| Tuesday, 8th November 2022, 10:48 pm

'കടക്ക് പുറത്ത്'; ലോകകപ്പ് സ്‌റ്റേഡിയങ്ങളില്‍ അര്‍ജന്റൈന്‍ ആരാധകര്‍ക്ക് വിലക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തറില്‍ നടക്കുന്ന കാല്‍പന്ത് മാമാങ്കത്തിന് ആര്‍പ്പുവിളിക്കാന്‍ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. ഇതിഹാസ താരം മെസിയുടെ അവസാന ലോകകപ്പെന്ന് കരുതപ്പെടുന്ന ലോകകപ്പ് കാണാനും, പ്രിയ താരത്തിനും ടീമിനും പിന്തുണയേകാന്‍ ഖത്തറിലേക്ക് പറക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് അര്‍ജന്റൈന്‍ ആരാധകരും.

പക്ഷേ ലോകകപ്പിന് അരങ്ങുണരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അക്രമകാരികളായ 6,000 ത്തോളം അര്‍ജന്റൈന്‍സ് ആരാധകര്‍ക്ക് ഖത്തറിലെ സ്റ്റേഡിയങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ബ്യൂണസ് ഐറിസ് ഗവണ്‍മെന്റ്.

മുമ്പ് നടന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടയില്‍ ആക്രമണങ്ങള്‍ നടത്തിയവരെയും പൊതുവെ കുഴപ്പക്കാരായ ആരാധകരെയുമൊക്കെയാണ് ബ്യുണസ് ഐറിസ് ഗവണ്‍മെന്റ് വിലക്കിയിരിക്കുന്നത്. ഇവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല.

‘കുഴപ്പക്കാര്‍ ഇവിടെയുമുണ്ട് ഖത്തറിലുമുണ്ട്. അക്രമകാരികളെ സ്‌റ്റേഡിയത്തിന് പുറത്ത് നിര്‍ത്തി ഫുട്‌ബോളില്‍ സമാധാനം കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യം,’ ബ്യുണസ് ഐറിസിലെ നിയമ, സുരക്ഷാകാര്യ മന്ത്രി മാര്‍സെലോ ഡി അലെസ്സാന്‍ഡ്രോ പറഞ്ഞു.

വിവിധ രാജ്യങ്ങളിലെ പൊലീസ് ഡിപ്പാര്‍ട്‌മെന്റുകള്‍ ഖത്തര്‍ പൊലീസുമായി സഹകരിച്ച് പ്രവര്‍ത്തിച്ചാണ് ഇത്തരത്തില്‍ കുഴപ്പക്കാരായ ആരാധകരെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ നിന്നും ഒഴിവാക്കുന്നത്.

അര്‍ജന്റീന പൊലീസും ഈ നീക്കത്തിന് പിന്തുണയുമായി രംഗത്തുണ്ട്. ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ കുഴപ്പക്കാരായ ആരാധകരെ ഒഴിവാക്കാന്‍ വേണ്ടി ഖത്തറും അര്‍ജന്റീനയും തമ്മില്‍ കഴിഞ്ഞ ജൂണില്‍ കരാറില്‍ എത്തിയിരുന്നു. ഈ കരാറിന്റെ ഭാഗമായാണ് ഇപ്പോഴത്തെ തീരുമാനം.

വിലക്കപ്പെട്ട ആറായിരം ആരാധകരില്‍ മൂവായിരം ആരാധകര്‍ അര്‍ജന്റീനയിലെ ആഭ്യന്തര മത്സരങ്ങളിലും ഗ്യാലറികളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടവരാണ്. ആരാധകക്കൂട്ടങ്ങളുടെ പോരിന് പേരുകേട്ടതാണ് അര്‍ജന്റീന ലീഗ്.

അതേസമയം, അര്‍ജന്റീന മാത്രമല്ല ആരാധകരെ ലോകകപ്പില്‍ നിന്നും വിലക്കുന്ന രാജ്യം. ഓരോ ലോകകപ്പിലും പല രാജ്യങ്ങളും കുഴപ്പക്കാരായ ആരാധകര്‍ക്ക് വിലക്ക് നല്‍കാറുണ്ട്. ഇംഗ്ലണ്ടും നിരവധി ആരാധകരെ ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും നേരത്തെ തടഞ്ഞിരുന്നു. ഇതിന് പുറമെ ചില രാജ്യങ്ങളും ആരാധകര്‍ക്ക് വിലക്കും മുന്നറിയിപ്പുമെല്ലാം നല്‍കിയിട്ടുണ്ട്.

Content Highlight: Around 6,000 Argentine Fans Banned from Stadiums at Qatar World Cup

We use cookies to give you the best possible experience. Learn more