും അര്‍പുതമ്മാള്‍ പറഞ്ഞു.
താന്‍ മരിച്ചുപോയിരുന്നെങ്കില്‍ അമ്മയുടെ പോരാട്ടം പാഴായിപ്പോകുമായിരുന്നുവെന്ന് പേരറിവാളന്‍ പറഞ്ഞു.
‘ഞങ്ങളുടെ ഇനിയുള്ള പോരാട്ടം നീതി നിഷേധിക്കപ്പെട്ട മനുഷ്യര്‍ക്ക് കൂടി വേണ്ടിയുള്ളതാകും. ഇങ്ങനെയൊരു അമ്മ ഇല്ലായിരുന്നുവെങ്കില്‍ ഞാനിന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ജയിലിലായിരിക്കുമ്പോള്‍ മാക്‌സിം ഗോര്‍ക്കിയുടെ ‘അമ്മ’ എന്ന നോവല്‍ ഞാന്‍ പലവട്ടം വായിച്ചിട്ടുണ്ട്,’ പേരറിവാളന്‍ പറഞ്ഞു.
ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ആദ്യ ദിനമായ ഇന്നലെ വലിയ ജനപങ്കാളിത്തംകൊണ്ട് ഈ സെഷന്‍ ശ്രദ്ധനേടി. മാധ്യമപ്രവര്‍ത്തക അനുശ്രീ മോഡറേറ്ററായിരുന്നു.
കഴിഞ്ഞ വര്‍ഷം മേയിലാണ് രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വിട്ടയക്കാന്‍ സുപ്രീം കോടതി ഉത്തരവിറക്കുന്നത്. 31 വര്‍ഷത്തിന് ശേഷമായിരുന്നു പേരറിവാളന്റെ മോചനം.
ഭരണഘടനയുടെ 142ാം അനുച്ഛേദ പ്രകാരം സുപ്രീം കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
Content Highlight: Arputhammal said that Kerala received the most support in the legal battle for Perariwalan’s release