ഐ.സി.സി ഏകദിന ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ പരാജയപ്പെട്ടിരുന്നു. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റുകൾക്കായിരുന്നു ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചത്.
തോൽവിക്ക് പിന്നാലെ ഓസ്ട്രേലിയൻ ടീമിന്റെ പ്രകടനത്തെ വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്. ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് ആക്രമണോത്സുകത കുറവായിരുന്നുവെന്നും സ്പിന്നർമാർക്കെതിരെ ഓസ്ട്രേലിയൻ ബാറ്റർമാർ കളിക്കുന്ന രീതി മാറ്റണമെന്നുമാണ് ഫിഞ്ച് പറഞ്ഞത്.
‘മത്സരത്തിൽ ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് ആക്രമണോത്സുകത അൽപ്പം കുറവായിരുന്നു. അവർക്ക് മത്സരത്തിൽ ഇന്ത്യയുടെ മേൽ സമ്മർദം ചെലുത്താൻ പോലും കഴിഞ്ഞില്ല. ഇത് അവരെ നിരാശരാക്കുമെന്ന് ഞാൻ കരുതുന്നു. അൽപ്പം കൂടി മുന്നോട്ട് നീങ്ങാനും മത്സരത്തിലെ അപകടസാധ്യതകൾ മനസിലാക്കാനും ടീമിന് മാനസികമായി ഒരു മാറ്റം ആവശ്യമാണ്. ഇന്ത്യ തുടക്കത്തിൽ തന്നെ രണ്ടിന് മൂന്ന് എന്ന നിലയിലായപ്പോൾ ഓസ്ട്രേലിയക്ക് കാര്യങ്ങൾ എളുപ്പമാണെന്ന് തോന്നി. ആ സമയങ്ങളിൽ ഗ്രൗണ്ടിലെ അന്തരീക്ഷം അതിശയിപ്പിക്കുന്നതായിരുന്നു. എന്നാൽ വിരാട് കോഹ്‌ലി 12 റൺസിൽ നിൽക്കുമ്പോൾ ഓസ്ട്രേലിയ ക്യാച്ച് നഷ്ടപ്പെടുത്തി. അവർക്ക് കോഹ്‌ലിയുടെ വിക്കറ്റ് ലഭിച്ചിരുന്നുവെങ്കിൽ കളിയുടെ ഗതി തന്നെ മാറിയേനെ,’ മത്സരശേഷം ഫിഞ്ച് പറഞ്ഞു.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ 49.3 ഓവറിൽ 199 റൺസിന് പുറത്താവുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകളും, കുൽദീപ് യാദവും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.
ഡേവിഡ് വാർണർ 41(52), സ്റ്റീവ് സ്മിത്ത് 46(71)എന്നിവർ മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ ടീമിനെ ഓസ്ട്രേലിയൻ ബൗളർമാർ തുടക്കത്തിൽ തന്നെ ഞെട്ടിച്ചു. നായകൻ രോഹിത് ശർമയെയും ഇഷൻ കിഷനെയും ശ്രേയസ് അയ്യറിനെയും പൂജ്യത്തിൽ മടക്കികൊണ്ട് ഓസ്ട്രേലിയ ഇന്ത്യയെ സമ്മർദത്തിലാക്കി.
എന്നാൽ കെ.എൽ രാഹുലും വിരാട് കോഹ്‌ലിയും ചേർന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ട് വരികയായിരുന്നു. കോഹ്‌ലി 116 പന്തിൽ 85 റൺസും, കെ.എൽ രാഹുൽ 115 പന്തിൽ 97 റൺസും നേടികൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ഇന്ത്യ 41.1 ഓവറിൽ ആറ് വിക്കറ്റുകൾ ബാക്കി നിൽക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു.
Content Highlight: Aron Finch criticize Australian team performance in worldcup.