|

അദ്ദേഹമില്ലായിരുന്നെങ്കില്‍ സച്ചിന് ലോകകപ്പില്ലാതെ വിരമിക്കേണ്ടിവന്നേനെ; പ്രസ്താവനയുമായി ആരോണ്‍ ജോണ്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യ സൂപ്പര്‍ 8ല്‍ എത്തിയിരിക്കുകയാണ്. നിലവില്‍ ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ മൂന്ന് വിജയവുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. +1.137 എന്ന് നെറ്റ് റണ്‍ റേറ്റ് ആണ് ഇന്ത്യയ്ക്കുള്ളത്.

കാനഡക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഏഴ് പോയിന്റാണ് ഇന്ത്യയ്ക്ക് ഉള്ളത്. ഇന്ത്യയുടെ അടുത്ത മത്സരം അഫ്ഗാനിസ്ഥാനോടാണ്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസിലാണ് മത്സരം നടക്കുന്നത്. യു.എസ്.എയ്‌ക്കെതിരായ മത്സരത്തില്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാമതായി എത്തിയത്. രണ്ടാം സ്ഥാനത്ത് നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു തോല്‍വിയുമായി അഞ്ച് പേയിന്റ് അമേരിക്കയ്ക്കും ഉണ്ട്.

അമേരിക്കയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച ആരോണ്‍ ജോണ്‍സ് എന്ന ബാറ്റര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ എം.എസ്. ധോണിയെയും സച്ചിന്‍ തെണ്ടുല്‍ക്കറെയും കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സുമായുള്ള അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

‘ഇന്ത്യയ്ക്ക് ഒരുപാട് മികച്ച ക്രിക്കറ്റ് താരങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ എം.എസ്. ധോണിയാണ് ഏറ്റവും മികച്ചത്. തീര്‍ച്ചയായും സച്ചിന്‍ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ്, പക്ഷേ നിര്‍ഭാഗ്യവശാല്‍, ധോണി ഇല്ലായിരുന്നെങ്കില്‍ ഇല്ലായിരുന്നുവെങ്കില്‍, ഒരുപക്ഷേ, ഒരു ലോകകപ്പ് നേടാതെ തന്നെ സച്ചിന്‍ വിരമിച്ചിരിക്കുമെന്ന് ഞാന്‍ കരുതുന്നു,’ ആരോണ്‍ ജോണ്‍സണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ജൂണ്‍ 14ന് അയര്‍ലാന്‍ഡിനെതിരെയുള്ള അമേരിക്കയുടെ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടം അവസാനിച്ചതോടെ സൂപ്പര്‍ 8 പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കയെയാണ് അമേരിക്ക അടുത്തതായി നേരിടുന്നത്. നാളെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റ്ഡിയത്തിലാണ് മത്സരം.

Content Highlight: Aron Jones Talking About Sachin Tendulkar And M.S. Dhoni