മദീന: മുഹമ്മദ് നബിയെ നിന്ദിച്ച സിനിമയിലൂടെ കുപ്രസിദ്ധനാവുകയും പിന്നീട് ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്ത ഡച്ച് രാഷ്ട്രീയ നേതാവ് അര്‍നൗഡ് വാന്‍ ഡൂണ്‍ മദീന പള്ളിയില്‍ ഇന്നലെ സന്ദര്‍ശനം നടത്തി.[]
നബി നിന്ദാ സിനിമ നിര്‍മ്മിച്ചതില്‍ ഖേദിക്കുന്നതായും, അതിയായി പശ്ചാതപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഡച്ച് വലത് പക്ഷ പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടിയുടെ നോതാവായിരുന്നു ഡൂണ്‍.
ഫിത്‌ന എന്ന പേരില്‍ പാര്‍ട്ടി സിനിമ നിര്‍മ്മിച്ചപ്പോള്‍ അദ്ദേഹം അതില്‍ സഹകരിക്കുകയായിരുന്നു. സിനിമക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം അരങ്ങേറിയപ്പോള്‍ ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍ ഡൂണ്‍ തയ്യാറാവുകയായിരുന്നു.
ഇത് അദ്ദേഹത്തിന്റെ കാഴ്ച്ചപാടുകളെ അപ്പാടെ മാറ്റി മറിച്ചു. ഒടുവില്‍ കഴിഞ്ഞ മാസം അദ്ദേഹം ഇസ്‌ലാം മതം സ്വീകരിക്കുകയായിരുന്നു. ഇനിയുള്ള തന്റെ ജീവിതം നബി കീര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കുമെന്നും, ഇസ്‌ലാമിന്റെ യഥാര്‍ത്ഥ പ്രചാരകനായി താന്‍ മാറുമെന്നും ഡൂണ്‍ പറഞ്ഞു.
ഇസ്‌ലാം സ്വീകരിക്കാനുളള തീരുമാനം ട്വിറ്ററിലൂടെയാണ് ഡൂണ്‍ പുറം ലോകത്തെ അറിയിച്ചത്. എന്നാല്‍ അതിനെ പരിഹസിച്ചു കൊണ്ട് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളും അണികളും രംഗത്തു വന്നതിനെ തുടര്‍ന്ന് അദ്ദേഹം നേരിട്ട് വാര്‍ത്ത പ്രഖ്യാപിക്കുകയായിരുന്നു.
നിരന്തരമായ പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് താന്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ തയ്യാറായതെന്നും, അതില്‍ ആരുടേയും പ്രേരണയോ, സമ്മര്‍ദ്ദമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.