ന്യൂദൽഹി: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ ഡാൽമിയ സിമന്റ് കമ്പനിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് അയ്യായിരത്തോളം ആദിവാസി കുടുംബങ്ങൾ. തങ്ങളുടെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബങ്ങൾ പ്രതിഷേധം നടത്തുന്നത്.
സുന്ദർഗഡിലെ രാജ്ഗംഗ്പൂർ ബ്ലോക്കിലെ കുക്കുഡ, അലന്ദ, കേസരമൽ, ജഗർപൂർ പഞ്ചായത്തുകളും കുത്ര ബ്ലോക്കിലെ കെടാംഗ് പഞ്ചായത്തും ചേർന്നാണ് പ്രതിഷേധം നടത്തുന്നത്.
സമരക്കാരായ ആദിവാസി കുടുംബങ്ങൾ ഒക്‌ടോബർ 18ന് രാമഭാലിൽ നിന്ന് 100 കിലോമീറ്റർ പദയാത്ര ആരംഭിച്ചിരുന്നു. ഒക്ടോബർ 21 ന് ഇവർ കാൽനടയായി കളക്ടറുടെ ഓഫീസിലെത്തുകയും ഓഫീസ് ഉപരോധിക്കുകയും ചെയ്തതായി ദി വയർ റിപ്പോർട്ട് ചെയ്യുന്നു. കളക്ടറെ നേരിൽ കാണണമെന്ന ആവശ്യം സംഘം ഉന്നയിച്ചെങ്കിലും ഇത് അധികാരികൾ നിഷേധിക്കുകയായിരുന്നു. ജൻ സംഗതൻ ഫോറം ഫോർ ഗ്രാമസഭ എന്ന സംഘടനയുടെ കീഴിലാണ് പ്രതിഷേധങ്ങൾ മുന്നോട്ടുപോകുന്നത്.
യാത്രയുടെ ആവശ്യങ്ങളും ഉദ്ദേശവും വിശദമാക്കിക്കൊണ്ട് ഒക്ടോബർ 24ന് സംഘം പ്രസ്താവനയും പുറത്തിറക്കിയിരുന്നു.
പഞ്ചായത്തുകൾക്ക് കീഴിലുള്ള തങ്ങളുടെ 750 ഏക്കർ ഭൂമി “അനധികൃതമായി ഡാൽമിയ സിമന്റ് കമ്പനിക്ക്” എഴുതി നൽകിയിരിക്കുകയാണെന്നാണ് പ്രസ്താവനയിൽ പരാമർശിച്ചിരിക്കുന്നത്.
ഈ ഭൂമി ഇടപാട് നടന്നാൽ 57 വില്ലേജുകളിലെ 60,000 ആദിവാസികൾ കുടിയിറക്കപ്പെടും. ഇവർക്ക് തൊഴിലും നഷ്ടമാകുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.
“ആദിവാസികളായ ഞങ്ങൾക്ക് ഭൂമി ഒരു ഉപജീവനമാർഗം മാത്രമല്ല; അത് നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗം പോലെയാണ്. ഭൂമി നമ്മുടെ ജീവിതം, സ്വത്വം, സംസ്കാരം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു,” ഗ്രാമസഭാ പ്രസിഡൻറ് ബിബോൾ ടോപെ പറയുന്നു.
2017ലാണ് ജൻ സംഗതൻ ഫോറം ഫോർ ഗ്രാമസഭ എന്ന സംഘടന ആരംഭിച്ചത്. സംഘടനയുടെ പ്രസിഡന്റാണ് ബിബോൾ ടോപെ.
“ഡാൽമിയ കമ്പനിക്ക് അര ഇഞ്ച് ഭൂമി പോലും നൽകില്ല. അങ്ങനെ ഒരവസ്ഥ വന്നാൽ ഞങ്ങൾ ജീവനൊടുക്കും,” ടോപെ പറയുന്നു.
ഡാൽമിയയുടെ കരിങ്കൽ ഘനന കമ്പനി വിപുലീകരിക്കുന്നതിന് വേണ്ടിയാണ് കമ്പനി കൂടുതൽ സ്ഥലം ആവശ്യപ്പെട്ടത്. ഇതിന് വേണ്ടി 2150 ഏക്കർ ഭൂമിയാണ് അധികാരികൾ അധികമായി എഴുതിനൽകിയത്.
Content Highlight: Around 5,000 tribal families intensified their strike against Dalmia Cement