| Friday, 3rd November 2023, 2:08 pm

അനധികൃതമായ അതിര്‍ത്തി കടക്കല്‍; ഒരു വര്‍ഷത്തിനിടെ യു.എസില്‍ അറസ്റ്റിലായത് 97000 ഇന്ത്യക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: നിയമവിരുദ്ധമായി യു.എസ് അതിര്‍ത്തി കടന്നതിന് പിടികൂടിയ ഇന്ത്യക്കാരുടെ എണ്ണം അഞ്ചിരട്ടി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2022 ഒക്ടോബറിനും 2023 സെപ്റ്റംബറിനും ഇടയില്‍ അനധികൃതമയി യു.എസിലേക്ക് കടക്കുന്നതിനിടെ 96,917 ഇന്ത്യക്കാര്‍ അറസ്റ്റിലായതായി യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ ഡാറ്റയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

2019-2020 കാലഘട്ടത്തില്‍ 19,883 ഇന്ത്യക്കാരെയാണ് പിടികൂടിയത്. 2022 ഒക്ടോബറിനും 2023 സെപ്തംബറിനുമിടയില്‍ കാനഡ അതിര്‍ത്തിയില്‍ 30,010 പേരും മെക്‌സിക്കോ അതിര്‍ത്തിയില്‍ 41,770 പേരും പിടിയിലായി.

ഇതുവരെ മെക്‌സിക്കോ ഗ്വോട്ടിമാല, ഹോണ്ടുറസ്, ഇക്വഡോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ യുഎസില്‍ അഭയം തേടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ പോലുള്ള മറ്റു രാജ്യങ്ങളില്‍ നിന്നും അനധികൃതമായി അതിര്‍ത്തി കടക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

നിയമപരമല്ലാതെ യു.എസില്‍ പ്രവേശിക്കുന്നതിനിടെ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിപക്ഷവും അവിവാഹിതരാണ്. ഈ വര്‍ഷം 84000 അവിവാഹിതരെയാണ് യു.എസ് അതിര്‍ത്തിയില്‍ പിടികൂടിയത്.കൂടാതെ 730 രക്ഷകര്‍ത്താക്കള്‍ കൂടെ ഇല്ലാത്ത കുട്ടികളെയും കസ്റ്റഡിയിലെടുത്തു.

യു.എസില്‍ അനധികൃതമായി എത്തിയതിന് ശേഷമാണ് പല ഇന്ത്യക്കാരും അറസ്റ്റിലാകുന്നത്. അനധികൃതമായി പല ഇന്ത്യക്കാരും കടന്നതാണ് പുതിയ ആളുകളെയും ഇത്തരത്തില്‍ അതിര്‍ത്തി കടക്കാന്‍ സ്വാധീനിക്കുന്നതെന്നാണ് റിപ്പേര്‍ട്ടുകള്‍.

ലോകമെമ്പാടുമുള്ള അനധികൃതമായ കുടിയേറ്റം വര്‍ദ്ധിച്ചതായി യു.എസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ട് മില്യണ്‍ ആളുകളാണ് അനധികൃതമായി അതിര്‍ത്തി കടന്നതിന് യു.എസില്‍ അറസ്റ്റിലായത്. യു.എസ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ്.

‘ഫ്രാന്‍സ്‌പോലുള്ള രാജ്യങ്ങളിലൂടെ ഉള്‍പ്പെടെ നാലോളം വിമാനങ്ങള്‍ കയറി ഇത്തരം ആളുകള്‍ അതിര്‍ത്തിക്കടത്തുള്ള മെക്‌സികോ വിമാനത്താവളത്തിലിറങ്ങുന്നു. അവിടെ നിന്നും കാര്‍ട്ടലുകള്‍ (അനധികൃതമായി അതിര്‍ത്തി കടക്കാന്‍ സഹായിക്കുന്നവര്‍) ബസ് വാടകയ്ക്ക് എടുത്ത് ഇവരെ അതിര്‍ത്തിയില്‍ ഇറക്കി വിടുന്നു,’ സെനറ്റര്‍ ജെയിംസ് ലാന്‍ ഫോര്‍ഡ് പറഞ്ഞു.

വര്‍ഷം ഇതുവരെ ഇന്ത്യയില്‍ നിന്ന് 45000 ആളുകള്‍ തെക്കന്‍ അതിര്‍ത്തി കടന്ന് രാജ്യത്തെത്തിയതായ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlight : Around 97,000 Indians arrested while crossing into US in past one year: Report

We use cookies to give you the best possible experience. Learn more