ശ്രീനഗര്‍: കോടികളുടെ ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിക്കേസില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജമ്മു ആന്‍ഡ് കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ചെയര്‍മാനായിരുന്ന കാലത്ത് 43 കോടി ദുര്‍വിനിയോഗം ചെയ്‌തെന്ന കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാങ്ക് രേഖകളുടെ അടിസ്ഥാനത്തില്‍ ശ്രീനഗറില്‍ വെച്ചാണ് ഫാറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്യുന്നത്. കള്ളപ്പണ നിരോധന നിയമത്തിന് കീഴിലാണ് മൊഴി രേഖപ്പെടുത്തിയത്.
ഇതേ കേസുമായി ബന്ധപ്പെട്ട് 2019ലും ഫാറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്തിട്ടുണ്ട്. 2018 ജനുവരിയില്‍ സി.ബി.ഐയും ചോദ്യംചെയ്തിരുന്നു.
ഫാറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്യുന്ന നടപടിയില്‍ പ്രതിഷേധിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് രംഗത്തെത്തി. ജമ്മു കശ്മീരിലെ മുഖ്യധാരാ പാര്‍ട്ടികളെ ഒരുമിച്ച് ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിന്റെ തെളിവാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലെന്നും നാഷണല്‍ കോണ്‍ഫറന്‍സ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
‘ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെയും ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെയും എതിര്‍ക്കുന്ന ഒരാള്‍ക്ക് നല്‍കുന്ന വിലയാണിത്. വിവിധ കേന്ദ്ര ഏജന്‍സികള്‍ മുഖേന ബി.ജെ.പിയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്ന രീതി കുറച്ച് കാലമായി തുടര്‍ന്ന് വരുന്നുണ്ട്. ഫാറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ച നടപടിയും അതിന് ഉദാഹരണമാണ്,’ പ്രസ്താവനയില്‍ പറയുന്നു.
വിഷയത്തില്‍ പ്രതികരിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും അദ്ദേഹത്തിന്റ മകനുമായ ഒമര്‍ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു.
ഗുപ്കര്‍ പ്രഖ്യാപനത്തിലൂടെ പീപ്പിള്‍സ് അലയന്‍സ് രൂപീകരിച്ചതിന് പിന്നാലെയുണ്ടായ ചോദ്യം ചെയ്യല്‍ രാഷ്ട്രീയ വൈരാഗ്യത്തിന് ഉദാഹരണമാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Farooq Abdulla questioned by Enforcement Directorate in Sreenagar