| Thursday, 20th June 2024, 5:27 pm

ഇന്ത്യയിൽ നിന്നും കുടിയേറാനൊരുങ്ങി 4300 കോടീശ്വരന്മാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇന്ത്യയിൽ നിന്നും കോടീശ്വരന്മാർ കുടിയേറുന്നെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര നിക്ഷേപ കുടിയേറ്റ ഉപദേശക സ്ഥാപനമായ ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിൻ്റെ റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ.

ഈ വർഷം ഇന്ത്യയിൽ നിന്ന് 4,300 കോടീശ്വരന്മാർ കുടിയേറുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ യു.എ.ഇ പോലുള്ള രാജ്യങ്ങളിലേക്ക് താമസം മാറാൻ തയ്യാറെടുക്കുന്നതായും റിപ്പോർട്ട് പറയുന്നു.

സുരക്ഷ, സാമ്പത്തിക പരിഗണനകൾ, നികുതി ആനുകൂല്യങ്ങൾ, റിട്ടയർമെൻ്റ് സാധ്യതകൾ, ബിസിനസ് അവസരങ്ങൾ, അനുകൂലമായ ജീവിതശൈലി, കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവസരങ്ങൾ, ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവയാണ് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട് .

ഇന്ത്യയിൽ നിന്ന് 5,100 കോടീശ്വരന്മാർ വിദേശത്തേക്ക് കുടിയേറിയതായി കഴിഞ്ഞ വർഷം ഇതേ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ ഇന്ത്യയാണെങ്കിലും, കോടീശ്വരൻമാരുടെ കുടിയേറ്റത്തിൻ്റെ കാര്യത്തിൽ ചൈനയ്ക്കും യു.കെയ്ക്കും ശേഷം ആഗോളതലത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭൂരിപക്ഷം ആളുകളും യു.എ.ഇ യിലേക്ക് കുടിയേറുമെന്നാണ് റിപ്പോർട്ട് പറയുന്നത്. സീറോ ഇൻകം ടാക്സ് പോളിസി, ആഡംബര ജീവിത ശൈലി തുടങ്ങി നിരവധി കാരണങ്ങളാണ് ആളുകളെ അവിടെക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

യു.എ.ഇ യുടെ മെച്ചപ്പെട്ട വെൽത്ത് ഇക്കണോമിക് മാനേജ്മന്റ് സിസ്റ്റം ആളുകളെ കൂടുതൽ അങ്ങോട്ടേക്ക് അടുപ്പിക്കുന്നു. സമ്പന്നർക്ക് അവരുടെ സ്വത്ത് സംരക്ഷിക്കുന്നതിനും സാമ്പത്തിക നില കൂടുതൽ ഉയർത്തുന്നതിനും ഈ സിസ്റ്റം അവരെ പ്രാപ്തരാക്കുന്നുവെന്നാണ് ഗവേഷകർ പറയുന്നത്.

ഓരോ വർഷവും ആയിരകണക്കിന് കോടീശ്വരന്മാർ ഇന്ത്യക്ക് നഷ്ടപെടുന്നുണ്ടെങ്കിലും, സാമ്പത്തിക മേഖലയിൽ 85 ശതമാനത്തോളം വളർച്ച കഴിഞ്ഞ ദശകത്തിൽ ഇന്ത്യ കൈവരിച്ചതിനാൽ, ഈ വിഷയത്തിൽ അധികം ആശങ്ക പെടാനില്ലെന്നും ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിൻ്റെ റിപ്പോർട്ട് പറഞ്ഞു.

Content Highlight: Around 4,300 Indian millionaires expected to migrate this year, many will move to UAE: Report

We use cookies to give you the best possible experience. Learn more