ന്യൂദല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ദല്‍ഹിയില്‍ മാത്രം 92,000-ലധികം കേസുകള്‍ വനിതാ കമ്മീഷന്റെ ഹെല്‍പ്പ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി വനിത കമ്മീഷന്‍. ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഗാര്‍ഹിക പീഡന കേസുകളിലും അയല്‍ക്കാരുമായുള്ള വഴക്കുകളിലുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ദല്‍ഹി കമ്മീഷന്‍ ഫോര്‍ വിമന്‍സ് ഹെല്‍പ്പ് ലൈന്‍ നമ്പറിനെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ട് വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പുറത്ത് വിട്ടത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കമ്മീഷന്റെ ഹെല്‍പ്പ് ലൈനില്‍ 6.0 ലക്ഷത്തിലധികം പേരാണ് ബന്ധപ്പെട്ടതെന്നും 92,004 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും മലിവാള്‍ പറഞ്ഞു. ദല്‍ഹിക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 11,000 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ട് അനുസരിച്ച് ഹെല്‍പ്പ് ലൈനില്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ 40 ലക്ഷത്തിലധികം ആളുകളും 2022 ജൂലൈ മുതല്‍ ഈ വര്‍ഷം ജൂലൈ വരെ 6,30,288 ആളുകളുമാണ് ബന്ധപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ബലാത്സംഗ പരാതികള്‍ ലഭിച്ചത് ബുരാരിയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹെല്‍പ്പ്ലൈനില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനത്തില്‍ 38,342 കേസുകളും അയല്‍ക്കാരുമായുള്ള സംഘര്‍ഷത്തില്‍ 9,516 കേസുകളും 5,895 ബലാത്സംഗത്തില്‍ 5,895 കേസുകളും ലൈംഗിക പീഡനത്തില്‍ 3,647 കേസുകളും പോക്സോ 4,229 കേസുകളും തട്ടിക്കൊണ്ടുപോകലില്‍ 3,558 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
1,552 ഓളം പരാതികള്‍ കാണാതായവരെക്കുറിച്ചാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മൊത്തം നരേല മേഖലയില്‍ നിന്ന് 2,976, ഭല്‍സ്വ ഡയറിയില്‍ നിന്ന് 1,651, ബുരാരിയില്‍ നിന്ന് 1,523, കല്യാണ്‍പുരിയില്‍ നിന്ന് 1,371, ജഹാംഗീര്‍പുരിയില്‍ നിന്ന് 1,221 പരാതികളുമാണ് കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍ വനിതാ കമ്മീഷന് ലഭിച്ചിട്ടുള്ളത്. ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് ബുരാരി (175), നരേല (167), ഗോവിന്ദ്പുരിയില്‍ നിന്ന് (105), ഉത്തം നഗര്‍ (89), സുല്‍ത്താന്‍പുരി (86) എന്നീ സ്ഥലങ്ങളില്‍ നിന്നാണ്.
പോക്സോ കേസുകള്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് നരേല (141), ഭല്‍സ്വ ഡയറി (91), സമൈപൂര്‍ ബദ്ലി (71), പ്രേം നഗര്‍ (68), നിഹാല്‍ വിഹാര്‍ (66) എന്നീ സ്ഥലങ്ങളില്‍ നിന്നുമാണ്.
ട്രാന്‍സ്ജെന്‍ഡേഴ്‌സില്‍ നിന്ന് 58 പരാതികളും പുരുഷന്മാരില്‍ നിന്ന് 137 പരാതികളും ലഭിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ പരാതി 21 മുതല്‍ 31 വയസ് പ്രായമുള്ള സ്ത്രീകളില്‍ നിന്നാണ് ലഭിച്ചത്. 90 വയസ് പ്രായമുള്ളവരില്‍ നിന്ന് 40 പരാതികള്‍ ലഭിച്ചിട്ടുണ്ട്.
വനിത കമ്മീഷനെ സഹായാവശ്യത്തിനായി വിളിക്കുന്ന ഒരാള്‍ക്ക് ഉടനടി സഹായം നല്‍കാന്‍ സാധിക്കാറുണ്ടെന്ന് കമ്മീഷന്‍ പറയുന്നു.
‘പരാതിക്കാരിക്ക് പൊലീസ് സഹായമോ ആംബുലന്‍സോ ആവശ്യമുണ്ടെങ്കില്‍ പൊലീസ് കണ്‍ട്രോള്‍ റൂമിനെ വിവരം അറിയിക്കുകയും സേവനം ഉറപ്പാക്കുകയും ചെയ്യുന്നു.
ഹെല്‍പ്പ് ലൈന്‍ വഴി ദുരിതമനുഭവിക്കുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും സഹായിക്കാന്‍ കമ്മീഷന്‍ എപ്പോഴും ശ്രമിക്കുന്നുണ്ട്. ഞങ്ങള്‍ ഈ റിപ്പോര്‍ട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയയ്ക്കുകയും തലസ്ഥാനത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ പരിഹരിക്കുന്നതിന് അവരുടെ സഹകരണം തേടുകയും ചെയ്യും,’മലിവാള്‍ പറഞ്ഞു.
content highllights: Around 92,000 violence against women in Delhi in one year: Commission on Women