| Thursday, 18th January 2024, 2:14 pm

അര്‍നോള്‍ഡ് ഷ്വാസ്നെഗറിനെ ജര്‍മന്‍ വിമാനത്താവളത്തില്‍ തടഞ്ഞ് കസ്റ്റംസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെര്‍ലിന്‍: മുന്‍ ഹോളിവുഡ് താരവും കാലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാസ്നെഗറിനെ ജര്‍മ്മന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു.

സ്വദേശമായ ഓസ്ട്രിയയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. നികുതി അടക്കാതെ ആഡംബര വാച്ച് കൈവശം വെച്ചതിനാണ് അദ്ദേഹത്തെ തടഞ്ഞുവെച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന് പിഴ ചുമത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

മ്യൂണിച്ച് വിമാനത്താവളത്തില്‍ അദ്ദേഹത്തെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. പിഴയടച്ചതിന് ശേഷം മാത്രമാണ് അദ്ദേഹത്തെ ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര തുടരാന്‍ അനുവദിച്ചത്, അര്‍നോള്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള ഷ്വാസ്നെഗറിന്റെ വിമാനം ബുധനാഴ്ച ഉച്ചയ്ക്ക് ജര്‍മ്മനിയില്‍ ലാന്‍ഡ് ചെയ്തതിന് ശേഷമായിരുന്നു സംഭവം.

പരിശോധനക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ തടയുകയായിരുന്നു. ലഗേജ് പരിശോധനക്കിടെയാണ് കസ്റ്റമൈസ്ഡ് ആയ ഔഡെമാര്‍സ് പിഗ്വെ വാച്ച് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

നികുതി വെട്ടിപ്പ് കണ്ടെത്തിയെന്നും അതുകൊണ്ടാണ് കേസെടുത്തതെന്നും കസ്റ്റംസ് വക്താവ് തോമസ് മെയ്സ്റ്റര്‍ ജര്‍മ്മനിയിലെ ബില്‍ഡ് പത്രത്തോട് പറഞ്ഞു. ഇറക്കുമതി ചെയ്ത പ്രൊഡക്ട് ആയതിനാല്‍ തന്നെ അത് രജിസ്റ്റര്‍ ചെയ്യണമെന്നും ടാക്‌സ് അടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാച്ച് ലേലത്തിന് കൊണ്ടുവന്നതാണെന്നും ഇക്കാര്യം വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും 76 കാരനുംമുന്‍ ബോഡി ബില്‍ഡറും സിനിമാ താരവുമായ അര്‍നോള്‍ഡ് മാധ്യമങ്ങളോട് പറഞ്ഞു.

ഷ്വാസ്നെഗറിന് വേണ്ടി പ്രത്യേകം നിര്‍മ്മിച്ച ഈ വാച്ചിന് 20,000 യൂറോ (ഏതാണ്ട് 21,800 യു.എസ് ഡോളര്‍) വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ക്രെഡിറ്റ് കാര്‍ഡ് മെഷീന്‍ പ്രവര്‍ത്തിക്കാത്തതിനാലും എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കാവുന്നതിനേക്കാള്‍ പണം ആവശ്യമായതിനാലും നികുതിയും പിഴയും അടക്കാന്‍ സമയമെടുത്തെന്നും അതുകൊണ്ടാണ് അത്രയും മണിക്കൂറുകള്‍ വിമാനത്താളവത്തില്‍ ചിലവഴിക്കേണ്ടി വന്നതന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

മ്യൂണിക്കില്‍ എത്തി ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം ഓസ്ട്രിയയിലേക്കുള്ള യാത്ര അദ്ദേഹം തുടര്‍ന്നു. 2011-ല്‍ കാലിഫോര്‍ണിയയുടെ ഗവര്‍ണറായി രണ്ടാമത്തൈ ടേം പൂര്‍ത്തിയാക്കി വ്യക്തിയാണ് ഷ്വാസ്‌നെഗര്‍.

കഴിഞ്ഞ ജൂണില്‍ സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നും വിദേശത്ത് ജനിച്ചയാളാണെന്ന കാരണം കൊണ്ട് തന്നെ അയോഗ്യനാക്കിയില്ലെങ്കില്‍ 2024-ല്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Arnold Schwarzenegger detained at German airport

We use cookies to give you the best possible experience. Learn more