ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബ്രെന്റ്‌ഫോര്‍ട്ടിനെ പരാജയപ്പെടുത്തി ലിവര്‍പൂള്‍ ഈ സീസണിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. ബ്രെന്റ്‌ഫോര്‍ട്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂള്‍ തകര്‍ത്തുവിട്ടത്.
ഇ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ ഇപ്‌സ്വിച്ച് ടൗണിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു റെഡ്‌സ് തങ്ങളുടെ സീസണ്‍ തുടങ്ങിയത്.
We return to Anfield with a win ✊🔴 #LIVBRE pic.twitter.com/8cghaUxJSl
— Liverpool FC (@LFC) August 25, 2024
ഈ രണ്ട് വിജയത്തോടെ ഒരു ചരിത്രനേട്ടമാണ് ലിവര്‍പൂള്‍ പരിശീലകന്‍ അര്‍നെ സ്ലോട്ട് സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണ്‍ തുടക്കത്തിലെ ആദ്യ രണ്ടു മത്സരങ്ങളും തുടര്‍ച്ചയായി വിജയിക്കുന്ന ആദ്യ ലിവര്‍പൂള്‍ മാനേജര്‍ എന്ന നേട്ടമാണ് അര്‍നെ സ്ലോട്ട് സ്വന്തമാക്കിയത്.
ഇതിഹാസ പരിശീലകന്‍ യര്‍ഗന്‍ ക്‌ളോപ്പിന് പകരക്കാരനായി ഈ സീസണിലാണ് അര്‍നെ സ്ലോട്ട് ലിവര്‍പൂളിന്റെ കോച്ചിങ് സ്ഥാനം ഏറ്റെടുക്കുന്നത്. പരിശീലന നിലയില്‍ ആദ്യ രണ്ടു മത്സരങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഈ അവിസ്മരണീയമായ നേട്ടം സ്ലോട്ട് സ്വന്തമാക്കിയത് മുന്നോട്ടുള്ള മത്സരങ്ങളില്‍ വലിയ ആത്മവിശ്വാസമാണ് ടീമിനും ആരാധകര്‍ക്കും നല്‍കുക.
Starting off at Anfield with a win 🙌 pic.twitter.com/Cof3S5XCOT
— Liverpool FC (@LFC) August 25, 2024
അതേസമയം ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ 13ാം മിനിട്ടില്‍ ലൂയിസ് ഡയസിലൂടെയാണ് ലിവര്‍പൂള്‍ ആദ്യം ലീഡ് നേടിയത്. രണ്ടാം പകുതിയില്‍ 70ാം മിനിട്ടില്‍ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലായിലൂടെ ലിവര്‍പൂള്‍ രണ്ടാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും ആതിഥേയര്‍ സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്നും രണ്ട് ജയവുമായി ആറ് പോയിന്റോടെ നാലാം സ്ഥാനത്താണ് ലിവര്‍പൂള്‍. സെപ്റ്റംബര്‍ ഒന്നിനാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ അടുത്ത മത്സരത്തിനിറങ്ങുന്നത്. കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് സ്ലോട്ടും കൂട്ടരും നേരിടുക. റെഡ് ഡെവിള്‍സിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡാണ് വേദി.
Content Highlight: Arne Slot Create A Historical Achievement in Liverpool