| Sunday, 2nd June 2024, 11:05 am

ആദ്യ കളിയിൽ തന്നെ ഇടിമിന്നലായി! അടിച്ചുകയറിയത് സാക്ഷാൽ ഗെയ്‌ലിന്റെ ആരുംതൊടാത്ത റെക്കോഡിനൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ യു.എസ്.എക്ക് ആവേശകരമായ ജയം. കാനഡയെ ഏഴ് വിക്കറ്റുകള്‍ക്കാണ് അമേരിക്ക തകര്‍ത്തു വിട്ടത്. ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അമേരിക്ക 17.4 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

അമേരിക്കക്കായി 40 പന്തില്‍ പുറത്താവാതെ 94 റണ്‍സ് നേടി ആരോണ്‍ ജോണ്‍സ് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 235 സ്ട്രൈക്ക് റേറ്റില്‍ നാല് ഫോറുകളും പത്ത് കൂറ്റന്‍ സിക്സുകളുമാണ് ജോണ്‍സ് അടിച്ചെടുത്തത്.

ഈ വെടിക്കെട്ട് ഇന്നിങ്‌സിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ആരോണ്‍ ജോണ്‍സ് സ്വന്തമാക്കിയത്. ടി-20 ലോകകപ്പില്‍ ഒരു മത്സരത്തില്‍ പത്ത് സിക്‌സുകള്‍ നേടുന്ന മൂന്നാമത്തെ താരമായി മാറാനാണ് ജോണ്‍സിന് സാധിച്ചത്.

ഇതിനുമുമ്പ് രണ്ടുതവണ ഈ നേട്ടത്തില്‍ എത്തിയത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസതാരം ക്രിസ് ഗെയ്ല്‍ ആണ്. 2016 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 11 സിക്‌സുകളാണ് ഗെയ്ല്‍ നേടിയത്. ആ മത്സരത്തില്‍ പുറത്താവാതെ 100 റണ്‍സ് നേടി കൊണ്ടായിരുന്നു ഗെയ്ലിന്റെ തകര്‍പ്പന്‍ പ്രകടനം.

2007ല്‍ സൗത്ത് ആഫ്രിക്കെതിരെ 117 റണ്‍സ് നേടിയപ്പോഴും ഗെയ്ല്‍ പത്ത് സിക്‌സുകള്‍ അടിച്ചിട്ടുണ്ട്.ഗ്രാന്‍ഡ് പ്രേരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേടിയ യു.എസ്.എ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

അന്‍ഡ്രീസ് ഗ്രൗസ് 46 പന്തില്‍ 65 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.ഏഴ് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരം നേടിയത്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത കാനഡക്കായി നവനീത് ദലിവാള്‍ 44 പന്തില്‍ 61 റണ്‍സും നിക്കോളാസ് കിര്‍ട്ടന്‍ 31 പന്തില്‍ 51 റണ്‍സും 16 പന്തില്‍ പുറത്താവാതെ 32 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

Content Highlight: Aron Jones Reached Chris Gayle Record in T20 World Cup

We use cookies to give you the best possible experience. Learn more