ഒരു വറുതിക്കാലത്തെയാണ് ആ ബസ്‌ഡ്രൈവറുടെ മകന്‍ ഏഷ്യന്‍ ഗെയിംസില്‍ ഓടിത്തോല്‍പ്പിച്ചത്
Daily News
ഒരു വറുതിക്കാലത്തെയാണ് ആ ബസ്‌ഡ്രൈവറുടെ മകന്‍ ഏഷ്യന്‍ ഗെയിംസില്‍ ഓടിത്തോല്‍പ്പിച്ചത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th October 2014, 7:32 pm

‘എനിക്കിനിയും വര്‍ഷങ്ങള്‍ ബാക്കിയുണ്ട്. എന്റെ പാത നിശ്ചയിക്കാനും ഞാന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണ് എന്ന് ലോകത്തോട് വിളിച്ചുപറയാനും ഞാന്‍ ആഗ്രഹിക്കുന്നു.’rajeev-1


സ്‌പോര്‍ട്‌സ് : കെ. കീര്‍ത്തിവാസന്‍


[]പോരാട്ടങ്ങള്‍ നിറഞ്ഞതായിരുന്നു ആരോക്യ രാജീവിന്റെ ജീവിതം. പക്ഷെ ആ 23 കാരന് അതെല്ലാം അതിജീവിക്കാന്‍ കഴിഞ്ഞു. മെലിഞ്ഞ ആ 18 വയസ്സുകാരന്‍ രാജ്യത്തെ മികച്ച ഓട്ടക്കാരനായി മാറിയത് 2010ല്‍ മദ്രാസിലെ വെല്ലിംഗ്ടന്‍ ആര്‍മിയില്‍ ചേര്‍ന്നതോടെയായിരുന്നു. ജീവിത പ്രാരാബ്ദങ്ങളോടുള്ള പോരാട്ടമായിരുന്നു എസ്. ആരോക്യ രാജീവ് എന്ന ചെറുപ്പക്കാരന്റെത്.

ഒരു സ്‌കൂള്‍ ബസ്‌ഡ്രൈവറുടെ മൂത്ത മകനാണ് രാജീവ്. നിത്യ ചെലവ് കഴിക്കാന്‍ ബുദ്ധിമുട്ടുന്ന കുടുംബത്തിനു വേണ്ടി തന്റെ പഠനം നിര്‍ത്തേണ്ടി വന്നു രാജീവിന്. തൊട്ട് താഴെ ഒരു അനുജത്തിയും അനുജനും.

മദ്രാസിലെ എം.ആര്‍.സി വെല്ലിംഗ്ടണില്‍ പട്ടാളക്കാരനായി ചേര്‍ന്നത് രാജീവിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി മാറി. സ്‌കൂളില്‍ പഠിക്കുന്നകാലത്ത് ഒരു ലോംഗ് ജമ്പര്‍ ആയിരുന്ന രാജീവ് 400 മീറ്റര്‍ ഓട്ടത്തിലേക്ക് വഴിമാറിയത് എം.ആര്‍.സി വെല്ലിംഗ്ടണിലെ തന്റെ കോച്ചും മാര്‍ഗ്ഗദര്‍ശ്ശിയുമായ രാംകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ്

രണ്ടു വര്‍ഷത്തിനു ശേഷം നടന്ന ഇന്റര്‍ ആര്‍മി മീറ്റ്, അത്‌ലറ്റിക് ഏരിയ ചാമ്പ്യന്‍ഷിപ്, സൗത്തേണ്‍ കമാന്റ് ചാമ്പ്യന്‍ഷിപ് എന്നിവിടങ്ങളിലെ 400 മീറ്ററിലെ മെഡല്‍ നേട്ടങ്ങളിലൂടെ ഒരു അത്‌ലറ്റിക് എന്ന നിലയില്‍ തന്റെ മികവ് തെളിയിക്കാന്‍ രാജീവിനായി.

“രാജീവിന്റെ കഴിവുകള്‍ ഏറെ മികച്ചതാണ്, ലോങ് ജമ്പില്‍ 6.6 മീറ്റര്‍ വരെ പ്രകടനം കാഴ്ചവെക്കാറുണ്ടായിരുന്ന രാജീവില്‍ എനിക്കേറെ ഇഷ്ടമായത് അവന്റെ ഊര്‍ജ്ജസ്വലതയും വിജയിക്കാനുള്ള തീവ്രമായ ആഗ്രഹവുമാണ്. അങ്ങനുള്ളവര്‍ ഇന്ന് വിരളമാണ്. 400 മീറ്റര്‍ ഓട്ടത്തില്‍ ലോംഗ് rajeev-3ജമ്പിനേക്കാളും കൂടുതല്‍ മികവ് തെളിയിക്കാന്‍ അവനാകുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു.” പരിശിലകന്‍ രാംകുമാര്‍ പറയുന്നു.

ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിന് മൂന്ന് മാസം മുമ്പ് പാട്യാലയിലെ പരിശീലനത്തിനിടെ രാജീവിന് ഇടത് കാല്‍തുടയില്‍ പരിക്ക് പറ്റിയത് ഒരു തിരിച്ചടിയായിരുന്നു. രാജീവിനെ ഗെയിംസിന് പരിഗണിക്കണോ എന്നുവരെ അന്നു സംശയിച്ചു. പക്ഷെ ഉള്‍പെടുത്തണെമെന്ന ഇന്ത്യന്‍ ടീം കോച്ച് മുഹമ്മദ് കുഞ്ഞിയുടെ നിര്‍ബന്ധമാണ് സഹായിച്ചത്. “അതിനദ്ദേഹത്തോട് ഏറെ കടപ്പെട്ടിരിക്കുന്നു” രാജീവ് പറയുന്നു.

പുരുഷന്‍മാരുടെ 400 മീറ്റര്‍ ഓട്ടത്തിനായി അഞ്ചാമത്തെ ട്രാക്കില്‍ തയ്യാറെടുക്കുകയായിരുന്ന രാജീവ് ആകെ അസ്വസ്ഥനായിരുന്നു. തുടക്കേറ്റ പരിക്കും കുടുംബത്തിന്റെ അവസ്ഥയും അവരോടുള്ള ഉത്തരവാദിത്വവും തന്റെ പ്രയത്‌നങ്ങളുമെല്ലാം ആയിരുന്നു ആ നിമിഷം അവന്റെ മനസില്‍. ചൈനയുടെയും തായ്‌ലന്‍ഡിന്റെയും അത്‌ലറ്റുകള്‍ക്കൊപ്പം തന്റെ വ്യക്തിഗത നേട്ടമായ 45.92 സെക്കന്റിലൂടെ വെങ്കല മെഡല്‍ നേട്ടത്തിലേക്കോടിയെത്താന്‍ രാജീവിന് അവന്റെ മുഴുവന്‍ പ്രയത്‌നവും പ്രയോഗിക്കേണ്ടി വന്നു.

ഏറെ സന്തോഷത്തോടെയാണ് 2012 ലെ ചെന്നൈ നാഷണല്‍ ഓപ്പണ്‍ മീറ്റിനെ രാജീവ് ഓര്‍മ്മിക്കുന്നത്. ദേശീയതലത്തിലെ തന്റെ ആദ്യത്തെ സ്വര്‍ണ്ണ മെഡല്‍ അവിടെ നിന്നായിരുന്നു. അതുപോലെ നെഹ്‌റു സ്റ്റേഡിയത്തോട് ഒരു പ്രത്യേക സ്‌നേഹമുണ്ട് രാജീവിന്.

“ഞാന്‍ ഒരുപാട് സ്റ്റേഡിയങ്ങള്‍ കണ്ടിട്ടുണ്ട് എന്നാല്‍ ചെന്നൈയിലെയും പൂനെയിലെയും സ്റ്റേഡിയത്തിലാണ് രാജ്യത്തെ ഏറ്റവും മികച്ച ട്രാക്കുകള്‍ ഉള്ളത്. നെഹ്‌റു സ്റ്റേഡിയം നിങ്ങളുടെ മികവ് പുറത്തെടുക്കാനുതകുന്നതാണ്”; രാജീവ് പറയുന്നു. അടുത്ത വര്‍ഷം തായ്‌ലന്‍ഡിലെയും ശ്രീലങ്കയിലെയും ഏഷ്യന്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടി.

ലാല്‍ഗുഡിയിലെ (തിരുച്ചി) വഴുതയ്യൂര്‍ എന്ന ചെറുഗ്രാമത്തിലെ 23 കാരന് എംആര്‍സിയിലെ തന്റെ ചില സഹപ്രവര്‍ത്തകര്‍ക്കൊപ്പം മറിന ബീച്ചില്‍ വെച്ച് ലഭിച്ച രണ്ടു മാസത്തെ പരിശീലനം ജീവിതത്തെ മാറ്റിമറിച്ച നിമിഷങ്ങളിലൊന്നാണെന്ന് രാജീവ് ഓര്‍മ്മിക്കുന്നു. ” ഞാന്‍ ഒരുപാട് കഷ്ടപ്പെട്ട ബീച്ച് ട്രെയിനിംഗിനു ശേഷം എന്റെ സഹനശക്തി ഏറെ മെച്ചപ്പെട്ടു” രാജീവ് പറയുന്നു.

രാജീവിന് ഇപ്പോള്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി സ്ഥാനക്കയറ്റം ലഭച്ചിട്ടുണ്ട്. സ്വന്തം ഗ്രാമത്തില്‍ കുടുംബത്തോടും കൂട്ടുകരോടുമൊപ്പം ചിലവഴിക്കുന്ന രാജീവ് വരുന്ന ചൈനയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപിനും ഏഷ്യന്‍ ട്രാക്ക് ആന്റ ഫീല്‍ഡ് ചാമ്പ്യന്‍ഷിപിനായും തയ്യാറെടുക്കാനുള്ള ദൃതിയിലാണ്.

“എനിക്കിനിയും വര്‍ഷങ്ങള്‍ ബാക്കിയുണ്ട്. എന്റെ പാത നിശ്ചയിക്കാനും ഞാന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണ് എന്ന് ലോകത്തോട് വിളിച്ചുപറയാനും ഞാന്‍ ആഗ്രഹിക്കുന്നു.”രാജീവ് പറയുന്നു.