കോഴിക്കോട്: മലയാളത്തിലുള്ള ഓഡിയോ ആവിഷ്‌കാരങ്ങള്‍ക്കു മാത്രമായുള്ള ആദ്യത്തെ ഓഡിയോ ഓണ്‍ ഡിമാന്‍ഡ് സ്ട്രീമിംഗ് പ്ലാറ്റ്ഫോം’ആര്‍പ്പോയ്’ പ്രവര്‍ത്തനം തുടങ്ങി. ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരാണ് ആര്‍പ്പോയ് പ്രകാശനം ചെയ്തത്.
മൊബൈല്‍ ഫോണിലോ ടാബ്ലെറ്റിലോ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ആപ്ലിക്കേഷന്‍ ആണ് ആര്‍പ്പോയ്. തത്സമയ പ്രക്ഷേപണമുള്ള റേഡിയോ പരിപാടികള്‍ക്ക് പകരം എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനും മറ്റുള്ളവരുമായി പങ്കുവെക്കാനും കഴിയുന്നവയാണ് ആര്‍പ്പോയിലുള്ള പരിപാടികള്‍. മലയാളത്തില്‍ ആദ്യമായി 360 ഡിഗ്രിയില്‍ ത്രീഡി ശബ്ദ മികവോടെയുള്ള പരിപാടികളും ആര്‍പ്പോയില്‍ ഉണ്ടായിരിക്കും.
വിനോദം, വിജ്ഞാനം, സംഗീതം, സാഹിത്യം, നാടകാവിഷ്‌ക്കാരങ്ങള്‍, കല്പിതകഥകള്‍, അനുഭവങ്ങള്‍, കുറ്റാന്വേഷണം, ക്ലാസ്സുകള്‍, ശാസ്ത്രം തുടങ്ങിയ വിവിധ തരം പരിപാടികളാണ് ആര്‍പ്പോയിയില്‍ ഉണ്ടാവുക. ആഴ്ചതോറും പുതിയ പരിപാടികള്‍ ലഭ്യമാകും. ആര്‍പ്പോയ് ആപ്പ് ഗൂഗ്ള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാണ്
അന്നയും റസൂലും, കമ്മട്ടിപ്പാടം, ഞാന്‍ സ്റ്റീവ് ലോപ്പസ്, ഈട, കിസ്മത്, തുറമുഖം തുടങ്ങിയ ചലച്ചിത്രങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്മാരുടെ കൂട്ടായ്മയായ കളക്ടീവ് ഫേസ് വണ്‍ ആണ് ആര്‍പ്പോയിയുടെ പിന്നില്‍.