പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് വെയിൽസ് താരവും യുവന്റസ് ക്ലബ്ബിലെ റൊണാൾഡോയുടെ സഹതാരവും കൂടിയായിരുന്ന ആരോൺ റാംസി.
റാംസിയും റൊണാൾഡോയും ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിൽ ഒരുമിച്ചു കളിച്ചിരുന്ന സമയങ്ങളിൽ റൊണാൾഡോക്കൊപ്പമുള്ള അനുഭവമാണ് റാംസി പങ്കുവെച്ചത്.
റൊണാൾഡോയെ പുറമെ നിന്ന് കാണുന്നവർക്ക് അവൻ ഒരു വലിയ താരമായിരിക്കുമെന്നും എന്നാൽ യഥാർത്ഥത്തിൽ റോണോ ഒരു ‘തമാശക്കാരൻ’ ആണെന്നുമാണ് റാംസി പറഞ്ഞത്.
‘അവൻ മറ്റു വ്യക്തികളെപ്പോലെ വിരസമായി തോന്നുമെങ്കിലും അവൻ ഒരു തമാശക്കാരൻ ആണ്. അവൻ എപ്പോഴും ചിരിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ അവൻ കളിക്കളത്തിലേക്ക് വരുമ്പോൾ മുഴുവൻ ശ്രദ്ധ അതിലായിരിക്കും,’ റാംസി ഫോർ ഫോർ ടുവിനോട് പറഞ്ഞു.
‘റൊണാൾഡോയിൽ നിന്നും എനിക്ക് നിരവധി പാഠങ്ങൾ പഠിക്കാൻ സാധിച്ചു. കുറച്ച് ആളുകൾക്ക് മാത്രമേ ഇത്തരത്തിൽ അവസരം ലഭിക്കൂ. മത്സരത്തിലേക്ക് വരുമ്പോൾ ഏറ്റവും മികച്ച ഒരാളാണവൻ. റൊണാൾഡോയുമായി അടുത്ത് ഇടപഴകാനും അവന്റെ കളി രീതികൾ മനസ്സിലാക്കാനും സാധിച്ചത് ഒരു കൗതുകമായി ഞാൻ കരുതുന്നു. എല്ലാദിവസവും അവൻ തന്റെ കഴിവുകളെ മെച്ചപ്പെടുത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കും,’ റാംസി കൂട്ടിചേർത്തു.
റയൽ മാഡ്രിഡിൽ നിന്നും 2021ലാണ് റൊണാൾഡോ യുവന്റസിൽ എത്തുന്നത്. യുവന്റസിൽ മൂന്ന് സീസണിൽ കളിച്ച താരം 101 ഗോളുകൾ നേടിയിട്ടുണ്ട്. പിന്നീട് മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കും അവിടെ നിന്നും സൗദിയിലേക്കും താരം ചേക്കേറുകയായിരുന്നു.
Content Highlight; Aron ramzi shares the experiance while playing Cristaino Ronaldo.